റായ്ബറേലിയിലെ ഒരേയൊരു ഗാന്ധി

0

ലോക്‌സഭയിലെ പിന്‍ബഞ്ചുകളിലൊന്നിലിരുന്ന യുവ എംപി തന്റെ കന്നിപ്രസംഗത്തിനായി എഴുന്നേറ്റു. രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗം മറ്റ് അംഗങ്ങൾ വിസ്മയത്തോടെ കേട്ടിരുന്നു. ആ വാക്കുകള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയുടെ ചുരുളഴിക്കുകയായിരുന്നു എന്ന് ആരും അന്ന് കരുതിയിരുന്നില്ല

65 കൊല്ലം മുൻപ്, ക്യത്യമായി പറഞ്ഞാല്‍, 1955 ഡിസംബർ 6 ന് ഇന്ത്യൻ പാർലിമെന്റിൽ ‘ലൈഫ് ഇൻഷൂറൻസ് ബിൽ’ ചർച്ചക്ക് വന്നപ്പോഴാണ് റായ് ബറേലിയിൽ നിന്നുള്ള യുവ എം.പി. ഫിറോസ് ഗാന്ധി, ഡാൽമിയാ -ജെയിൻ ഉടമസ്ഥതയിലുള്ള ‘ ഭാരത് ഇൻഷൂറൻസ് കമ്പനി’ നടത്തിയ 2 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് തന്റെ പ്രസംഗത്തിലൂടെ പാർലിമെന്റിൽ തുറന്നു കാട്ടിയത്. അന്നത്തെ ഫിറോസിന്റെ വാദം കേട്ടിരുന്ന പാർലിമെന്റ് അംഗം ഡി.സി ശർമ്മ പിന്നീട് പറഞ്ഞത് ‘ അദ്ദേഹത്തിന്റെ പ്രസംഗം, ഒരു ക്രൈം നോവൽ വായിക്കുന്ന പോലെ, എന്നായിരുന്നു. തന്റെ ഉജ്ജലമായ വാഗ്ധരണിയിലൂടെ, തെളിവുകൾ നിരത്തി പാർലിമെന്റിനെ പിടിച്ച് കുലുക്കിയ ഫിറോസ് ഗാന്ധിയുടെ എൽ.ഐ.സി അഴിമതി അന്വേഷണം ഒടുവിൽ കോടതിയിലെത്തി. തുടർന്ന് ക്രമക്കേട് ശരിവെച്ച, കോടതി, കമ്പനി സ്ഥാപകനും ചെയർമാനുമായ രാമകൃഷ്ണ ഡാൽമിയക്ക് 2 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇതോടെ1956 ജൂണിൽ 250 ഇൻഷ്വറൻസ് കമ്പനികൾ ഇന്ത്യയിൽ ദേശസാത്സക്കരിച്ചു കൊണ്ട് നിയമം പാസാക്കാനും ഈ സംഭവം വഴിയൊരുക്കി.
അത് വരെ ലോകസഭയിൽ പിൻ ബഞ്ചിൽ നിശ്ബദനായിരുന്ന ഇരുന്ന ഒരു എം.പിയുടെ പാർലിമെന്റിലെ ശ്രദ്ധേയമായ തുടക്കമായിരുന്നു അത്.

ഫിറോസ് ഗാന്ധിയുടെ നൂറ്റെട്ടാം ജന്മദിനമാണ് കഴിഞ്ഞു പോയത്. അഴിമതിക്കെതിരെ , ശബ്ദമുയർത്തിയ , 48 വയസു മാത്രം ജീവിച്ചിരുന്ന, ഉത്തർ പ്രദേശിലെ റായ്ബറേലിയുടെ എംപിയായ, വിസ്മരിക്കപ്പെട്ട നായകനായിരുന്ന, ജഹാംഗീർ ഫിറോസ് ഗാന്ധി ഇന്ത്യൻ പാർലിമെന്റിന്റെ ചരിത്രത്തിൽ തിളങ്ങുന്ന ഒരു അദ്ധ്യായമാണ്.
