ഇന്ത്യന്‍ സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് രാജാ ഹരിശ്ചന്ദ്രയിലൂടെയാണ്. 1913 ല്‍ ദാദ സാഹിബ് ഫാല്‍കെ എന്ന സംവിധായകന്‍ തന്റെ കന്നി സംരംഭത്തിന് തിരഞ്ഞെടുത്ത ഇതിവൃത്തം സത്യത്തിന്റേയും നീതിയുടേയും ത്യാഗത്തിന്റേയും മകുടോദഹരണമായ ഹരിശ്ചന്ദ്ര മഹാരാജാവിന്റെ ജീവിത കഥയായിരുന്നു.
സത്യത്തിന്റെ മറ്റൊരു നാമമായി മാറിയ മഹാരാജാവിന്റെ കഥയുമായി നാന്ദി കുറിച്ച ബോളിവുഡ് എന്ന ചലച്ചിത്ര സാമ്രാജ്യം വര്‍ഷങ്ങള്‍ക്കിപ്പുറം അറിയപ്പെടുന്നത് കള്ളപ്പണവും സെക്‌സ് റാക്കറ്റുകളും ദുരൂഹമരണങ്ങളും സ്വജനപക്ഷപാതവും ഒക്കെ അരങ്ങേറുന്ന അധോലോക രാജാക്കന്‍മാരുടെ നീചപ്രവര്‍ത്തിയുടെ പേരിലാണ്.
കലയേക്കാള്‍ പണം വാരുന്ന വന്‍ലാഭമുള്ള വ്യവസായമായി മാറിയതോടെയാണ് ബോളിവുഡിലേക്ക് കള്ളപ്പണക്കാരുടെ കടന്നുവരവ് തുടങ്ങിയത്. ക്രമേണ താരങ്ങളെയും നിര്‍മാതാക്കളേയും വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങളായി ഇവര്‍ മാറി.
ഭീകരവാദവും അധോലോകവും ഒത്തൊരുമിച്ചതോടെ രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുന്ന നിലയിലേക്ക് ഇവരുടെ വളര്‍ച്ച പടര്‍ന്നു പന്തലിച്ചു. ദാവൂദ് ഇബ്രാഹിം പോലുള്ളവരുടെ കൈകളിലെ കളിപ്പാവകളായി ബോളിവുഡ് താരങ്ങളും നിര്‍മാതാക്കളും മാറി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാഫിയകള്‍ക്ക് വളര്‍ന്ന് വലുതാകാന്‍ അനുകൂല സാഹചര്യമൊരുക്കി. ശിവസേന എന്ന അതി തീവ്ര രാഷ്ട്രീയ പാര്‍ട്ടിയും കോണ്‍ഗ്രസിലെ അതിശക്തരായ ചില നേതാക്കളും അടക്കിവാണ മഹാരാഷ്ട്രയില്‍ അഴിമതിയും അധോലോകവും തോളോടു തോളു ചേര്‍ന്നു പ്രവര്‍ത്തിച്ചു
2014 ലെ രാഷ്ട്രീയ മാറ്റം കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പോലെ എത്തിയത് ബോളിവുഡിനെ അസ്വസ്ഥമാക്കി. ആ വര്‍ഷം മെയ് മാസം നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഒക്ടോബറില്‍ ദേവേന്ദ്ര ഫട്നാവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായത് അതുവരെ നിലനിന്നിരുന്ന അധികാര സന്തുലിതാവസ്ഥയെ അട്ടിമറിച്ചു,
കള്ളപ്പണക്കാരെ വേരോടെ അറുത്തുമാറ്റിയ നോട്ട് നിരോധനം ബോളിവുഡിന്റെ സമവാക്യങ്ങള്‍ മാറ്റിമറിച്ചു, വന്‍കിട പ്രൊഡക്ഷന്‍ കമ്പനികളായി അറിയപ്പെട്ടിരുന്നവരുടെ സ്ഥിരം ഇന്‍വെസ്റ്റ്േഴ്‌സ് പിന്‍വാങ്ങി, മുപ്പതു വര്‍ഷമായി ബോളിവുഡില്‍ അരങ്ങുവാണിരുന്ന ഖാന്‍ ത്രയങ്ങളായ സല്‍മാന്‍, ഷാരൂഖ്, അമീര്‍ എന്നിവര്‍ ബോളിവുഡിന്റെ മഞ്ഞവെളിഞ്ഞത്തില്‍ നിന്ന് ക്രമേണ അപ്രത്യക്ഷരായി.
