പത്മാവതി അഥവാ പത്മാവത് ബോളിവുഡിലെ ‘ബോക്സോഫീസ് റെക്കോർഡുകൾ’ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. വർഗീയ-സാമുദായിക ചുവയുള്ള വിവാദങ്ങൾ ഉണ്ടാക്കി സിനിമക്ക് ‘ഇനിഷ്യൽ പബ്ലിസിറ്റി’ നേടിക്കൊടുക്കുക എന്ന തന്ത്രം ബോളിവുഡ് പലപ്പോഴും പരീക്ഷിച്ച് വിജയപ്പിച്ചിട്ടുള്ളതാണ്. സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും റിലയൻസ് ഗ്രൂപ്പിന്റെ വിയാകോം 18 മോഷൻ പിക്ചേഴ്സും കൂടി നിർമിച്ച പത്മാവത് പക്ഷെ ആ തന്ത്രത്തിനെ കുറച്ച് കൂടി നിന്ദ്യമായ രീതിയിൽ പ്രയോഗിച്ചോ എന്ന് സംശയിക്കേണ്ടയിരിക്കുന്നു. ഈ സിനിമ റിലീസ് ആവുന്നതിന് മുൻപ് കണ്ട പ്രതിഷേധങ്ങൾക്ക് കാരണമായി പറഞ്ഞിരുന്നത് എന്തൊക്കെയാണോ അതിനൊക്കെ നേരെ വിപരീതമാണ് സിനിമയുടെ ഉള്ളടക്കം എന്നതാണ് അങ്ങനെയൊരു സംശയത്തിന് കാരണം.
രജപുത്ര അഭിമാനം സംരക്ഷിക്കാൻ രംഗപ്രവേശം ചെയ്ത കാർണി സേന, അവരുടെ പ്രതിഷേധങ്ങളെ നേരിടാനും പുച്ഛിക്കാനും പതിവ് ആവിഷ്കാര സ്വാതന്ത്ര്യക്കാർ. ആദ്യമാദ്യം എല്ലാം പതിവ് ‘ടെംപ്ലേറ്റിൽ’ തന്നെയായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്.
പക്ഷെ സിനിമ റിലീസ് കഴിഞ്ഞപ്പോൾ പൊടുന്നനെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇന്നലത്തെ ആവിഷ്കാരസ്വാതന്ത്ര്യക്കാർ ഇന്നത്തെ പ്രതിഷേധക്കാർ ആവുന്ന മനോഹരമായ കാഴ്ച! ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മഹനീയ പാഠങ്ങൾ കാർണിസേനയെ പഠിപ്പിക്കാൻ നിന്നവർ അതെല്ലാം പൂട്ടി കക്ഷത്ത് വച്ച് സിനിമയെയും സംവിധായകനെയും അംബാനിയെ വരെ ശകാരവർഷം കൊണ്ട് മൂടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
കർണിസേനയും മറ്റ് സമാന സേനകളുടേയുമെല്ലാം പ്രതിഷേധങ്ങൾ നടക്കാറുള്ളത് തെരുവുകളിലാണെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യക്കാരുടെ ആവിഷ്കാരവിരുദ്ധ സമരങ്ങൾ അരങ്ങേറുന്നത് അവരുടെ തട്ടകം ആയ മുഖ്യധാര മാധ്യമങ്ങളിൽ ആണ്. കൊച്ച് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്ന സ്‌കൂൾ ബസുകൾക്കെതിരെപോലും പ്രയോഗിക്കാൻ മടിക്കാത്ത കല്ലുകളും കമ്പുകളും ആണ് മത-സാമുദായിക അഭിമാനം സംരക്ഷിക്കാൻ ഇറങ്ങുന്നവരുടെ ആയുധങ്ങളെങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യക്കാരുടെ ആവിഷ്കാരവിരുദ്ധ സമരങ്ങളിലെ ആയുധം അവരുടെ തൂലികകളാണ്. വെറുപ്പും കാപട്യവുമാണ് അവർ അതിൽ നിന്ന് ഉതിർക്കുന്നത്.
