“ചോരത്തിളപ്പുള്ള പ്രായത്തിൽ ഞാനും ഇടത് പക്ഷമായി”, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിയുമായി നടന്ന ട്വിറ്റർ അഭിമുഖം

0

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിയുമായി ഇൻകോശി നടത്തിയ ട്വിറ്റർ അഭിമുഖത്തിന്റെ പൂർണ്ണ രൂപം

ചോദ്യം : മറ്റു പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക്. പിന്നീട് BJP സംസ്ഥാന വൈസ് പ്രസിഡന്റ്. എങ്ങനെയായിരുന്നു യാത്ര?

അബ്ദുള്ള കുട്ടി : ചോദ്യം വളരെ പൊളൈറ്റ് ആയിട്ടാണെങ്കിലും സോഷ്യൽ മീഡിയയിൽ കാല് മാറ്റക്കാരനും പാർട്ടി ചാടിക്കളിക്കുന്നയാൾ എന്നുമൊക്കെയുള്ള ട്രോളും ആക്ഷേപങ്ങളും ഞാനും കണ്ടിട്ടുള്ളത് കൊണ്ട് തന്നെ ഏത് രീതിയിലാണ് ഈ ചോദ്യം എന്നത് കൃത്യമായി മനസ്സിലാകും
ഉത്തരം കുറച്ച് നീളുമെങ്കിലും പറയേണ്ടത് ആവശ്യമാണ്.രാഷ്ട്രീയക്കാരന്റെ പതിവ് പല്ലവികൾ ആയിട്ട് കാണരുത് എന്നഭ്യർത്ഥിക്കുന്നു, കാരണം ഇതെന്റെ ജീവിതമാണ്.
കുട്ടിക്കാലത്ത് എങ്ങനെയോ സേവനം കർമമാണ് ധർമമാണ് എന്ന് മനസ്സിൽ പതിഞ്ഞിട്ടുണ്ട്. അതിന് പറ്റിയ പ്ലാറ്റ് ഫോം പൊളിറ്റിക്സ് ആണെന്ന് മനസ്സിലായത് കൊണ്ട് തന്നെയാണ് ഇതിലേക്ക് വന്നതും.ചോരത്തിളപ്പുള്ള പ്രായത്തിൽ ഞാനും ഇടത് പക്ഷമായി. പക്ഷെ പിന്നെ പിന്നെ മനസ്സിലായി ഏറ്റവും പിന്തിരിപ്പൻ നയങ്ങളും കൊലപാതകവും ചേർന്നൊരു പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും അതിൽ കയറുന്നത് മാഫിയ സംഘത്തിൽ കയറുന്ന പോലെയാണെന്നും. കാരണം പോരാൻ നോക്കിയാലും എതിർത്തു പറഞ്ഞാലും ഫലം മരണമാണ്.അന്ന് കേന്ദ്ര ഭരണം കോൺഗ്രസ്സിന്റെ കയ്യിലാണ്. പിന്നെ CBI യെ കമ്യൂണിസ്റ്റുകാർക്ക് പേടിയുമാണ്. അന്നെനിക്ക് പോലീസ് പ്രൊട്ടക്ഷൻ കിട്ടി. ഇപ്പോഴുമതുണ്ട്.
അതൊക്കെ കൊണ്ട് തന്നെയാണ് എന്നെ കമ്യൂണിസ്റ്റ് പാർട്ടി കൊല്ലാതെ വിട്ടത്.കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് ഞാൻ മോദിജിയുടെ വികസനത്തെ പുകഴ്ത്തി എന്ന കാര്യത്തിനാണ്. അപ്പോൾ നിങ്ങൾ തന്നെ പറയൂ എവിടെയാണ് ഞാൻ എന്റെ അഭിപ്രായവും കാഴ്ചപ്പാടും മാറ്റിയത്?
അന്നുമിന്നും എന്റെ കാഴ്ചപ്പാട് ഒന്നാണ്. പക്ഷെ കമ്യൂണിസ്റ്റുകാരുടെയും കോൺഗ്രസ്സുകാരുടെയും കാഴ്ചപ്പാടുകൾ മാറി.ഇനി പാർട്ടി മാറിയ പ്രമുഖരുടെ കണക്കെടുത്താൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇ.എം.എസ് ഉം കെ. ആർ ഗൗരിയമ്മയുമൊക്കെയാണ്.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്ന് കൊൺഗ്രസ്സിലേക്കും അവിടെ നിന്ന് സിപിഐ ലേക്കും സി പി എമ്മിലേക്കും വന്ന ഇ.എം.എസ് നെ നിങ്ങൾ എന്ത് വിളിക്കും?