ബോളിവുഡിന്റെ ബാദ് ഷാ, കിംഗ് ഖാന്‍ എന്നൊക്കെ ആരാധകര്‍ വിളിച്ചിരുന്ന ഷാരുഖ് ഖാന്‍ 2018 ലെ ഫ്‌ളോപ് ചിത്രവും അറം പറ്റിയ പേരുമായി ഇറങ്ങിയ സീറോയിലൂടെ ബോളിവുഡില്‍ ഒരു യുഗാസ്തമയത്തിന് തുടക്കം കുറിച്ചു. 200 കോടി ചെലവിട്ട് ചിത്രീകരിച്ച ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചില്ല. താമാസിയാതെ സല്‍മാന്‍ ആമീര്‍ എന്നിവരുടേയും താരാധിപത്യത്തിന് ഇളക്കം തട്ടി. ബോളിവുഡിലെ വന്‍കിട നിര്‍മാണകമ്പനികള്‍ക്ക് നിക്ഷേപകരെ ലഭിക്കാതെ വന്നതിനെ തുടർന്നാണ് ഇവരുടെ വന്‍കിട ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് അവസാനമായത്.
2014 നു ശേഷം ബോളിവുഡില്‍ എത്തിയ പുതിയ താരോദയങ്ങളും അവരുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പണം വാരുന്നതും മാഫിയകളെ അസ്വസ്ഥരാക്കി. ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. എംഎസ് ധോണി, എന്നിവയെല്ലാം ഖാന്‍ ത്രയങ്ങളുടെ ചിത്രങ്ങളെപ്പോലെ കോടികള്‍ വാരിക്കൂട്ടിയത് ഇവരെ അരക്ഷിതരാക്കി. സൂപ്പര്‍ താരങ്ങളല്ലാത്ത ചിലരുടെ ചിത്രങ്ങള്‍ 200 , 300 കോടികള്‍ വാരുന്നത് ചര്‍ച്ചചെയ്യപ്പെട്ടതോടെ അരക്ഷിതരായ മാഫിയ ഇവരെ ഇല്ലായ്മ ചെയ്യുന്നതിനു ശ്രമം ആരംഭിച്ചു.
സുശാന്ത് സിംഗ് രാജ് പുട്ട്, കംഗണ റാണവത് എന്നിവര്‍ക്കെതിരെയുള്ള ആസൂത്രിമായ നീക്കങ്ങള്‍ ഇത്തരത്തിലാണ് അരങ്ങേറിയത്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളെ പോലെ തന്നെ ആധിപത്യ സ്വഭാവുള്ള മറ്റൊരു കൂട്ടരുണ്ട്. വംശവാദികളാണ് ഇവര്‍. ചില നിര്‍മാണ-താര കുടുംബങ്ങളാണ് ഇതിനുപിന്നില്‍. പുറമേ നിന്ന് വരുന്നവരെ ഒരു പരിധിയ്ക്കപ്പുറം വളരാന്‍ ഇവര്‍ സമ്മതിക്കില്ല.
