വേണമോ അന്ധമായ ഈ അനുകരണം ?

    0

    ഇപ്പോള്‍ റംസാന്‍ മാസം ആണല്ലോ ? അതുമായി ബന്ധപ്പെട്ട് മലയാളിയായ ഒരു കലാകാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഈയടുത്ത ദിവസം ശ്രദ്ധയില്‍ പെട്ടു. കൂട്ടുകാര്‍ നോമ്പ് എടുക്കുന്നതു കണ്ട് അദ്ദേഹത്തിന്‍റെ മകനും അതിനു തയ്യാറായതാണ് വിഷയം. അതിരാവിലെ എണീറ്റ് ഭക്ഷണം കഴിച്ച ശേഷം നോമ്പ് തുടങ്ങിയ കുട്ടി ഉച്ചയോടെ ക്ഷീണിതനായെങ്കിലും ഉച്ച കഴിഞ്ഞും അത് തുടരുന്നതും നോമ്പ് അവസാനിപ്പിക്കാന്‍ വൈകിട്ടത്തെ വാങ്ക് വിളിക്കായി കാത്തിരിയ്ക്കുന്നതും ഒക്കെ വിവരിച്ചു കൊണ്ടുള്ളതായിരുന്നു ആ കുറിപ്പ്. ഇതിലൂടെ തന്‍റെ മകന്‍ വിശപ്പിന്‍റെ വിലയറിഞ്ഞ് വളരട്ടെ എന്ന് അദ്ദേഹം ആശംസിയ്ക്കുകയും ചെയ്യുന്നു.

    കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുഖ്യ ധാരാ മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും എല്ലാ റംസാന്‍ മാസങ്ങളിലും ഇത്തരം വിവരണങ്ങള്‍ കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ധാരാളം പേരുടെ പ്രതികരണങ്ങളും കാണാം. സൂര്യന് താഴെയുള്ള എന്തിനെ പറ്റിയും ആധികാരികമെന്ന മട്ടില്‍ ശരിയും തെറ്റുമായ വിവരങ്ങളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍.

    രാഷ്ട്രീയം, ബിസിനസ്സ്, മതം തുടങ്ങി വ്യക്തികള്‍ക്ക് ഇഷ്ടമായി തോന്നുന്ന ഏത് ആശയങ്ങളും സ്വതന്ത്രമായി സമൂഹത്തിലേക്ക് ഒഴുക്കി വിടുന്നതിനുള്ള ഒരു ചാലായിട്ടാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് ജനങ്ങളെ ആകര്‍ഷിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങളെന്ന നിലയില്‍ കമ്യൂണിസം, ഗാന്ധിസം തുടങ്ങിയവയൊന്നും സോഷ്യല്‍ മീഡിയയില്‍ ഇന്ന് ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നതായി കാണുന്നില്ല. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ചര്‍ച്ചയില്‍ ഉണ്ടാകേണ്ടിയിരുന്നത് അവയാണ്. രാഷ്ട്രീയ ആശയങ്ങള്‍ എന്ന നിലയില്‍ കാലഹരണപ്പെട്ടതു കൊണ്ടാവാം അവ കാണാത്തത്. വൈരുദ്ധ്യാത്മക ഭൗതികവാദമോ ഗാന്ധിയന്‍ സോഷ്യലിസമോ ഇന്ന് ഏതെങ്കിലും പാര്‍ട്ടി ക്ലാസ്സുകളില്‍ പോലും ഉള്ളതായി തോന്നുന്നില്ല.

    സോഷ്യല്‍ മീഡിയയില്‍ മതപരമായ ആശയങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ മേല്‍ക്കൈ ഉള്ളതു കൊണ്ടാവാം ഇസ്ലാമിക പ്രചരണ സാഹിത്യം ധാരാളമായി കാണുന്നു. അവയുടെ അനുയായികള്‍ അത്തരം എല്ലാ ഇടങ്ങളിലും വന്ന് അനുകൂലിച്ചും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും അവ ചര്‍ച്ചയാക്കുന്നതും കാണാം. മേല്‍പ്പറഞ്ഞ പോസ്റ്റില്‍, ഒരു വ്യക്തിയുടെ കുടുംബത്തില്‍ നിന്നുള്ള വിശേഷം ആണ് പങ്കു വച്ചിരിയ്ക്കുന്നത്. എങ്കിലും അവിടെയും നൂറുക്കണക്കിന് ആളുകള്‍ പ്രോത്സാഹനവും ഉപദേശങ്ങളും ആയി വന്നിരിയ്ക്കുന്നു.