ചോദ്യം :മുസ്ലീം വിരുദ്ധർ എന്ന് എല്ലാവരും മുദ്ര കുത്തിയ സംഘപരിവാർ സംഘടനകളുടെ ഒരുപാട് ഇടപെടലുകൾ ബിജെപിയിൽ ഉണ്ട്. അങ്ങനെയൊരു പാർട്ടിയിൽ ചേരാൻ സാറിന് പ്രചോദനം നൽകിയത് എന്താണ്?

അബ്ദുള്ള കുട്ടി : ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ ഉമ്മ ചോദിച്ചത് ഡാ മോനെ ഇനി നമ്മുടെ മയ്യത്ത് ഒക്കെ കത്തിക്കേണ്ടി വരുമോടാ എന്ന്.
ആരാ ഉമ്മാ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അടുത്തൊക്കെ തന്നെയുള്ള കമ്യൂണിസ്റ്റ് കൊൺഗ്രസ്സുകാരാണ്. ഇങ്ങനെയാണ് അവരുടെ രാഷ്ട്രീയം. ഇതിൽ മതത്തിന്റെ പേരിൽ ഭയപ്പാടുകൾ ഉണ്ടാക്കുന്നത് ആരാണെന്ന് നിങ്ങൾ തന്നെ ആലോചിക്കൂ.
ഞാൻ ഉമ്മയോട് പറഞ്ഞു,ഉമ്മാ അതൊക്കെ രാഷ്ട്രീയ തലത്തിൽ ലാഭമുണ്ടാക്കാൻ പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ്.
ഓരോ ദൈവങ്ങളുടെ പേരിൽ ഓരോരുത്തർ സംഘടനയുണ്ടാക്കും. ബിജെപിയുമായോ RSS മായോ ഒരു ബന്ധവുമുണ്ടാവില്ല .പക്ഷെ ഇവിടെയുള്ള വിദ്വാന്മാർ അതും ബിജെപിയുടെ തലയിൽ തന്നെ കെട്ടി വെക്കും കൂടെ അവരുണ്ടാക്കുന്ന പ്രശ്നങ്ങളും.
അതിന് ചിലപ്പോൾ ഫണ്ടിങ്ങ് തന്നെ ലെഫ്റ്റിസ്റ്റ്‌ തീവ്ര വാദ സംഘടനകൾ നല്കുന്നുമുണ്ടാകാം.
ഹിന്ദു മഹാസഭ, ബജ്‌രംഗ് ദൾ ,ഹനുമാൻ സേനയെന്നോ ഒക്കെ പല പല പേരിലാണ് ഇവയൊക്കെ. പക്ഷെ ഹിന്ദു ദൈവത്തിന്റെ പേരാണോ എന്നാൽ അത് ബിജെപി എന്ന നിലയ്ക്കുള്ള വിവരമേ ഇവിടെയുള്ള കൂടുതൽ മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ പ്രബുദ്ധത ഉണ്ടെന്ന് വിചാരിക്കുന്ന കുറേയധികം പേർക്കുമുള്ളൂ എന്നതാണ് വിഷമമുണ്ടാക്കുന്ന വസ്തുത.

ചോദ്യം : ഏറ്റവും കത്തി നിൽക്കുന്ന ഒരു വിഷയമാണ് ഗുരുവായൂർ. ഇതിന് മുമ്പും ഇതുപോലെ പണം ദുരുപയോഗം ചെയ്തതിനു കോടതിയിൽ ഒരു കേസ് ഉണ്ട്. എന്നിട്ടും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 5 കോടി കൊടുത്തതിനേ എങ്ങനെ കാണുന്നു?

ക്ഷേത്രത്തിന്റെ ആവശ്യത്തിനുള്ള തുക ക്ഷേത്ര ആവശ്യത്തിനായി മാത്രമേ എടുക്കാവൂ എന്ന് വിധിയുണ്ട്.
മറ്റ് മതസ്ഥരുടെ എടുക്കുന്നില്ലല്ലോ എന്നൊക്കെയുള്ള ചർച്ചകളും നടക്കുന്നു.
ഒരു മതേതര സമൂഹത്തിൽ അങ്ങനെയൊരു ചർച്ച പോലും വന്നത് ഈ ഒരു കാര്യം കാരണമാണ്. മാത്രമല്ല ഗുരുവായൂർ അമ്പലത്തെ കേന്ദ്രീകരിച്ച് നില നിൽക്കുന്ന നിരവധി ആൾക്കാരും ഉപക്ഷേത്രങ്ങളുമുണ്ട്.
അത് കൊണ്ട് തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ചെയ്തത് ശരിയല്ല എന്ന് തന്നെയാണ് എന്റെ നിലപാട്. ഈ ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ക്ഷേത്രങ്ങളെയും ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരേയും കൂടിയാണ്. അങ്ങനെയൊരു അവസ്ഥയിൽ കാശ് എടുക്കണം എന്നായിരുന്നേൽ എകെജി സെന്ററിൽ നിന്ന് നാട്ടുകാരുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ച കോടികൾ എടുത്ത് കൊടുക്കണമായിരുന്നു എന്നാണ് പറയാനുള്ളത്.