കംഗണ റണവത്
ഇത്തരത്തില്‍ വന്‍ആക്രമണം നേരിട്ട അഭിനേത്രിയാണ് കംഗണ. ഹിമാചലിലെ ഒരു ഗ്രാമത്തില്‍ നിന്നും ബോളിവുഡ് മോഹവുമായി മുംബൈയില്‍ എത്തിയ കംഗണ നേരിട്ടത് കൊടിയ പീഡനങ്ങളാണ്. മാഫിയകളുടെ പിണിയാളായ ആദിത്യ പാഞ്ചോലി എന്ന നടന്‍ ഗോഡ് ഫാദര്‍ ചമഞ്ഞ് കംഗണയെ മാനസികമായും മറ്റും പീഡിപ്പിക്കുന്നതില്‍ സഹി കെട്ട് നടി സ്വമേധയാ പോലീസില്‍ പരാതിയുമായി ചെല്ലുകയായിരുന്നു. ഇതോടെ അവര്‍ നോട്ടപ്പുള്ളിയായി. ഗ്യാംഗ്‌സറ്റര്‍ തുടങ്ങിയ ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്ന കംഗണയുടെ കരിയര്‍ നശിപ്പിക്കാന്‍ മാഫിയ ആസൂത്രിത ശ്രമം നടത്തിയത് നടി പിന്നീട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ അറുപതോളം പരസ്യങ്ങളുടെ കരാറുകള്‍ വന്ന സമയത്ത് കംഗണയ്‌ക്കെതിരെ ഒരു ക്രിമിനല്‍ കേസ് ഉയര്‍ന്നു വന്നു. നടന്‍ ഋത്വിക് റോഷനാണ് ഈ പാരാതിയുടെ ഉടമ. കംഗണ വ്യാജ ഇ മെയില്‍ രേഖകള്‍ നിര്‍മിച്ച് തന്നെ അപമാനിക്കുന്നുവെന്നായിരുന്നു ആരോപണം. ഒരുമിച്ച് അഭിനയിച്ച ക്രിഷ് 3 എന്ന ചിത്രത്തോടെ ഇരുവരും പ്രണയത്തിലാണെന്ന് വലിയ ഗോസിപ്പുകള്‍ പുറത്തു വന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കംഗണ സൂചന നല്‍കിയതോടെ അടുത്ത ചിത്രത്തില്‍ നിന്നും ഋത്വിക് പിന്‍മാറി. വിവാഹ ബന്ധം തകരാറിലാകുമെന്ന ഘട്ടത്തില്‍ ഋത്വിക് റോഷന്‍ ഇക്കാര്യങ്ങള്‍ തള്ളിപ്പറഞ്ഞു. എന്നാല്‍, തനിക്ക് ഋത്വിക് അയച്ച ഇ മെയിലുകളുമായി കംഗണ രംഗത്ത് വന്നു. ഇത് വ്യാജമാണെന്നായിരുന്നു ക്രമിനല്‍ കേസ്. ഏതായാലും ഇതോടെ കംഗണയുമായി കരാറിലൊപ്പിട്ട കമ്പനികള്‍ എല്ലാം പിന്‍മാറി. ക്രിമിനല്ഡ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ പരസ്യ കരാറും ബ്രാന്‍ഡ് അംബാസഡര്‍പദവിയുമെല്ലാം അവസാനിക്കുമെന്ന് കരാറില്‍ നിബന്ധനയുണ്ടാകാറുണ്ട്. അങ്ങിനെ വ്യാജമായി ഒരു പരാതി നല്‍കുകയും കംഗണയ്‌ക്കെതിരെ മുംബൈ പോലീസ് ഐടി ആക്ട് പ്രകാരം കേസ് എടുക്കുകയും ചെയ്തു.
കേസിന്റെ പേരില്‍ കംഗണയെ സിനിമകളുല്‍ നിന്നും ഒഴിവാക്കാനും ആരംഭിച്ചു, തന്നെ ആസൂത്രിമായി ചിലര്‍ ചേര്‍ന്ന് തകര്‍ക്കുകയായിരുന്നുവെന്ന് കംഗണ വിശ്വസിക്കുന്നു.