1912, സെപ്റ്റംബർ 12 ന് ബോംബെയിൽ പാർസി കുടുംബത്തിൽ ജഹാംഗീർ ഫെയർഡും ഗാന്ധിയുടേയും രത്തിമായ്യുടേയും അഞ്ചാമത്തെ പുത്രനായിരുന്നു ഫിറോസ്, വളർന്നത് അലഹാബാദിൽ, 1929 ൽ ഇർവിൻ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് ബിരുദം. സ്വാതന്ത്ര്യ സമരത്തിലേക്ക് ചാടി വീണ ഫിറോസ് ഏറെ താമസിയാതെ അലഹാബാദിലെ അറിയപ്പെടുന്ന കോൺഗ്രസ്റ്റ് നേതാവായി. മഹാത്മാ ഗാന്ധിയോടുള്ള ആദരവ് മൂലം ഗണ്ടി എന്ന തന്റെ പേരിലെ ഭാഗം ഗാന്ധി എന്നാക്കി മാറ്റി. 3 തവണ ജയിലിൽ കിടന്നു. ലണ്ടനിൽ പഠനം, ഇന്ദിര ഗാന്ധിയുമായി അടുപ്പം, പിന്നിട് വിവാഹം. രണ്ട് കുട്ടികൾ, രാജീവും സഞ്ജയ്യും. 1952 ലും 1957 ലും റായ് ബറേലിയിൽ നിന്ന് ലോക്സഭാ എം.പി. 1961 സെപ്റ്റംബർ 8 ന് മരണം.

ഇന്ത്യൻ രാഷ്ട്രിയ സാമ്പത്തിക മേഖലയെ ആകെ ഉലച്ച’ മുൻദ്ര’ കേസ് ആയിരുന്നു അഴിമതിക്കെതിരെ കുരിശുയുദ്ധമാരംഭിച്ച ഫിറോസ് ഗാന്ധിയുടെ അടുത്ത കേസ്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെ മന്ത്രിസഭക്കു മുൻപിൽ പ്രതിപക്ഷം താരതമേന്യ ദുർബലമായിരുന്നു , പൊതുസ്ഥലങ്ങളിൽ നെഹറുവിനെ വിമർശിച്ചാൽ കരണത്തടി കിട്ടുന്ന കാലത്താണ് കാലത്താണ് തന്റെ പാർട്ടി ഭരണത്തിൽ തന്നെ അഴിമതിക്കെതിരെ ഫിറോസ് ഗാന്ധി പാർലിമെന്റിൽ പ്രതികരിച്ചത്.
ഹരിദാസ് മുൻദ്രയെന്ന കൽക്കട്ട വ്യവസായിയുടെ കമ്പനി ഓഹരികൾ അധിക വില കൊടുത്ത് അനധികൃതമായി LiC വാങ്ങിയെന്ന ആരോപണമായി ഫിറോസ് രംഗത്തെത്തി. ഒരു കോടി ഇരുപത്തിയാറ് ലക്ഷത്തിൽ പരം രൂപ ഇത്തരത്തിൽ LIC യുടെ നിക്ഷേപകമ്മറ്റിയുടെ അംഗീകാരമില്ലാതെ നടന്ന ഇടപാട് ആണിത് എന്ന ഗുരുതരമായ ആരോപണത്തിലൂടെ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനേ തന്നെ വെട്ടിലാക്കി. 3 ദിവസം ഫിറോസ് പാർലിമെന്റിൽ തുടർച്ചയായ് വാദം നടത്തി. ധനകാര്യ മന്ത്രി ടി.ടി. കൃഷ്ണമാചാരി ആദ്യം ഇത് നിഷേധിച്ചു.