    ഇവിടെ ഒരു അമുസ്ലീം, ഇസ്ലാമിലെ അനുഷ്ഠാനം ചെയ്യാന്‍ തയ്യാറായി എന്നതാണ് മുസ്ലീങ്ങളെ ആവേശം കൊള്ളിയ്ക്കുന്നത് എന്നത് മനസ്സിലാക്കാം. മറ്റേതെങ്കിലും ഒരു മതത്തിലെ വിശ്വാസി ഇതുപോലെ സ്വന്തം പ്രേരണയാല്‍ ശബരിമലയില്‍ പോയതോ, വേളാങ്കണ്ണിയില്‍ പോയതോ, ശിവരാത്രി വ്രതം എടുത്തതോ, യോഗാക്യാമ്പില്‍ പങ്കെടുത്തതോ പോസ്റ്റ് ചെയ്താല്‍ ആരെങ്കിലും ഇങ്ങനെ ആവേശം കൊള്ളുന്നത് കാണുന്നില്ല. ഈ അകമഴിഞ്ഞ പ്രോത്സാഹനവും കൈയ്യടിയും കണ്ടിട്ടാവണം തങ്ങളും നോമ്പ് എടുക്കാറുണ്ടെന്നോ, പണ്ട് അങ്ങനെ എടുത്തിട്ടുണ്ടെന്നോ, അല്ലെങ്കില്‍ എന്‍റെ അയല്‍ക്കാരായ ഹിന്ദു കുടുംബവും ഇങ്ങനെ ചെയ്യുന്നു എന്നോ ഒക്കെയുള്ള വിവരങ്ങള്‍ പങ്കു വച്ചുകൊണ്ട് ധാരാളം പേര്‍ എത്തുന്നതും കാണുന്നു.

    ഇതൊരു ആള്‍ക്കൂട്ട മന:ശ്ശാസ്ത്രം അല്ലേ എന്ന് ഞാന്‍ ചിന്തിയ്ക്കുന്നു. താന്‍ ചെയ്യുന്നതും വിശ്വസിക്കുന്നതും ശരിയാണ് എന്ന അംഗീകാരം കിട്ടാന്‍ എല്ലാവരും ആഗ്രഹിയ്ക്കുന്നു. കുറെപ്പേരില്‍ നിന്നും അംഗീകാരം കിട്ടുമ്പോള്‍ ഒരു മന:സുഖം അഥവാ സംതൃപ്തി. സാഹസങ്ങളും അപകടകരങ്ങളായ അഭ്യാസങ്ങളും കാണിച്ച് സെല്‍ഫിയും വീഡിയോയും എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുന്നവരും ഇതേ മന:സ്സുഖത്തിന് വേണ്ടിയല്ലേ അത് ചെയ്യുന്നത് ? എന്നാല്‍ ഇതിനിടയില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്‍റെ വില കൊടുക്കേണ്ടി വരിക, ഇത്തരം അറ്റന്‍ഷന്‍ സീക്കേര്‍സ് മാത്രമായിരിക്കും എന്നതാണ് അതിന്‍റെ ദുരവസ്ഥ.

    റംസാന്‍ നൊയമ്പിനെ സംബന്ധിച്ച പോസ്റ്റില്‍ വന്ന ഇത്രയധികം ചര്‍ച്ച കണ്ട്, ഈ വിഷയത്തെ കുറിച്ച് ഒന്ന് സെര്‍ച്ച് ചെയ്തു നോക്കി. റംസാന്‍ നൊയമ്പ് ശാസ്ത്രീയവും ആരോഗ്യപരമായി വലിയ ഗുണങ്ങള്‍ ചെയ്യാന്‍ കഴിയുന്നതും ആണെന്ന രീതിയിലുള്ള ധാരാളം പ്രചാരണ വീഡിയോകളും കുറിപ്പുകളും കണ്ടു. അതുപോലെ നോമ്പ് എന്ന പേരില്‍ നടക്കുന്നത് വളരെ അശാസ്ത്രീയവും അനാരോഗ്യകരവുമായ പ്രക്രിയയാണ് എന്ന വാദവും ധാരാളം ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് യുക്തിവാദിയായ ജബ്ബാര്‍ മാഷ് പറയുന്ന കുറച്ചു കാര്യങ്ങളാണ്. ഡോക്ടര്‍മാരില്‍ നിന്നും മറ്റും താന്‍ നടത്തിയ വസ്തുതാ ശേഖരണത്തിന്‍റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളാണ് ഇവയെന്നാണ് അദ്ദേഹം പറയുന്നത്. റംസാന്‍ നോമ്പായി ഇപ്പോള്‍ നടക്കുന്ന അനുഷ്ഠാനത്തിന് അദ്ദേഹം കണ്ടെത്തുന്ന ദോഷങ്ങള്‍ ഇവയാണ്