പരസ്യങ്ങളില്‍ നിന്നും സിനിമയില്‍ നിന്നും വലിയ ഇടവേളയെടുത്ത് കംഗണ മുംബൈയില്‍ ഏവരാലും തഴയപ്പെട്ട് തന്റെ മോശം സമയം ഉള്ളില്‍ എരിയുന്ന പകയോടെ കഴിച്ചു കൂട്ടി. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു നിര്‍മാണ കമ്പനി കംഗണയെ തേടി എത്തിയത്. ബോളിവുഡിലെ സ്ഥിരം പ്രൊഡക്ഷന്‍ ഹൗസ് ആയിരുന്നില്ല. യുപി നോയിഡയിലെ ഫിലിം സിറ്റിയില്‍ നിന്നും ആണ് ഇവര്‍ എത്തിയത്.
ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് കംഗണ മണികര്‍ണിക എന്ന ചരിത്ര സിനിമയുമായി രംഗത്ത് വരുന്നത്. സീ സിനിമാസാണ് ചിത്രം നിര്‍മിച്ചത് എഴുപതു കോടി മുതല്‍ മുടക്കില്‍ എടുക്കുന്ന ചിത്രം ആദ്യ ഘട്ടം കഴിഞ്ഞതോടെ പ്രതിസന്ധിയിലായി. വില്ലനായി തീരുമാനിച്ചിരുന്ന സോനു സൂദ് ചിത്രീകരണം പകുതിയായപ്പോള്‍ ചിത്രത്തില്‍ നിന്നും കരാര്‍ ലംഘിച്ച് പിന്‍മാറി.
നായികാ പ്രധാനമുള്ള ചിത്രത്തില്‍ കംഗണ തിരക്കഥയിലും മറ്റു കാര്യങ്ങളിലും പരിധിവിട്ട് ഇടപെടുന്നുവെന്ന് ആരോപിച്ച് സംവിധായകനും പാതി വഴിയില്‍ വെച്ച് പിന്‍മാറി. ഇതോടെ ചിത്രം പ്രതിസന്ധിയിലായി. ചിത്രീകരണം മുടങ്ങുകയും തന്റെ തിരി്ച്ചുവരവ് എന്ന സ്വപ്‌നം നശിക്കുന്നതും മുന്നില്‍ കണ്ട കംഗണ ചിത്രത്തിന്റെ സംവിധാന ചുമതല സ്വയം ഏറ്റെടുത്തു. പുതിയ വില്ലനെ കണ്ടെത്തി ആദ്യം മുതല്‍ ചിത്രീകരണം ആരംഭിച്ചു മുംബൈ വിട്ട് രാജസ്ഥാനിലും യുപി നോയിഡയിലെ ഫിലിംസിറ്റിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കു.
എഴുപതു കോടി ബഡ്ജില്‍ തുടങ്ങിയ ചിത്രം പൂര്‍ത്തിയാക്കിയപ്പോഴെക്കും നിര്‍മാതാവിന് വീണ്ടും അമ്പതു കോടി മുടക്കേണ്ടതായും വന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലേറെ കളക്ട് ചെയ്യാന്‍ ചിത്രത്തിന് സാധിച്ചു
പ്രതിസന്ധികളെ മറികടന്ന് യുദ്ധം ജയിച്ച കംഗണ തന്റെ വിജയ ചിത്രത്തിന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയും ആരംഭിച്ചു, ബോളിവുഡിന്റെ സിരാ കേന്ദ്രത്തില്‍ തനിക്കെതിരെ പടനയിച്ചവരുടെ മുന്നില്‍ ബഹുനില മന്ദിരം വിലയ്ക്കു വാങ്ങി ഓഫീസും ആരംഭിച്ചു.
നിര്‍മാതാവും സംവിധായകയും അഭിനേത്രിയുമായി ബോളിവുഡിന്റെ റാണിയായി ആരാധകരും മാധ്യമങ്ങളും വാഴ്ത്തിയതോടെ എതിരാളികളുടെ കണ്ണിലെ കരടായി കംഗണ മാറി.