സിനിമ ‘നല്ല ഹിന്ദു-ചീത്ത മുസ്ലിം’ എന്ന വേർതിരിവ് സൃഷ്ടിക്കുന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസിലെ റിവ്യൂ വിമർശിക്കുന്നത്. സ്വന്തം ഭർത്താവിന്റെയും സ്വന്തം ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കാൻ വേണ്ടി തീയിൽ ചാടി മരിക്കാൻ നായിക നിർബന്ധിതമാവുന്നതിലെ സ്ത്രീ വിരുദ്ധയും ചൂണ്ടിക്കാട്ടുന്നു. സിനിമയിലും ചരിത്രത്തിലും ഇല്ലെങ്കിലും വില്ലന്റെയും നായികയുടെയും ‘ദുരന്ത പ്രണയ കഥ’ എന്നൊക്കെ എഴുതി സായൂജ്യമടയുന്നുമുണ്ട് നിരൂപകൻ.
ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജയ് ലീല ബൻസാലിയുടെ ട്രേഡ് മാർക്കായ ദൃശ്യ വിസ്മയം ആണ് ഈ ചിത്രവുമെന്നതിൽ മേൽപറഞ്ഞ നിരൂപകന് സംശയമില്ല. പക്ഷെ എൻഡിടിവിയുടെ റിവ്യൂ പ്രകാരം അത് വെറും തൊലിപ്പുറത്തെ സൗന്ദ്യര്യം മാത്രമാണ്. പക്ഷെ പത്മാവതി ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്നതിൽ അവർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല.
ഇന്ത്യൻ എക്സ്പ്രസും എൻഡിടിവിയും മാത്രമല്ല ഇന്ത്യടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്ന് വേണ്ട നമ്മുടെ മാതൃഭൂമിയിൽ വരെ എഴുതപ്പെട്ട നിരൂപണം ഒരേ അച്ചിൽ വാർത്തെടുത്തതായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് മണ്മറഞ്ഞു പോയ സതി എന്ന ദുരാചാരത്തെ മഹത്വവത്കരിക്കുന്നു എന്നതാണ് ഇവയിലെല്ലാം പൊതുവായുള്ള പ്രധാന വിമർശനം.
- http://indianexpress.com/article/entertainment/movie-review/padmavati-movie-review-star-rating-5036330/
- https://www.ndtv.com/entertainment/padmaavat-movie-review-deepika-padukone-is-to-die-for-in-sanjay-leela-bhansalis-tepid-film-1804438
- https://www.indiatoday.in/movies/reviews/story/padmaavat-movie-review-ranveer-singh-deepika-padukone-shahid-kapoor-1153788-2018-01-25
- https://www.hindustantimes.com/bollywood/whose-history-is-it-anyway-padmaavat-taints-alauddin-khilji-not-padmavati/story-MvpB4OREqm4auO0nVHKt5K.html
- http://www.financialexpress.com/entertainment/padmaavat-movie-review-deepika-padukone-steals-heart-as-rani-padmavati-ranveer-singh-shines-too-in-sanjay-leela-bhansalis-magnum-opus/1027737/
- http://www.mathrubhumi.com/movies-music/features/padmavat-controversy-sanjay-leela-bansali-rajput-karni-sena-ranvir-singh–1.2557812
പക്ഷെ നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യവാദികൾക്ക് ഹാലിളകിയതിന്റെ യഥാർത്ഥ കാരണം മനസിലാവണമെങ്കിൽ മലേഷ്യയിൽ നിന്ന് വന്ന ഒരു വാർത്ത കണ്ടാൽ മതിയാകും. ഇന്ത്യയിൽ ജനുവരി 25ന് സിനിമ റിലീസ് ആയി ഇത്തരം റിവ്യൂകൾ പുറത്ത് വരുന്നതിനിടയിലാണ്, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മലേഷ്യയിൽ പത്മാവതി നിരോധിച്ചു എന്ന വാർത്ത വരുന്നത്. മുസ്ലിം രാജ്യമായ മലേഷ്യയിൽ ഈ ചിത്രം പ്രദർശിപ്പിച്ചാൽ മുസ്ലിം വികാരം വ്രണപ്പെടും എന്നതാണ് അവർ കാരണമായി പറഞ്ഞത്. അപ്പോൾ അതായിരുന്നു നമ്മുടെ ഇന്ത്യയിലെ ലിബറൽ-സെകുലർ-ആവിഷ്കാര സ്വാതന്ത്ര്യക്കാരും ആ സിനിമക്കെതിരെ തിരിയാൻ കാരണം എന്ന് മനസിലാക്കാം. സിനിമയിലും ഹിന്ദുത്വം പിടിമുറുക്കുന്നു എന്നതാണ് പരിവേദനങ്ങളുടെ രത്നച്ചുരുക്കം.