ചോദ്യം : തീവ്രവാദികളെ ശിക്ഷിക്കണം എന്നതിൽ തർക്കമില്ല. പക്ഷേ പലപ്പോഴും “പൂക്കളെയും പുഴകളെയും” ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു എന്ന രീതിയിലാണ് തീവ്രവാദികളെ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. അതിനെ എങ്ങനെ കാണുന്നു?

രസകരമായ കാര്യം കേരളത്തിൽ കണ്ണും പൂട്ടി മാവോയിസ്റ്റുകാരെ കൊന്നിട്ടാണ് ഇടതു പക്ഷമടക്കമുള്ള സ്വയം അവരോധിത മനുഷ്യാവകാശ സ്നേഹികൾ ബോർഡറിൽ ഇന്ത്യൻ പട്ടാളക്കാരെയും ജനങ്ങളെയും കൊല്ലുന്ന തീവ്രവാദികൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് എന്നതാണ്.ഇവിടെ തീവ്രവാദം നടത്തിയാൽ മാവോയിസ്റ്റുകളും കശ്മീരിൽ തീവ്രവാദം നടത്തുന്നവർ കണക്ക് മാഷിന്റെ മക്കളും മരു മക്കളും പൂക്കളെയും പുഴകളെയും പ്രണയിച്ചവരുമായി മാറുന്നതിന്റെ രഹസ്യം അങ്ങനെ പറയുന്നവരോട് തന്നെ ചോദിക്കേണ്ടി വരും.
അത് ഏതായാലും മനുഷ്യ സഹജമല്ല എന്നേ പറയാനുള്ളൂ.

ചോദ്യം : കേരളത്തിലെ എല്ലാ മാധ്യമങ്ങളും ബിജെപിക്ക് എതിരെയാണ്. ഓരോ വാർത്തകളും സംസ്ഥാന സർക്കാരിന് അനുകൂലമായി വളച്ചൊടിച്ചാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെതിരെ ബിജെപി കേരളത്തിന്റെ മീഡിയ സ്ട്രാറ്റജി എന്താണ്?

വളരെ മോശമായ രീതിയിലാണ്‌ ഇവിടെ ബിജെപി വിരോധവും മോദി വിരോധവും കേന്ദ്ര സർക്കാർ വിരോധവും നുരഞ്ഞ് പൊങ്ങുന്നത്‌.മാധ്യമങ്ങളുടെ തലപ്പത്തും മറ്റ് മേഖലയിലും പഴയ SFI യിലും മറ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുളവരാണ് എന്നതാണ് അതിന്റെ കാരണമായി എനിക്ക് തോന്നുന്നത്.പക്ഷെ ഇവരുടെ കടുത്ത എതിർപ്പ് ഉണ്ടായിട്ട് പോലും ബിജെപി കേരളത്തിൽ വളരുകയാണ്. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടിൽ സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ വാചകം ഇതാണ്. ‘കേരളത്തിലെ ബിജെപിയുടെ വോട്ട് വർദ്ധന ഭയാനകമാണ്’
അത് കൊണ്ട് ഇവരൊക്കെ എത്ര മുക്രയിട്ടാലും ബിജെപി വളരും.കമ്യൂണിസ്റ്റും കോൺഗ്രസ്സും മാത്രം ഉണ്ടായിരുന്ന പാനൽ ചർച്ചകളിൽ ഇപ്പോൾ ബിജെപി ഇല്ലാതെ ചർച്ചയില്ല എന്ന അവസ്ഥ ആയിട്ടുണ്ട്. നമ്മുടെ വളരെ മിടുക്കരായ വക്താക്കൾ ഉരുളയ്ക്ക് ഉപ്പേരി പോലെ അവിടെ മറുപടി നല്കുന്നുമുണ്ട്.
പിന്നെ സോഷ്യൽ മീഡിയ ഉളളത് കൊണ്ട് മീഡിയ കള്ളങ്ങൾ തകർക്കുകയും ചെയ്യും.