സുശാന്ത് സിംഗ് രാജ്പുത്ത്
ബീഹാറിയായ സുശാന്ത് ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എന്‍ട്രസ് പരീക്ഷയില്‍ ഏഴാം റാങ്കുകാരനായിരുന്നു. ഡെല്‍ഹി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ഉന്നത മാര്‍ക്കോടെ ബിരുദം നേടിയ ഈ ചെറുപ്പക്കാരന് ന്യൂക്ലിയര്‍ സയന്‍സിലും സ്‌പേസ് ടെക്‌നോളജിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഗവേഷണ താല്‍പര്യം ഉണ്ടായിരുന്നു. സ്വിറ്റസര്‍ലാന്‍ഡിലെ ഫേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോട്ടോണിനെ കുറിച്ച് ഗവേഷണം നടത്തിയ സുശാന്ത് ആകാര ഭംഗിയും മുഖശ്രീയും ഒക്കെയായി മോഡലിംഗിലേക്കും ടിവി സീരിയലിലേക്കും അതുവഴി ബോളിവുഡിലേക്കും എത്തുകയായിരുന്നു.
എംഎസ് ധോണിയുടെ ബയോപിക് പുറത്തിറങ്ങിയതോടെ രാജ്യം ഇദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങി. താരമൂല്യവും ബ്രാന്‍ഡുകളുടെ പ്രചാരകനുമായി മാറി. ബോളിവുഡ മാഫിയ സുശാന്തിനെ നോട്ടമിട്ടതും ഈ സമയത്താണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തത് എന്തെന്ന ചോദ്യത്തിന് ബോളിവുഡിന്റെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയാകാനാണ് താല്‍പര്യമെന്നും സുശാന്ത് പറഞ്ഞു. 2016 അവസാനത്തോടെ സുശാന്തിന്റെ ജീവിതത്തിലേക്ക് റിയ ചക്രവര്‍ത്തി എന്ന പെണ്‍കുട്ടി കടന്നു വന്നത് ഈ സമയത്താണ്.
ബോളിവുഡിലെ വന്‍ സ്വാധീന ശക്തിയുള്ള നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ താവളത്തില്‍ നിന്നാണ് റിയ എത്തിയത്. മുമ്പുണ്ടായിരുന്ന കാമുകിയെ ഉപേക്ഷിച്ച് സുശാന്ത് റിയയുമായി സൗഹൃദവും പിന്നീട് ലിവിംഗ് ടുഗദറും ആരംഭിച്ചു,
സുശാന്തിന്റെ കേദാര്‍നാഥ്, ചിത് ചോര എന്നീ ചിത്രങ്ങള്‍ ഇതിന്നിടയില്‍ ബോക്‌സ് ഓഫീസില്‍ ശതകോടികള്‍ വാരി. ഇതിന്നിടയില്‍ പുതിയ ടാലന്റായ സുശാന്തിനെ പ്രമോട്ട് ചെയ്യുന്ന കരാറില്‍ പ്രമുഖ നിര്‍മാതാവ് കരണ്‍ ജോഹര്‍ ഒപ്പുവെച്ചു. അടുത്തവന്ന രണ്ടു ചിത്രങ്ങള്‍ ഫ്‌ളോപ്പായി ഫ്‌ളോപ് സ്റ്റാറാണ് സുശാന്ത് എന്ന നിലയില്‍ ബോളിവുഡ് സര്‍ക്കിളില്‍ ചര്‍ച്ചയായി, ഈ രണ്ടു ചിത്രങ്ങളും പല കാരണങ്ങളാല്‍ ചിത്രീകരണം നീട്ടുകയും റിലീസ് തീയതി നീട്ടുകയും ഒക്കെ ചെയ്ത് പ്രമോഷന്‍ വര്‍ക്കുകള്‍ പോലും നടത്താതെ ബോധപൂര്‍വ്വം ബോക്‌സ്!ഓഫീസ് പരാജയം ഉറപ്പാക്കുകയായിരുന്നുവെന്ന് സുശാന്തിന്റെ ആരാധകര്‍ ആരോപിക്കുന്നു.