    1. ഇത് ഒരു ഉപവാസമല്ല. മറിച്ച് അനാരോഗ്യകരമായവ ഉള്‍പ്പെടെ പതിവിലും കൂടുതല്‍ അളവില്‍ ഭക്ഷണ സാധനങ്ങള്‍ കഴിയ്ക്കുന്ന കാലമാണ്.

    2. മനുഷ്യന്‍റെ ബയോളജിക്കല്‍ ക്ലോക്കിനെ തകിടം മറിച്ചു കൊണ്ട് പകല്‍ ഭക്ഷിക്കാതിരിയ്ക്കുകയും രാത്രി ഭക്ഷിയ്ക്കുകയും ചെയ്യുന്നതു വഴി പ്രമേഹം, ബ്ലഡ് പ്രഷര്‍, ഷുഗര്‍, അള്‍സര്‍ തുടങ്ങിയ നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ഉള്ളവയെ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു.

    3. ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിയ്ക്കുക വഴി ഡീഹൈഡ്രേഷനും അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ക്ഷണിച്ചു വരുത്തുന്നു.

    4. ചില ഉസ്താദുമാരുടെ അതിരു കടന്ന വ്യാഖ്യാന ഫലമായി ആളുകള്‍ ഉമിനീര്‍ പോലും ഇറക്കാതെ, പരിസരത്ത് നിരന്തരം തുപ്പിക്കൊണ്ടിരിയ്ക്കുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇത് എത്രമാത്രം അനാരോഗ്യകരവും സാമൂഹ്യ വിരുദ്ധവുമായ പ്രവൃത്തിയാണ് എന്ന് പറയേണ്ടതില്ലല്ലോ. ഈ കൊറോണക്കാലത്ത് പോലും ഇതിന് സാക്ഷ്യം വഹിയ്ക്കുകയുണ്ടായി എന്നദ്ദേഹം പറയുന്നു.

    5. നോമ്പ് കാലത്ത് യാതൊരു അന്യവസ്തുവും ശരീരത്തില്‍ കടക്കാന്‍ പാടില്ല എന്ന രീതിയില്‍ വ്യാഖ്യാനിച്ച് കുളി, കുത്തിവയ്പ്പ്, രക്തദാനം തുടങ്ങി പലതും ഉപേക്ഷിയ്ക്കുന്ന പ്രവണത വളര്‍ന്നു വരുന്നു.

    6. സൂര്യോദയം മുതല്‍ അസ്തമയം വരെ നോമ്പെടുക്കുക എന്നത് ഭൂമിയെ പറ്റിയുള്ള അറിവ് പരിമിതമായ ഒരു ഗോത്ര സമൂഹത്തില്‍ ഉണ്ടായ ആശയമാണ്. ലോകത്ത് ഏതാനും മണിക്കൂറുകള്‍ മാത്രം പകല്‍ ഉള്ളതും, മാസങ്ങളോളം സൂര്യന്‍ അസ്തമിക്കാത്തവയും ആയ രാജ്യങ്ങള്‍ ഉണ്ട്. അവര്‍ക്കൊന്നും ഇത് അക്ഷരാര്‍ഥത്തില്‍ പിന്തുടരാന്‍ കഴിയില്ല.

    7. നോമ്പിന്‍റെ പേരില്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ആരോഗ്യ ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വിശകലനം ചെയ്ത് കൊഴുപ്പ്, പഞ്ചസാര, സ്റ്റാര്‍ച്ച് തുടങ്ങിയവയെ ക്രമീകരിയ്ക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയാല്‍ അതുകൊണ്ട് ഗുണമുണ്ടായേക്കാം.

