കലാമണ്ഡലം ഗീതാനന്ദൻ എന്ന അതുല്യ പ്രതിഭയെ അനുസ്മരിക്കുമ്പോൾ..

0

നടന വൈഭവത്തിന്റെ അസാധാരണത്വം കൊണ്ട് ഏത് രാജ്യത്തും ഏത് വേദിയിലും കലാമണ്ഡലം ഗീതാനന്ദന്‍ വിസ്മയം തീര്‍ത്തിരുന്നു.. തുള്ളല്‍ പ്രസ്താനത്തെ ജനകീയമാക്കി എണ്ണമറ്റ ശിഷ്യഗണങ്ങളെ തീര്‍ത്ത കലാമണ്ഡലം ഗീതാനന്ദന്‍ കേരളത്തിന്റെ ഹാസ്യസാമ്രാട്ടായ കുഞ്ചന്‍നമ്പ്യാര്‍ മലയാളത്തിന് സമ്മാനിച്ച മഹത്തായ ഈ കലയ്ക് ഇപ്പോഴും നിറഞ്ഞ സദസ്സ് കൂടെയുണ്ടെന്ന് തെളിയിച്ചു. പതിമൂന്നാം വയസില്‍ തന്നെ സംസ്ഥാന സ്കൂള്‍ മേളയിലെത്താന്‍ തുടങ്ങിയ ഗീതാനന്ദന്‍ ശിഷ്യരും ശിഷ്യരുടെ ശിഷ്യരുമായി ഓട്ടം തുള്ളലിന്റെ പെരുന്തച്ചനായിട്ടാണ് കണക്കാക്കുന്നത്.

അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്തനായ തുള്ളൽ കലാകാരൻ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തി. കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ വിഭാഗത്തിന്റെ അധ്യക്ഷനും പ്രൊഫസറുമായ ഗീതാനന്ദന്‍ തുള്ളല്‍ കലയിലെ അംഗീകൃത രൂപമായ കലാമണ്ഡലം ശൈലിയുടെ ഉപജ്‌ഞാതാവ്‌ കൂടിയാവാന്‍ കഴിഞ്ഞുവെന്നത്‌ ഓര്‍ക്കുമ്പോള്‍ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലാണ്‌ ഈ അന്‍പത്തിമൂന്നുകാരന്‍ ജീവിച്ച്‌ പോവുന്നതെന്ന്‌ പറയാം.

അച്ഛനും ഗുരുവുമായ പാലക്കാട് പട്ടാമ്പിയില്‍ തിരുമിറ്റക്കോട് മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയിൽ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവൻ നമ്പീശൻ, മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചു. പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്കു ചേർന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തുള്ളൽ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ലെന്ന് തന്നെ പറയാം!

തുള്ളലിനൊപ്പം സിനിമയിലും സജീവമായിരുന്നു ഗീതാനന്ദന്‍. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. തൂവൽ കൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തുള്ളലിലെ ഒന്നാം നിരക്കാരന്‍ സിനിമയിലെ പ്രാധാന്യം കുറഞ്ഞവേഷങ്ങളില്‍ എന്തിന് രണ്ടാം നിരക്കാരനായി അഭിനയിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനും ഗീതാനന്ദന്‍ മാഷിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. നമ്മള്‍ എന്ത് കല അവതരിപ്പിക്കുന്നു എന്നല്ല. എന്ത് അവതരിപ്പിച്ചാലും നന്നായി അവതരിപ്പിക്കുന്നുണ്ടോ എന്നതു മാത്രമാണ് പ്രധാനം. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളൽ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചതാണ്.

കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം തുള്ളല്‍ കലാനിധി പട്ടവും വീരശൃംഖല പട്ടവും നേടിയ ഗീതാനന്ദനെ തേടി സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കുഞ്ചന്‍ അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. ശോഭ ഗീതാനന്ദനാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി , സനൽ കുമാറും, ശ്രീലക്ഷ്മിയുമാണ്‌ മക്കള്‍ . പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, ജ്യേഷ്ഠൻ കലാമണ്ഡലം വാസുദേവൻ പ്രശസ്തനായ മൃദംഗ വിദ്വാൻ. പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കുമ്പോഴും തുള്ളല്‍ കല വേണ്ട രീതിയില്‍ അംഗീകരിക്കപ്പെടുന്നില്ല എന്നതില്‍ ദുഖിതനായിരുന്ന ഗീതാനന്ദന്‍ കഴിഞ്ഞ ഞായറാഴ്ച ഇരിങ്ങാലക്കുടയ്ക്കടുത്തെ അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ തുള്ളൽ അവതരിപ്പിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു അന്തരിച്ചു.

ആട്ടമാടിക്കൊണ്ടിരിക്കെ ദേവലോകം പൂകുകയെന്നാണ് തന്റെ അഭിലാഷമെന്നു അദ്ദേഹം പറയാറുണ്ടായിരുന്നു. അതുപോലെ തന്നെ മഹാദേവന്റെ സന്നിധിയിൽ വച്ച് അദ്ദേഹം ദേവലോകം പൂകി! ആ നടനകലയിലെ അതുല്യ പ്രതിഭയ്ക്ക് പത്രികയുടെ ആദരാഞ്ജലികൾ.

LEAVE A REPLY

Please enter your comment!
Please enter your name here