2019 നവംബറിനു ശേഷം സുശാന്തിനെ പുറത്താരും അധികം കണ്ടിരുന്നില്ല. ചില ച്ത്രങ്ങളുടെ ഡിസ്‌കഷനുകള്‍ നടന്നിരുന്നുവെങ്കിലും സുശാന്ത് ആരുടെയോ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് തോന്നി ഇതേ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ സുശാന്തിന്റെ സഹോദരി മുംബൈ പോലീസിന് പരാതി നല്‍കി. സുശാന്തിന്റെ പണം തട്ടിയെടുക്കാന്‍ റിയ ചക്രവര്‍ത്തി ശ്രമിക്കുന്നതായാണ് പരാതി നല്‍കിയത്. എന്നാല്‍,, മുംബൈ പോലീസ് ഇത്തരത്തില്‍ അ്‌ന്വേഷണം നടത്തിയില്ല.
ജൂണ്‍ പതിനാലിന് പൊടുന്നനെ സുശാന്തിന്റെ മരണവാര്‍ത്തയാണ് ബോളിവുഡ് കേട്ടത്. വിഷാദ രോഗം മൂലം സുശാന്ത് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.
നാലു ദിവസം മുമ്പ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയും വന്നിരുന്നു. ചില കോണുകള്‍ സംശയങ്ങള്‍ ഉയര്‍ത്തിത്തിയെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ ഇത്തരത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല,
എന്നാല്‍, വൈകാതെ സുശാന്തിന്റെ പിതാവും സഹോദരിയും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ ആരോപണം ഉന്നയിക്കുകയും പരാതിയുമായി മുംബൈ പോലീസിനെ സമീപിക്കുകയും ചെയ്തു. സുശാന്ത് മരിച്ച മണിക്കുൂറുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി മരണം ആത്മഹത്യയെന്ന് വിധിയെഴുതി. മുംബൈ പോലീസിന്റെ നിസ്സഹരണസമീപനത്തെ തുടര്‍ന്ന് ഇവര്‍ ബീഹാറില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
കേസ് അന്വേഷിക്കാനെത്തിയ ബീഹാര്‍ പോലിസിനോട് മുംബൈ പോലീസ് സഹകരിച്ചില്ല. ബീഹാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനെ ബീഹാര്‍ പോലീസ് മുംബൈയിലേക്ക് അയച്ചു. അദ്ദേഹത്തെ വന്നിറങ്ങിയപ്പോഴെ മുംബൈ കോര്‍പറേഷന്‍ ക്വാറന്റൈനിലാക്കി. ദിഷ സാലിയന്റെ മരണം സംഭവിച്ച ഫയലുകള്‍ ബീഹാര്‍ പോലീസ് ചോദിച്ചപ്പോള്‍ അത് കംപ്യുട്ടറില്‍ നിന്ന് ഡീലീറ്റായി പോയെന്ന് മുംബൈ പോലീസ് മറുപടി കൊടുത്തു. ഇതോടെ കേസിന് രാഷ്ട്രീയ മാനം കൈവന്നു.
ബീഹാര്‍ മുഖ്യമന്ത്രി കേസ് സിബിഐക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ആദ്യഘട്ടങ്ങളില്‍ സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട റിയ ചക്രവര്‍ത്തി പിന്നീട് ഇതിനെ എതിര്‍ത്തു. ഇതിനിടെ പണം തിരിമറി വിവാദം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചു. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 200 കോടിയോളം രൂപ സമ്പാദ്യമുണ്ടായിരുന്ന സുശാന്തിന്റെ അക്കൗണ്ടില്‍ മാസങ്ങള്‍ കൊണ്ട് പണം അപ്രത്യക്ഷമായതായും ഒടുവില്‍ ബാങ്ക് ബാലന്‍സ് രണ്ടു കോടിയോളം രൂപ മാത്രമെന്ന നിലയിലുമായി.
