വറുത്ത മീൻ സൃഷ്‌ടിച്ച ഫെമിനിസ്റ്റിനു വേണ്ടി കണ്ണീർ പൊഴിക്കുന്നവർ

1

ഒരു ഫെമിനിസ്റ്റിനെ സൃഷ്ടിക്കുന്നതിൽ വറുത്ത മീനിന്റെ നിർണ്ണായകമായ പങ്ക് ഉദ്‌ഘോഷിക്കുന്ന റിമ കല്ലിങ്കലിന്റെ പ്രസ്താവന നാം കേട്ടു. ഇടതുപക്ഷത്തെ വിഗ്രഹാരാധന നടത്തിക്കൊണ്ടു രാഷ്ട്രീയപരമായി മാത്രം സാമൂഹികമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന റിമയുടെ ആ വാക്കുകളെ സാമൂഹിക മാധ്യമത്തിൽ ട്രോളുകളിലൂടെ ആളുകൾ പരിഹസിക്കുന്നതും കണ്ടു. റീമയെ ന്യായീകരിക്കുന്നവരെയും കാണാൻ കഴിഞ്ഞു. പെട്ടന്ന് മനസ്സിലൂടെ മറ്റൊരു വീട്ടമ്മയുടെ നിസ്സഹായമായ മുഖം കടന്നു പോയി.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പത്നി ശ്രീമതി ഷീല കണ്ണന്താനം.

ഭർത്താവിനോട് തോളോട് തോൾ ചേർന്ന് അദ്ദേഹം ചെയ്യുന്ന എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കാളിയായ ഒരു പാവം നാട്ടിൻപുറത്തുകാരി വീട്ടമ്മയുടെ നിഷ്കളങ്കമായ സംസാരത്തെ, അവരറിയാതെ റെക്കോർഡ് ചെയ്ത വീഡിയോ ഉപയോഗിച്ച് കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കളിയാക്കിക്കൊണ്ടിരിക്കുകയാണ് പ്രബുദ്ധകേരളത്തിലെ ഇടതുപക്ഷരാധകർ. ആ ഒരു സംഭവത്തിനു ശേഷം വല്ലാത്ത ഒരു ജാള്യതയോടെയാണ് ഭർത്താവിനൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നതെന്നു ഷീല ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഭർത്താവു കേന്ദ്രമന്ത്രി ആവുക എന്നത് ഏതൊരു ഭാര്യക്കും അഭിമാനമുഹൂർത്തമാണ്. എന്നാൽ ആ ഒരു സന്തോഷം ആസ്വദിക്കാൻ കഴിയാത്തവണ്ണം അവരെ ട്രോളുകളിലൂടെയും, എന്തിനു ചാനൽ കോമഡി പ്രോഗ്രാമുകളിലൂടെയും വരെ അപഹാസ്യയാക്കിയില്ലേ. അതിനെതിരെ പരാതികൊടുക്കുമോ എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ പ്രാർത്ഥനയിലൂടെ എനിക്ക് ആശ്വാസം കിട്ടും എന്നാണ് അവർ മറുപടി പറഞ്ഞത്.

rima kallingal on ted
TEDx Talk ൽ ചെറുപ്പത്തിൽ വറുത്ത മീൻ കിട്ടാത്തത് തന്നെ ഫെമിനിസ്റ്റ് ആക്കിയ കഥ പറയുന്ന റിമ

ഭർത്താവ് അൽഫോൻസ് കണ്ണന്താനം ബിജെപിക്കാരനായതുകൊണ്ടു മാത്രമാണ് അവർക്കു ഇങ്ങനെയൊരു ശിക്ഷ ബിജെപി വിരോധികൾ വിധിച്ചത്. ഷീലയെ പരിഹസിക്കുന്നവർ അറിയേണ്ട മറ്റൊരു ത്യാഗോജ്വലമായ ഒരു ഏടുണ്ട് അവരുടെ ജീവിതത്തിൽ.