ഒരു മുസ്ലിം സുൽത്താനെ മോശമായി ചിത്രീകരിച്ചു എന്നതിലാണ് ആവിഷ്കാര സ്വാതന്ത്ര്യവാദികൾക്ക് നിലതെറ്റിയത്. മാത്രവുമല്ല യുദ്ധമര്യാദകളോ, ധർമ്മാചരണങ്ങളോ, സദാചാര മൂല്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത മൃഗതുല്യനായി അവതരിപ്പിക്കപ്പെട്ട അലാവുദ്ധീൻ ഖിൽജിയുടെ കഥാപത്രം ചെയ്ത രൺവീർ കപൂറിന്റെ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ‘ഹൈലൈറ്റ്’. അതായത് ഇത്രയും ‘നെഗറ്റീവ്’ ആയ മുസ്ലിം സുൽത്താനാണ് രൺവീറിന്റെ അവിസ്മരണീയ പ്രകടനത്താൽ പ്രേക്ഷകന്റെ മനസ്സിൽ പതിയുന്നത്.
ആവിഷ്കാരസ്വാതന്ത്ര്യ സേനയുടെ കാപട്യം ഇത്രവും ഭംഗിയായി തുറന്ന് കാണിക്കപ്പെട്ട മറ്റൊരവസരമുണ്ടായിട്ടില്ല. ഒരുദാഹരണം പറയുകയാണെങ്കിൽ വിവാദമായ അമീർ ഖാൻ ചിത്രം പി.കെയിൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നു എന്ന് പരാതിയുയർന്നപ്പോൾ സിനിമയെ സിനിമയായി കാണണം, അതിന് കഴിവില്ലാത്ത കലാവിരോധികൾ എന്നൊക്കെയായിരുന്നു പ്രതിഷേധങ്ങളോടും പ്രതിഷേധക്കാരോടുള്ള ഇവരുടെ നിലപാട്. ഇന്ന് പക്ഷെ സിനിമയെ സിനിമയായി കാണണമെന്ന് ഇവർക്ക് യാതൊരു നിർബന്ധവുമില്ല. മറിച്ച് പത്മാവത് എന്ന സിനിമയിൽ മുസ്ലിം വിരുദ്ധത കാണാനും, അതിനെ ഇന്നത്തെ കാലത്തിന്റെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തോട് സന്ധി ചെയ്ത സിനിമ എന്ന് പറയാനും, സിനിമയിലെ കഥാതന്തുവാണ് നായികാ കഥാപത്രത്തിന്റെ ‘ജൗഹർ’ എന്ന് അംഗീകരിച്ചു കൊടുക്കാതിരിക്കാനും അവർക്ക് അല്പം പോലും ജാള്യത തോന്നുന്നില്ല. മുൻപ് പറഞ്ഞിട്ടുള്ള ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ സകല ഗീർവാണങ്ങളും ലവലേശം ഉളുപ്പില്ലാതെ അവർ വിഴുങ്ങി.
രാജ്യത്തെ സ്വയം പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷകർ വിറളി പിടിക്കാൻ തുടങ്ങിയതിന്റെ പിന്നിൽ ചില വർത്തമാനകാല യാഥാർഥ്യങ്ങളുണ്ട്. ഈ നിലവിളികൾ ആദ്യമായി കേൾക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ബാഹുബലി വമ്പൻ സ്വീകാര്യത നേടിയപ്പോഴായിരുന്നു. മഹാഭാരതം ഒളിച്ച് കടത്തുന്നു എന്നായിരുന്നു അന്നത്തെ പരാതിയും വിഷമവും.