സുശാന്തിനെ മരുന്നെന്ന പേരില്‍ മയക്കുമരുന്നു നല്‍കിയ ശേഷം ചെക്കുകളില്‍ വിരലടയാളം പതിപ്പിച്ച് വന്‍ തോതില്‍ തുക തട്ടിയെന്നാണ് ഇഡി അന്വേഷിക്കുന്ന കേസില്‍ ഉള്ളത്., സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്ന് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വാര്‍ത്ത പരന്നിരുന്നു.
ഇതിനെ സാധൂകരിക്കുന്ന അന്വേഷണമാണ് സിബിഐ ഇപ്പോള്‍ നടത്തിവരുന്നതും. ബോളിവുഡിലെ അധോലോക മാഫിയകളും ഇതിന് കൂട്ടുനില്‍ക്കുന്ന ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി ബാന്ധവും ചൂടുള്ള ചര്‍ച്ചയാണിപ്പോള്‍.
ദിഷ സാലിയന്‍ കൊല്ലപ്പെട്ടതാണെന്നും ഹൈ പ്രൊഫൈല്‍ പാര്‍ട്ടിയില്‍ ദിഷയെ ലൈംഗികമായി പീഡിപ്പിച്ചതായും മഹാരാഷ്ട്രയിലെ ഉന്നതായ രാഷ്ട്രീയ നേതാവും മറ്റും ഉള്‍പ്പെട്ട കൊലപാതകമാണ് ദിഷയുടേയും സുശാന്തിന്റേയും എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.
രണ്ടു മരണത്തിനു പിന്നിലും ഒരേ ശക്തികളാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ദിഷയുടെ കാമുകനും ലിംവിഗ് ടുഗദര്‍ പങ്കാളിയുമായ നടന്‍ സോഹന്‍ റോയി സംഭവത്തിനു ശേഷംഅപ്രത്യക്ഷനായി. ബിജെപി എംഎല്‍എയും മുന്‍മുഖ്യമന്ത്രി നാരായണ റാണെയുടെ മകനുമായ നിതേഷ് റാണെ സോഹന്‍ റോയിയുമായി താന്‍ സംസാരിച്ചിരുന്നതായും ദിഷയെ വകവരുത്തിയവരുടെ വിവരങ്ങള്‍ പുറത്തു പറയാന്‍ തനിക്ക് ഭയമാണെന്നും അതുകൊണ്ട് നഗരം വിടുകയാണെന്ന് അറിയച്ചതായും വെളിപ്പെടുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന സെക്‌സ് റാക്കറ്റുമമായി കേസിന് ബന്ധമുണ്ടെന്നും ദിഷയും സുശാന്തും ഈ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയാന്‍ പദ്ധതിയിട്ട സുശാന്തിനെയും ഇതിന് സഹായിച്ച ദിഷയേയും വകവരുത്തുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
ബോളിവുഡിലെ പ്രമുഖരാരും സുശാന്തിന്റെ മരണത്തില്‍ ദുരുഹത കാണുകയോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. ഇതിന്നിടയിലാണ് മാഫിയയുടെ ഇരയായ കംഗണ സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ബോളിവുഡ മാഫിയയ്‌ക്കെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തത്.
ഇതോടെയാണ് കേസിനെ തുടക്കത്തില്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ച ശിവസേന കംഗണയെ ലക്ഷ്യമിട്ടത്. ശിവസേനയെ പരസ്യമായി എതിര്‍ത്ത കംഗണയെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പെേറഷനെ ഉപയോഗിച്ചാണ് സേന നേരിട്ടത്. ശിവസേന വക്താവ് സന്‍ജയ് റൗതും കംഗണയും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വാക് പോരിനിടെയാണ് മണികര്‍ണിക പ്രോഡക്‌ഷൻസിന്റെ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവര്‍ ഇടിച്ചു നിരത്തിയത്.