ചോദ്യം : കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും അവസാനമാണ് ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ച് പ്രവർത്തനം തുടങ്ങിയത്. ഇനി വരുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നേരത്തെ തിരഞ്ഞെടുത്ത് പ്രവർത്തനം തുടങ്ങിക്കൂടെ?

കേരളത്തിൽ പത്ത് പതിനഞ്ചോളം പഞ്ചായത്തുകളിൽ ബിജെപി ജയിക്കുകയും എന്നാൽ ബിജെപി വിരുദ്ധ മുന്നണി പ്രസിഡന്റ് സ്ഥാനം അട്ടി മറിക്കുകയാണ് ചെയ്തത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തീർച്ചയായും പ്രവർത്തനം നേരത്തെ തന്നെ തുടങ്ങി മികച്ച റിസൾട്ട് കാഴ്ച വെയ്ക്കാനും കഴിയും എന്നാണ് എന്റെ പ്രതീക്ഷ.

ചോദ്യം : ബംഗാളിനെ മാതൃകയാക്കി ഒരു തുള്ളി ചോര വീഴ്ത്താതെ നമുക്ക് വേണ്ടവരെ കുഴി വെട്ടി ഉപ്പിട്ട് മൂടണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി താങ്കൾ വിമർശിച്ചിരുന്നു. അത് വസ്തുതാ വിരുദ്ധമാണ് എന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനെ കുറിച്ച് ഒന്ന് പറയാമോ?

പണ്ട് വീക്ഷണം ദിന പത്രത്തിൽ ഞാൻ ഇതിനെ കുറിച്ച് എഴുതിയിരുന്നു.
അതിനെ കുറിച്ച് പിണറായി വിജയൻ പറഞ്ഞത് പ്രസ്ഥാനം വലിയ തീരുമാനങ്ങൾ എടുക്കുകയും വെല്ലു വിളികൾ നേരിടുകയും ചെയ്തിട്ടുണ്ട്. അത്തരം വിഷയങ്ങളൊന്നും ഞാനുമായി ചർച്ച ചെയ്തിട്ടില്ല എന്നു പറഞ്ഞത് എനിക്ക് അംഗീകാരമാണ് .കാരണം എനിക്ക് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ എനിക്കൊരു പങ്കുമില്ല എന്ന് പിണറായി തന്നെ സമ്മതിക്കുകയാണ് ചെയ്തത്.
ഞാനിപ്പോൾ എഴുതുന്ന പുസ്തകത്തിൽ ഒരു പ്രധാന ലേഖനമായി ഇത് ഉൾപ്പെടുത്തുന്നുണ്ട്. പണ്ട് 2008 ൽ കണ്ണൂരിൽ ഒരു കൊലപാതക പരമ്പര തന്നെ നടക്കുകയുണ്ടായി. അന്ന് സതീ ദേവി വടകര എംപി യും ഞാൻ കണ്ണൂർ എംപിയുമാണ്.
അന്ന് സമാധാന യോഗത്തിലേക്ക് പോകുന്നതിന് മുൻപ് ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു. പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി.
കളക്ടറേറ്റിലേക്ക് പോകുന്നതിന് മുൻപ് സതീദേവി പിണറായി വിജയനോട് ഒരു വിഷമം പറഞ്ഞു.അതായത്, ഞങ്ങൾക്ക് പാർലമെന്റിൽ ഇരിക്കാൻ കഴിയുന്നില്ല.. അവിടെ ബിജെപി എംപിമാർ കയ്യും കാലും തലയുമൊക്കെ വെട്ടി മാറ്റിയ കബന്ധങ്ങളുടെ ഫ്‌ളക്‌സ് ചിത്രങ്ങൾ അവിടെ ഉയർത്തി കണ്ണൂർ ഭീകരത എന്നൊക്കെ കാണിച്ചാണ് നേരിടുന്നത്.
അപ്പോൾ പിണറായി പറഞ്ഞു ശരിയാണ് പറഞ്ഞത് നമ്മൾ ബംഗാളിനെ കണ്ട് പഠിക്കണം.ബംഗാളിൽ കിഡ്നാപ് ചെയ്യും ആറടി മണ്ണിൽ ഒരു ചാക്ക് ഉപ്പിട്ട് മകുഴിച്ചു മൂടും. ഫോട്ടോയുമില്ല FIR മില്ല എല്ലുമില്ല മുടിയുമില്ല ഈ ശൈലി നമ്മളും സ്വീകരിക്കുന്നതാകും നല്ലതെന്ന് പറഞ്ഞ ആളാണ് ഈ പിണറായി വിജയൻ.
ഈ മീറ്റിംഗിന് ശേഷം ഞാൻ അധിക ദിവസം സി പി എമ്മിൽ ഉണ്ടായിരുന്നില്ല എന്നത് കൂടി കാണണം.കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത ആളാണ് ഞാൻ. എനിക്ക് റോയൽറ്റി കിട്ടിയ പണത്തിൽ ഭൂരിഭാഗം ചിലവാക്കിയതും ആ ലക്ഷ്യം മുൻ നിർത്തിയാണ്.,
അത് ജയകൃഷ്ണൻ മാഷിന്റെ സ്‌കൂളിലേക്ക് കമ്പ്യൂട്ടർ വാങ്ങിയാണെങ്കിലും അല്ലാതെയും.

