കോവിഡ് രോഗം ഉണ്ടോ എന്ന് അറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്‍.
സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന തൊടുന്യായം പറഞ്ഞാണ് രോഗികളെ പിഴിയുന്നത് തുടരുന്നത്.
ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഇതര സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ നാലിരിട്ടിയിലേറെ തുക സ്വകാര്യ ലാബുകള്‍ കേരളത്തില്‍ ഈടാക്കുന്നു എന്ന പരാതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ നിലവിലെ 1700 രൂപയില്‍ നിന്ന് 599 രൂപയാക്കി നിരക്ക് നിശ്ചയിച്ചത്.
എന്നാല്‍, വെള്ളിയാഴ്ച രാവിലെ ലാബുകളിലെത്തിയ രോഗികളായവരില്‍ നിന്നും പതിവു പോലെ 1700 രൂപയാണ് പല ലാബുകളും ഈടാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഇക്കാര്യം പലരും വിളിച്ചുപറഞ്ഞത്. സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടും ഉത്തരവ് തങ്ങള്‍ നേരിട്ട് ലഭിച്ചില്ലെന്ന് പറയുന്നത് തികച്ചും ധിക്കാരപരം മാത്രമാണ്.
ആര്‍ടിപിസിആര്‍ ടെസ്റ്റിന് തുക വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന്റെ നിരക്ക് ഉയര്‍ത്തുമായിരുന്നവരാണ് സര്‍ക്കാരിന്റെ നിരക്ക് കുറച്ച ഉത്തരവിനെ വകവെയ്ക്കാതെ ഇത്തരത്തില്‍ നിഷേധാത്മകതയും കൊള്ളലാഭക്കൊതിയും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നത്.
ഇതിനു പിന്നില്‍ സര്‍ക്കാരുമായുള്ള രഹസ്യധാരണ ഉണ്ടെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ടെസ്റ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ആത്മാര്‍ത്ഥതയും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.
സോഷ്യല്‍ മീഡിയ ക്യാംപെയിനെ തുടര്‍ന്ന് നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിശ്ചയദാര്‍ഢ്യമില്ലെന്നും സ്വകാര്യലാബുകളുടെ കൊള്ളതടയാന്‍ ശ്രമിക്കാതെ ഇതിന് സഹായകരമായ അയഞ്ഞ നിലപാട് സ്വീകരിക്കുകയാണെന്നും പരാതി ഉയരുകയാണ്.
സ്വകാര്യ ലാബുകളുടെ കൊള്ളയ്‌ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധമാണ് സൈബറിടങ്ങളില്‍ ഉയരുന്നത്.