രാജ്യത്തിൻറെ മനസാക്ഷി സൂക്ഷിപ്പുകാർ എന്ന് സ്വയം നടിക്കുന്ന ഇവിടുത്തെ ലിബറൽ-സെകുലർ വ്യവസ്ഥിതിയുടെ എല്ലാ വിഷയത്തിലുമുള്ള ഇരട്ടത്താപ്പ് ഇവിടെ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും കാണാം. അതാണ് പതിവിന് വിപരീതമായ പുതിയ തരം ആവിഷ്കാരസ്വാന്തന്ത്ര്യങ്ങൾ കാണുമ്പോൾ അവർക്ക് അസഹനീയമായി അനുഭവപ്പെടുന്നത്.
നമ്മുടെ ലെഫ്റ്റ് ലിബറൽ-ഇൻഡോളജിസ്റ്റുകളുടെ പ്രധാന വാദങ്ങളിലൊന്നാണ് ബ്രിട്ടീഷുകാർ വരുന്നതിന് മുൻപ് ഇന്ത്യ ഇന്ത്യയായിരുന്നില്ല എന്നത്. പരസ്പരം പോരടിക്കുന്ന സ്വാർത്ഥന്മാരും കഴിവുകെട്ടവരുമായ നൂറ് കണക്കിന് രാജാക്കന്മാരുടെ കീഴിലുള്ള വെറും നാട്ടുരാജ്യങ്ങളെ ആദ്യമായി ഒന്നിച്ച് ഇന്ത്യയാക്കിയത് ബ്രിട്ടീഷുകാർ ആണത്രേ. അതിനും മുൻപ് ഭാരതത്തിന് എന്തെങ്കിലും ചരിത്രം ഉണ്ടായിരുന്നെങ്കിൽ, ഏറ്റവും പുറകിലോട്ട് പോയാൽ അത് മുഗൾ ഭരണവും, ഡൽഹി സുൽത്താൻ ഭരണവും വരെ മാത്രം. അതിന് മുൻപ് അനന്തമായ ശൂന്യത മാത്രമായിരുന്നത്രെ!
ബോളിവുഡിലെ ഇതുവരെയുള്ള ഹിറ്റ് ചരിത്ര സിനിമകൾ ഏതൊക്കെയായിരുന്നു എന്ന് നോക്കിയാൽ ഈ ഒരു ‘തിയറി’ അവിടെയും നിലനിൽക്കുന്നത് കാണാം. ‘ടോപ് ഇന്ത്യൻ ഹിസ്റ്ററി മൂവീസ്’ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഒരു കാര്യം ശ്രദ്ധയിൽ പെടും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സിനിമകളും മുഗൾ കാലഘട്ടം വരെയുള്ള സിനിമകളും മാത്രമേ ആ ലിസ്റ്റിൽ കാണൂ. ഗാന്ധി, മുഗൾ ഏ അസം, ജോധാ അക്ബർ, ബാജിറാവു മസ്താനി അങ്ങനെ പോകുന്നു ആ ലിസ്റ്റ്. 1500കൾക്ക് മുൻപ് ഇന്ത്യ ഇല്ല എന്നാണ് ബോളിവുഡിന്റെ നിലപാട്. നമ്മുടെ മലയാളി സംവിധായകൻ സന്തോഷ് ശിവന്റെ ബോക്സോഫീസ് പരാജയമായിരുന്ന ഷാരൂഖ് ഖാൻ ചിത്രം അശോക ആണ് ഇതിനൊരേയൊരു അപവാദം.