ചോദ്യം :അയോദ്ധ്യയിൽ ക്ഷേത്രം പണിയാൻ ബിജെപി സമരം നടത്തി, അതുപോലെ നാളെ ഒരു സാഹചര്യം വന്നാൽ ഒരു മുസ്ലീം പള്ളിക്ക് വേണ്ടി ഇതേ ആവേശത്തോടെ ഇറങ്ങാൻ ബിജെപി തയ്യാറാകുമോ?

ഏറ്റവും പ്രസക്തമായ ഒരു ചോദ്യമാണിത്.
ബിജെപി ഭാരത സംസ്കാരത്തിൽ നിന്ന് ഉയർന്നു വന്ന ഒരു പാർട്ടിയാണ്. ലോകത്തിലെ എല്ലാ മതങ്ങളെയും ആചാരങ്ങളെയും ഏത് മത വിഭാഗത്തെയും ഒരേ പോലെ ആശ്ലേഷിച്ച ഒരു സംസ്കാരമാണ് ഭാരതത്തിന്റെത്.അത് കൊണ്ട് തന്നെ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ മുസ്ലിം പള്ളി എന്നല്ല ഏത് മതത്തിന്റെയായാലും ബിജെപി മുന്നിൽ തന്നെയുണ്ടാകും.
ബിജെപി മാത്രമേ അതിന് മുന്നിൽ ഉണ്ടാകാൻ സാധ്യതയുമുള്ളൂ കാരണം അപ്പോഴും മറ്റ് പാർട്ടിക്കാർ അതിൽ വോട്ട് ബാങ്ക് ഡിസ്കഷൻ നടത്തുകയാവും ചെയ്യുക.

ചോദ്യം :സിപിഎം എന്ന പാർട്ടിയെ വളരെ അടുത്തറിയുന്ന വ്യക്തി എന്ന നിലക്ക്, മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഒറ്റ വാക്കിൽ പറയാമോ?

പിണറായി വിജയൻ – കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകനാകാൻ ഭാഗ്യം സിദ്ധിച്ച വ്യക്തി.

ചോദ്യം: പൊതുവേ കേരള BJP നേതാക്കൾ ആരും സോഷ്യൽ മീഡിയ സംവാദത്തിന് തയ്യാറാകാറില്ല. അതിൽ നിന്ന് മാറി ചിന്തിക്കാൻ എന്താണ് കാരണം?

കേരളത്തിലെ ഒരു പാട് ബിജെപി നേതാക്കൾ ലൈവിലും അല്ലാതെയും സംവദിക്കാറുണ്ട്. ഒരു പക്ഷെ മലയാളം ട്വിറ്ററിൽ ഇത് ആദ്യമായിട്ടാകും എന്നേയുള്ളൂ.
പിന്നെ ബിജെപി ഒരു ഫേസ്‌ബുക്ക്/ട്വിറ്റർ പോസ്റ്റ് മാത്രം ഇട്ടിട്ട് മാറി നിൽക്കുന്ന പാർട്ടിയല്ല, ഗ്രൗണ്ട് ലെവലിൽ ജനങ്ങളെ സഹായിക്കുന്ന പ്രസ്ഥാനമാണ്.രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ പൾസ് അറിയുക എന്നതാണ് ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അതിന് ഇപ്പോൾ സോഷ്യൽ മീഡിയ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഈ ഇനിഷ്യേറ്റിവ് എടുത്ത @inkoshi_ യോടും ട്വീറ്റുകൾ വായിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.

Interview:

LEAVE A REPLY

Please enter your comment!
Please enter your name here