പക്ഷേ, ധനകാര്യ സെക്രട്ടറിയായ എച്ച്.എം. പാട്ടേലും ടി.ടി.കെ യ്യും തമ്മിലുള്ള കത്തിടപാടുകൾ പുറത്ത് വിട്ടു കൊണ്ട് ഈ കാര്യത്തിൽ ഫിറോസ് ഗാന്ധി പാർലിമെന്റിനോട് വിശദീകരണം ആവശ്യപെട്ടു. ഗത്യന്തരമില്ലാതെ, നെഹറു റിട്ട. ജസ്റ്റീസ് ഛഗ്ലയെ എകാംഗ കമ്മിഷനായി അന്വേഷണം പ്രഖ്യാപിച്ചു. 24 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ ജസ്റ്റിസ് ഛഗ്ല ഇതിൽ ക്രമകേട് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചു.
അതോടെ. ടി.ടി. കൃഷ്ണമാചാരി ധനകാര്യ മന്ത്രി പദം രാജിവെച്ചു. കോടതി ഈ കേസിൽ ഹരിദാസ് മുൻദ്രക്ക് 22 കൊല്ലത്തെ തടവുശിക്ഷ നൽകി. ഫിറോസ് ഗാന്ധിയെന്ന രാഷ്ട്രിയക്കാരന്റെ വലിയൊരു ചുവടു വെയ്പായിരുന്നു അത്. ഇത് പ്രതിപക്ഷം ഉയർത്തിയ കേസ് അല്ല.മറിച്ച് ഭരണപക്ഷത്തുള്ള ഒരു എം.പി ഉയർത്തിയതാണെന്നുള്ളതാണ്.ഇവിടെ ശ്രദ്ധേയം.

വ്യക്തിപരമായി എറെ പ്രശ്നങ്ങൾ നേരിട്ടായി
രുന്നു ഫിറോസ് ഗാന്ധിയുടെ കുടംബ ജീവിതം . ഒടുവിൽ ഇന്ദിരയുമായി അകന്ന് തീൻ മുർത്തി ഭവനിൽ നിന്ന് താമസം എം.പി. ക്വാർടേഴ്സിലേത് മാറുകയും ചെയ്തു. ജവഹർലാൽ നെഹറുവിന്റെ സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി ഫിറോസിനെ അകറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു. പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് എന്ന പദവി അയാളെ അധികാര ഗർവുളളവനാക്കി. ഇത് ഇന്ദിരാ -ഫിറോസ് ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ അയാൾ ഉപയോഗിച്ചു.അതിന്റെ കൂടെ കുറെ കഥകളും പ്രചരിപ്പിച്ചു.
വി.കെ കൃഷ്ണ മേനോനേയും ഫിറോസ് ഗാന്ധിയേയും കടുത്ത ശത്രുക്കളായാണ് മത്തായി കണ്ടിരുന്നത്.
എന്നാൽ ഫിറോസ് ഗാന്ധി ഇതങ്ങനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. മത്തായി അനധികൃതമായി സമ്പാദിച്ച പണത്തെക്കുറിച്ചും , ‘ചേച്ചമ്മട്രസ്റ്റ് എന്ന പേരിൽ ഒരു സ്ഥാപനത്തിന്റെ പേരിൽ സ്വത്ത് സമ്പാദ്യമുണ്ടാക്കിയുൾപ്പടെയുള്ള കാര്യങ്ങൾ ഒരു പ്രസ്സ് ഏജൻസി വഴി പുറത്തുവിട്ടു. പ്രശസ്ത പത്രപ്രവർത്തകനായ നിഖിൽ ചക്രവർത്തിയുടെ ഇന്ത്യാ പ്രസ്സ് ഏജൻസിയെന്ന സ്ഥാപനം’A Fly in PMO’s Office എന്ന പേരിൽ ഒരു വാർത്ത പത്രങ്ങൾക്കു നൽകി. പാർലിമെന്റിൽ തുടർന്നുണ്ടായ ഒച്ചപ്പാടിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ എ.ഒ. മത്തായിക്ക് രാജി വെക്കേണ്ടി വന്നു. നെഹറു കുടംബത്തിനോട് കടുത്ത പക പ്രകടിപ്പിച്ചാണ്.പി.എം. ഓഫിസിന്റെ പടിയിറങ്ങിയ എം.ഒ. മത്തായിയുടെ പ്രതികാരമാണ് പിന്നിട് 1978 ൽ പുറത്തു വന്ന ‘Remniscince of The Nehru Age’ എന്ന ഓർമ്മക്കുറിപ്പുകൾ . അതിൽ അദ്ദേഹം പ്രതികാരമൂർത്തിയായ് നെഹ്റു കുടംബത്തിനെതിരെ വിഷം തുപ്പിയിരിക്കുന്നു.