നായകന്മാരായ മുഗൾ അല്ലെങ്കിൽ ഡൽഹി സുൽത്താന്മാർക്ക് നായികമാരായ ‘ഇന്ത്യൻ’ രാജകുമാരിമാരോടുള്ള പ്രണയങ്ങളുടെ പൈങ്കിളി കഥകൾ പറയുന്ന സിനിമകൾ ആയിരുന്നു മിക്കവയും. അത്തരം സുൽത്താന്മാരെ മോശമായി ചിത്രീകരിക്കുന്ന സിനിമകളോ, അല്ലെങ്കിൽ ബ്രിട്ടീഷ്-സുൽത്താൻ ഭരണ കാലഘട്ടത്തിന് പുറകിലോട്ടുള്ള തനത് ഇന്ത്യൻ ചരിത്രം പറയുന്ന സിനിമകളോ ഉണ്ടാവാൻ പാടില്ല എന്നുള്ള അലിഖിത നിയമം ഇവിടെയുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ഹിന്ദുക്കളോട് പ്രതികാരം ചെയ്യാൻ വേണ്ടി മുംബൈ ബോംബ് സ്ഫോടന പരമ്പരയും മറ്റ് കലാപങ്ങളും സ്പോൺസർ ചെയ്ത ടൈഗർ മേമൻ-ദാവൂദ് മാഫിയയാണ് ബോളിവുഡിനെയും നിയന്ത്രിച്ചിരുന്നത് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ അത്തരം ഒരു അലിഖിത നിയമം നിലനിൽക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
പക്ഷെ ഈ നിയമങ്ങൾ തെറ്റാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. പത്മാവത് ചെയ്തതും അതാണ്. യുദ്ധമര്യാദകൾ പാലിക്കാതെ എതിരാളികളെ എത്ര നീചമായ മാർഗ്ഗത്തിലൂടെയും തോൽപ്പിക്കുന്ന, അധികാരം നേടാൻ ‘പിതാക്കന്മാരെ’ തടവിലാക്കുന്ന, അതിനായി ഏത് രക്ത ബന്ധത്തെയും വധിക്കാൻ തയ്യാറാവുന്ന തരത്തിലുള്ള മുഗൾ-ഡൽഹി സുൽത്താന്മാരുടെ കഥകൾ ചരിത്ര പുസ്തകങ്ങളിൽ ഒരുപാടുള്ളപ്പോഴും അതൊന്നും ബോളിവുഡ് സിനിമയിൽ ഉണ്ടാവരുതെന്ന ആ അലിഖിത നിയമമാണ് പത്മാവത് തെറ്റിച്ചത്. അതാണ് ഇത്രയധികം സെക്കുലർ-ലിബറൽ നിലവിളികൾ ഉയരാൻ കാരണം.
ഇത്തരം സുൽത്താന്മാരെ എന്നും ‘ഇന്ത്യൻ’ രാജകുമാരിമാരെ അനുരാഗ വിവശരാക്കുന്ന പ്രണയാതുരരായ കാമുകന്മാരും, സൽഗുണ സമ്പന്നന്മാരും മാത്രമായേ ചിത്രീകരിക്കാവൂ എന്ന അലിഖിത നിയമമാണ് പത്മാവത് തെറ്റിച്ചതെങ്കിൽ, ബ്രിട്ടീഷ് ഭരണത്തിനും സുൽത്താൻ ഭരണത്തിനും മുൻപ് ഭാരത സംസ്കാരത്തിന് ചരിത്രമുണ്ടാവരുത് എന്ന ബോളിവുഡിന്റെ അപ്രഖ്യാപിത വിലക്കായിരുന്നു തനത് ഭാരതീയ രാജാക്കന്മാരുടെയും, ഭാരതീയ യുദ്ധതന്ത്രങ്ങളുടെയും കഥ പറഞ്ഞ ബാഹുബലി തകർത്തെറിഞ്ഞത്. മഹാഭാരതത്തെ ഒളിച്ചു കടത്തുന്നു എന്നായിരുന്നു ബാഹുബലിയെക്കുറിച്ചുള്ള അവരുടെ പരാതി.