സാമൂഹിക പ്രവർത്തക കൂടിയായ ഷീല ഡെൽഹിൽ ജനശക്തി എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. 1994 ൽ ഡൽഹിയിൽ പ്ളേഗ് പടർന്നു പിടിച്ച സമയത്ത് ഷീല ഉൾപ്പെടുന്ന ഈ സംഘടന നടത്തിയ രക്ഷാപ്രവർത്തനങ്ങൾ സ്തുത്യർഹമായിരുന്നു. ഡൽഹി ഡെവലെപ്മെന്റ് അതോറിറ്റി (Delhi Development Authority ) യുടെ കമ്മീഷണറായി ശ്രീ കണ്ണന്താനം പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്ത് ആ സ്ഥലത്തെ എം എൽ എ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ സധൈര്യം പൊളിച്ചു മാറ്റി, അൽഫോൻസും സംഘവും. ഇവിടെയെല്ലാം ഷീലയുടെയും പൂർണപിന്തുണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ സർവ്വേ പ്രകാരം ഡൽഹിയിലെ 90% ജനതയും ഈ പ്രവർത്തിയിൽ അദ്ദേഹത്തോടൊപ്പം നിന്നു. ഇതിൽ കലിപൂണ്ട ക്ഷുദ്രശക്തികൾ കണ്ണന്താനത്തിനെയും കുടുംബത്തിനെയും തിരിച്ചടിക്കാൻ തക്കം പാർത്തിരുന്നു. ഒരവസരത്തിൽ അവർ തിരിച്ചടിച്ചു. വടിയും വാളുമായി അവർ ആ കുടുംബത്തിൽ സംഹാരതാണ്ഡവമാടി. ഷീലയെ വെട്ടി പരിക്കേൽപ്പിച്ചു. പത്തും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള മക്കളെ ഒരു ദയാദാക്ഷിണ്യവും കാണിക്കാതെ ആ നരാധമന്മാർ ആക്രമിച്ചു. വെട്ടേറ്റു രക്തത്തിൽ കുളിച്ചുകിടന്ന ഷീല മരിച്ചുവെന്ന് കരുതി ആയുധധാരികൾ തിരിച്ചുപോയി. അപ്രതീക്ഷിതമായി ആ വഴി കടന്നുവന്ന ഒരു പോലീസ് വാഹനം തക്ക സമയത്തു ഷീലയെയും മക്കളെയും ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രമാണ് തനിക്കു തന്റെ കുടുംബത്തെ തിരിച്ചുകിട്ടിയതെന്നു കണ്ണന്താനം ഗദ്ഗദത്തോടെ എത്രയോ അഭിമുഖങ്ങളിൽ പറഞ്ഞിരിക്കുന്നു. ഷീലയുടെ തലയിൽ 32 തുന്നൽ ഉണ്ടായിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കോമഡി ഷോയിൽ കൂളിംഗ് ഗ്ലാസ് വച്ച് “റിലാക്‌സേഷനുണ്ട് ” എന്ന് പറയുന്ന സുഖിമാന്മാരായ നിസ്സാരന്മാരും നിസ്സാരകളും അറിയുന്നുണ്ടോ ഈ ത്യാഗങ്ങളുടെ കഥ. അറിയണം ..ഓർമ്മിക്കണം..അല്പമെങ്കിലും മനുഷ്യത്വം ഉണ്ടെന്നു അവകാശപ്പെടുന്നുവെങ്കിൽ ..

sheela kannanthanam in delhi
നരേന്ദ്ര മോദിയോടൊപ്പം അൽഫോൻസ് കണ്ണന്താനവും ഷീല കണ്ണന്താനവും

ഇടതുപക്ഷ ഭക്തന്മാർ റിമ പറഞ്ഞത് യുക്തി ആണെന്നും ഷീല കണ്ണന്താനം പരിഹസിക്കപ്പെടേണ്ട വ്യക്തി ആണെന്നും വാദിക്കുന്നത് കണ്ടു. അനാവശ്യ അവസരങ്ങളിൽ രാഷ്ട്രീയപ്രേരിതമായി മാത്രം വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ അഭിപ്രായം വിളിച്ചു പറയുന്ന റിമയെ നാം പൊതുവേദികളിൽ കണ്ടു. ശ്രീമതി ഷീല കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടിയായിരുന്നില്ല മറിച്ചു സാമൂഹികനന്മക്കു വേണ്ടി മാത്രമുള്ളതായിരുന്നു.

ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിനെ കുറിച്ച് ഒരു ചർച്ച സമൂഹത്തിൽ ഉടലെടുത്തപ്പോൾ ‘ആര്‍ത്തവത്തെ ഭയക്കുന്ന ദൈവം ആനപ്പിണ്ടത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത് ‘ എന്ന് പരിഹാസരൂപേണ പ്രതീകരിച്ചു കൊണ്ട് ക്ഷേത്ര സംസ്കാരത്തെ തള്ളി പറഞ്ഞ റിമ പരിഹസിക്കപ്പെടേണ്ട വ്യക്തി ആണെന്നും സ്വന്തം ജീവന് തന്നെ ഭീഷണി ആയേക്കാം എന്ന് വ്യക്തമായി അറിയാമായിരുന്നുവെങ്കിലും ഭയം ലവലേശമില്ലാതെ ഭർത്താവിനൊപ്പം സാമൂഹിക കാര്യങ്ങളിൽ പ്രവൃത്തിക്കുന്ന ഷീല കണ്ണന്താനം പൂജിക്കപ്പെടേണ്ട വ്യക്തിയാണ് എന്നും മനസ്സിലാക്കാൻ സാധാരണക്കാരന്റെ സാമാന്യബുദ്ധി മാത്രം മതിയാവും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here