കംഗണയ്‌ക്കെതിരെ മുംബൈ നഗരത്തില്‍ പോസ്റ്ററുകളും മറ്റും ഉയര്‍ന്നതിനെ തുടര്‍ന്നും മുംബൈ പോലീസിന്റെ പക്ഷപാതവും കണ്ട് കംഗണ പാക് അധിനിവേശ കാശ്മിരിനോട് മുംബൈയെ ഉപമിച്ചു. ഇതോടെ മഹാരാഷ്ട്രയെ അപമാനിച്ചുവെന്ന ആരോപണവുമായി ശിവസേന വീണ്ടും രംഗത്ത് എത്തി. ലോക് ഡൗണിനെ തുടര്‍ന്ന് ഹിമാചലില്‍ ആയിരുന്ന കംഗണ തിരികെ മുംബൈയില്‍ എത്തിയാല്‍ മുഖം അടിച്ച് പൊട്ടിക്കുമെന്ന ഭീഷണി മുഴങ്ങിയതോടെ താന്‍ മുംബൈയില്‍ എത്തുകയാണെന്നും ധൈര്യം ഉണ്ടെങ്കില്‍ തടയാനും അവര്‍ ശിവസേനയെ വെല്ലുവിളിച്ചു. ഇതിനിടെ തനിക്ക് സംരക്ഷണം വേണെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തും നല്‍കി. വൈ കാറ്റഗറി സംരക്ഷണം കേന്ദ്രം അനുവദിച്ചു. ശിവസേന കംഗണയുടെ കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് ഇടിച്ചു നിരത്തി.
ഇതോടെ ജനരോഷം ഉയരുകയും കംഗണയ്ക്ക് അനുകൂലമായി സഹതാപം ലഭിക്കുകയും ചെയ്തു. കംഗണ വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കാണിച്ച തിടുക്കത്തില്‍ അതൃപ്തി അറിയിച്ച് എന്‍സിപി നേതാവ് ശരദ് പവാറും കോണ്ഡഗ്രസും രംഗത്ത് എത്തി.
ഇതിന്നിടയില്‍ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്ത് മയക്കു മരുന്നു വിതരണം ചെയ്ത സംഘങ്ങളുടെ വിവരം തേടി. ഇത്തരത്തില്‍ മയക്കു മരുന്നും മാഫിയയും കൊലപാതകവും രാഷ്ട്രീയവും എല്ലാം ചേര്‍ന്ന ബോളിവുഡ് ഒരു ശുദ്ധീകരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. മഹാരാഷ്ട്രയുടെ രാഷ്ട്രീയ സമവാക്യവും ഒപ്പം ബോളിവുഡും വരും ദിനങ്ങളില്‍ കാതലായ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചന നല്‍കുന്നത്.
ബോളിവുഡിലെ പല ആരാധാന വിഗ്രഹങ്ങളും ഉടയുമെന്നും പതിറ്റാണ്ടുകളായി മഹാരാഷ്ട്രയുടെ മണ്ണില്‍ തല ഉയര്‍ത്തി നിന്നിരുന്ന വടവൃക്ഷം, ശിവസേന, വേരറ്റ് നിലംപതിക്കുമെന്നും അവസര വാദ കൂട്ടുക്കെട്ട് മടുത്ത് ജനം ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട് നാവിസിനെ വാഴിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.. കോവിഡ് എന്ന മഹാമാരി ഏറ്റവും അധികം ബാധിച്ച മഹാരാഷ്ട്രയില്‍ വരും ദിനങ്ങളില്‍ മാരക വൈറസുകള്‍ക്കൊപ്പം ബോളിവുഡിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ശാപമായി മാറിയ വിഷവിത്തുകളും തൂത്തെറിയപ്പെടുമെന്നാണ് വലിയൊരു വിഭാഗം ജനങ്ങളും കരുതുന്നത്.
വളരെ മികച്ച ലേഖനം മനു ജി
ഇത് ഒരു തുടക്കം ആകും ഇനിയും എന്തെല്ലാം പുറത്തു വരാന്‍ ഇരിക്കുന്നു