വെറും സാങ്കല്പിക (ഫിക്ഷൻ) കഥ പറഞ്ഞ ബാഹുബലിയും, ഇപ്പോൾ വിദേശ അധിനിവേശക്കാരായ സുൽത്താന്മാരുടെ യഥാർത്ഥ ചരിത്രം പറയുന്ന പത്മാവതിയും ആവിഷ്കാര സ്വന്തന്ത്ര്യ സേനയെ ഇത്ര ചൊടിപ്പിക്കാൻ കാരണം, അവർ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ഈ ഒരു ‘ട്രെൻഡ്’ പിന്തുടർന്ന് ബ്രിട്ടീഷ്-സുൽത്താൻ ഭരണകാല ചരിത്രത്തിന് പുറകിലേക്ക് ബോളിവുഡ് സഞ്ചരിക്കുമോ എന്നതാണ്. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യം അതിന് ഊർജ്ജം പകരുന്നുണ്ടെന്ന് അവർ സംശയിക്കുന്നു.
അങ്ങനെയാനെയൊരു സാഹചര്യം ഉണ്ടാവുകയാണെകിൽ ബാഹുബലിയുടെ വിജയത്തിന് ശേഷം സംവിധായകൻ രാജമൗലി ഒരു ബിബിസി ഇന്റെർവ്യൂവിൽ പറഞ്ഞ മാറ്റത്തിനാണ് ഇനി ഇന്ത്യൻ സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അത് ഇവിടുത്തെ ലിബറൽ-സെക്കുലർ- ആവിഷ്കാരസ്വന്തന്ത്ര്യ ബ്രിഗേഡിനെ സംബന്ധിച്ച് ഹൃദയഭേദകമായിരിക്കും. രാജമൗലി അന്ന് പറഞ്ഞത് സൂപ്പർ ഹീറോകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത, ഒരുപാട് ഇതിഹാസങ്ങളും ചരിത്രവും സ്വന്തമായുള്ള ഭാരതത്തിന് ബാറ്റ്മാന്റെയും സൂപ്പർമാന്റെയും പുറകെ പോകേണ്ട കാര്യമില്ല എന്നാണ്. അത്രയും സമ്പന്നമായ ചരിത്രവും ഇതിഹാസവും സ്വന്തമായുള്ള ഭാരതത്തിനു ബ്രിട്ടീഷ്-സുൽത്താൻ കാലഘട്ടത്തിൽ കിടന്ന് വട്ടം തിരിയേണ്ട യാതൊരു ആവശ്യവുമില്ല എന്ന് അതിനോട് കൂട്ടിച്ചേർക്കാം.
മുസ്ലിം അധിനിവേശ ശക്തികളോട് പോരാടി നിരവധി ഐതിഹാസിക യുദ്ധ വിജയങ്ങൾ നേടിയ രജപുത്ര വീരൻ പൃഥ്വിരാജ് ചൗഹാന്റെയും, ഒന്നിലധികം തവണ തോൽപ്പിച്ചിട്ടും കൊല്ലാതെ വിട്ട മുഹമ്മദ് ഗോറി പിന്നീട് ചതിയിലൂടെ വധിക്കുന്ന അതേ പൃഥ്വിരാജ് ചൗഹാന്റെയും, മുഗൾ ശക്തിയെ എതിരിട്ട, ഔറഗസേബിനെ തോൽപിച്ച് മറാത്താ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജിന്റെയും, അക്ബറിനെ തോൽപിച്ച് ആഗ്ര-ഡൽഹി കേന്ദ്രീകരിച്ച് ‘ഹിന്ദു രാജ്’ സ്ഥാപിച്ച, അവസാനത്തെ ഹിന്ദു രാജാവെന്ന് വിളിക്കപ്പെടുന്ന വിക്രമാദിത്യ ഹേമു അഥവാ സാമ്രാജ് ഹേമചന്ദ്ര വിക്രമാദിത്യന്റെയും ചരിത്രങ്ങൾ അത്തരം കഥകൾക്ക് ഏതാനും ഉദാഹരണങ്ങൾ മാത്രം.
പൃഥ്വിരാജ്, ശിവാജി, ഹെമു എന്നിവരെല്ലാം ബ്രിട്ടീഷ് – മുസ്ലിം അധിനിവേശ ശക്തികൾക്ക് സമകാലികരായിരുന്നെങ്കിൽ ഇനിയും പുറകിലോട്ട് പോയാൽ രാജമൗലി സൂചിപ്പിച്ച ഭാരതീയ ചരിത്ര-പൗരാണിക കഥകളുടെ അക്ഷയഖനിയുടെ ആഴവും പരപ്പും കാണാം.