    ഇതെല്ലാം പറയുന്ന ജബ്ബാര്‍ മാഷ് പതിവ് പോലെ വിശ്വാസികളുടെ കടന്നാക്രമണത്തിന് വിധേയമാകുന്നുണ്ട്. ശാസ്ത്രീയം എന്ന ലേബലൊട്ടിച്ച് അവര്‍ കൊണ്ടു വരുന്ന പല വാദങ്ങളും കേവലം അടിസ്ഥാന രഹിതമായ പ്രോപ്പഗാണ്ട മെറ്റീരിയല്‍ മാത്രമാണ്. ഓരോ റംസാന്‍ കാലത്തിനു ശേഷവും ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടാറുണ്ട് എന്നത് മുമ്പും പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്. ഒരു ആശയത്തിനു പിന്തുണ കൊടുക്കുന്ന ആളുകളുടെ എണ്ണം ജനാധിപത്യ സംവിധാനത്തില്‍ സുപ്രധാന ഘടകമാണെങ്കിലും സത്യാന്വേഷണത്തിന്‍റെ മാനദണ്ഡം അതല്ല. ആ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം, സത്യസന്ധവും സ്വതന്ത്രവുമായ വിശകലനം, സ്വാനുഭവം ഇവയൊക്കെയാണ് യാഥാര്‍ഥ്യം കണ്ടെത്താനുള്ള വഴി.

    ഏതാണ്ട് ഇതേപോലെയാണ് ഹലാല്‍ മാംസത്തിന്‍റെ ഗുണങ്ങളെ പറ്റിയുള്ള പ്രചരണം. മൃഗങ്ങള്‍ക്ക് കൂടുതല്‍ പീഡനവും വേദനയും സമ്മാനിച്ചു കൊണ്ടുള്ളതാണ് ഹലാല്‍ കശാപ്പെന്നും അതുകാരണം യഥാര്‍ത്ഥത്തില്‍ മാംസത്തില്‍ വിഷമയമായ നിരവധി ഹോര്‍മോണുകളുടെ സാന്നിദ്ധ്യം കൂടുകയാണ് ചെയ്യുന്നത് എന്നും ഇത് സംബന്ധിച്ച ശാസ്ത്ര ലേഖനങ്ങള്‍ പറയുന്നു. എങ്കിലും സോഷ്യല്‍ മീഡിയ പോലെ എവിടെ നിന്നെങ്കിലുമൊക്കെ കിട്ടുന്ന അബദ്ധ ധാരണകള്‍ ജനക്കൂട്ടം തൊണ്ട തൊടാതെ വിഴുങ്ങുകയും മറ്റുള്ളവരിലേക്കും പകരുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

    വിശ്വാസികളായ മുസ്ലീങ്ങള്‍ക്ക് നോമ്പ് അനുഷ്ഠിയ്ക്കാനുള്ള മതപരമായ ബാദ്ധ്യതയെങ്കിലും ഉണ്ടെന്ന് പറയാം. അവരില്‍ തന്നെ അഭ്യസ്ത വിദ്യരായ പലരും ഇപ്പോള്‍ കാര്യങ്ങള്‍ വിശകലനം ചെയ്ത് കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും തയ്യാറാകുന്നുണ്ട്. എന്നാല്‍ അവരോട് ഐക്യപ്പെടാന്‍ എന്നൊക്കെ പറഞ്ഞ് മറ്റുള്ളവര്‍ കാണിയ്ക്കുന്ന അന്ധമായ അനുകരണം ഭാവിയിലെങ്കിലും അവര്‍ക്കിടയില്‍ ഒരു മതപരിഷ്ക്കരണം ഉണ്ടാവാനുള്ള സാധ്യതയെ പാടേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നല്ലത് ആരില്‍ നിന്നും സ്വീകരിയ്ക്കാം. എന്നാല്‍ നല്ലത് എന്ന് ഉറപ്പില്ലാത്തവയെ പോലും കേവലം കൈയ്യടിയ്ക്ക് വേണ്ടിയും സാമൂഹ്യ സ്വീകാര്യതയെന്ന ഉന്മാദത്തിനു വേണ്ടിയും അനുകരിയ്ക്കുന്നത് വലിയ ദോഷം ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here