ഭാരതത്തിന്റെ ക്ലാസിക്കൽ കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ ചന്ദ്രഗുപ്‌ത-സമുദ്രഗുപ്‌തൻമാരുടെ ഗുപ്ത സാമ്രാജ്യം. അലക്‌സാണ്ടർക്ക് സമകാലികരായ അശോക ചക്രവർത്തിയുടെ മൗര്യ സാമ്രാജ്യം, സൗത്ത്-ഈസ്റ്റ് ഏഷ്യ വരെ വിസ്തൃതമായ ദക്ഷിണേന്ത്യൻ സാമ്രാജ്യമായ ചോള സാമ്രാജ്യം എന്ന് തുടങ്ങി മഹാഭാരതവും രാമായണവും വരെ ചെന്നെത്തുന്നു ആ അക്ഷയഖനി.
ഇതെല്ലാം സിനിമയാക്കാൻ തുടങ്ങിയാൽ ബിബിസി ബാഹുബലിയെക്കുറിച്ച് പറഞ്ഞത് പോലെ ട്രോയ്, ഗ്ലാഡിയേറ്റർ പോലുള്ള വമ്പൻ ഹോളിവുഡ് ‘വാർ മൂവി’കളോട് കിടപിടിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഒരു നിരതന്നെയായിരിക്കും ഉയർന്നു വരുന്നത്. അങ്ങനെ ദേശീയതയുടെ കരുത്താർജ്ജിച്ച ഒരു പുതിയ തരംഗം ആണ്, ഇന്ത്യൻ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും മുഖമുദ്രയാക്കിയ ഇവിടുത്തെ ‘ലിബറൽ-സെകുലർ എസ്റ്റാബ്ലിഷ്‌മെന്റ്’ ഇന്ന് ഭയപ്പെടുന്നത്.
ട്രോയും, ഗ്ലാഡിയേറ്ററും, 300 ഉം പോലുള്ള സിനിമകൾ ഗ്രീക്ക് സംസ്കാരത്തിന്റെ സ്മരണകളാണ് ഉയർത്തുന്നതെങ്കിൽ. മമ്മി സിനിമകൾ കാണുമ്പോൾ ഈജിപ്തിന്റെ പൗരാണികത കൂടിയാണ് ഒരു പ്രേക്ഷകനിലേക്ക് വരുന്നത്. അതുപോലെ ചൈനീസ് മാർഷ്യൽ ആർട്സ് സിനിമകൾ ഓർമിപ്പിക്കുന്നത് തനത് ചൈനീസ് സംസ്കാരവുമാണ്. ഈ ഗണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാതിനിത്യം ഇന്ത്യക്കിതുവരെ ഉണ്ടായിരുന്നില്ല.
ആ ശൂന്യത നികത്താൻ ഇന്ത്യ ഇപ്പോൾ സജ്ജമായിരിക്കുന്നു എന്നാണ് ബാഹുബലിയുടെ അന്താരാഷ്ട്ര വിജയം സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അവരുടെ തന്നെ തട്ടകത്തിൽ നേരിടാൻ ഇന്ത്യൻ സിനിമ തയ്യാറായി എന്നതിന്റെ വിളംബരമാണ് ബാഹുബലി എന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നത്.
അത് തന്നെയാണ് ഇനി വരാൻ പോകുന്നതിന്റെ സൂചന. ബോളിവുഡ് തിരിഞ്ഞു നോക്കാൻ മടിച്ചിരുന്ന ആ അക്ഷയ ഖനിയിലേക്കുള്ള വാതിൽ ആണ് ബാഹുബലിയും പത്മാവതിയും ഇന്ത്യൻ സിനിമക്ക് മുന്നിൽ തുറന്നത്. അത് തന്നെയാണ് ഇത്തരം ലിബറൽ-സെക്കുലർ നിലവിളികൾ കൂടുതൽ ശക്തമാവുന്നതിന്റെ കാരണവും.
കടപ്പാട് ; ബിനോയ് അശോകന്‍