പിന്നിട് കേരളത്തിലേക്ക് ചേക്കേറാൻ മത്തായി ഒരു ശ്രമം നടത്തി. കേരളത്തിലെ ചില കോൺഗ്രസ് നേതാകളുടെ സഹായത്താൽ ലോക്സഭാ എം.പി. ലിസ്റ്റിൽ കയറി പറ്റി.തിരുവില്ല ലോക്സഭ സീറ്റിൽ മൽസരിക്കാനായിരുന്നു പരിപാടി. പക്ഷേ, ഡൽഹിയിലെത്തിയപ്പോൾ ഫിറോസ് ഗാന്ധി ഇടപെട്ട് ആ പേര് വെട്ടിച്ചു. (മത്തായി കേരളത്തിൽ നിന്ന് എം.പി.യായാൽ തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്നറിയാമായിരുന്ന കുറച്ചു കോൺഗ്രസ്സുകാരും തങ്ങളാൽ വിധം മത്തായിക്കിട്ട് പാര വെച്ചിരുന്നു. ചിലർ കെ.പി.എ.സി. പ്രസിസന്റ് സി.കെ.ഗോവിന്ദൻ നായരെ നേരിട്ട് കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു.)
എം.ഒ. മത്തായിക്ക് പാർട്ടി ടിക്കറ്റ് നിഷേധിച്ചത് ‘ഹിന്ദുസ്ഥാൻ ടൈംസിൽ’ 8 കോളത്തിൽ വാർത്തയായ് അച്ചടിച്ചു വന്നതോടെ പലരും ആശ്വസിച്ചു.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ച് വിടാനുള്ള നെഹറുവിന്റെ നടപടിയെ ശക്തമായി എതിർത്തതോടെയാണ് ഫിറോസ് ഗാന്ധി ഇന്ദിരാ ഗാന്ധിയുമായി തീർത്തും . അകലുന്നത്. അക്കാലത്തെ കോൺഗ്രസ് പ്രസിസന്റായ ഇന്ദിരാ ഗാന്ധിയെ ഫിറോസ് ഫാസിസ്റ്റ് എന്നാണ് വിളിച്ചത്. തീൻ മൂർത്തി ഭവനനിലെ ഭക്ഷണമേശയിൽ വെച്ച് ഈ നടപടിയെ വിമർശിച്ച് സംസാരിച്ച ഫിറോസ് ഏറെ താമസിയാതെ തീൻ മൂർത്തിയിൽ നിന്ന് താമസം മാറുകയും ചെയ്തു.
‘ നാഷ്ണൽ ഹെറാൾഡ് പത്രത്തിന്റെ ഡയറക്ടർ ഇൻ-ചാർജ് ആയി കുറച്ചുകാലം പ്രവർത്തിച്ചിരുന്ന ഫിറോസ് പത്രത്തിന് വേണ്ടി പാർലിമെന്റ് കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നിട് ഡയറക്ടർ ബോർഡുമായി തെറ്റി രാജി വെച്ചു. 1956 ൽ പാർലിമെന്റ് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് അവകാശവും നിയമ പരിക്ഷയും നൽകുന്ന ബിൽ കൊണ്ടുവന്നതും ഫിറോസ് ഗാന്ധിയാണ്.’ ജനങ്ങൾ തിരഞ്ഞെടുത്തവർ പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്ന് ജനങ്ങൾ അറിഞ്ഞേ തീരൂ, അതിന് തടസം സൃഷ്ടിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുത്’ ബിൽ അവതരിപ്പിക്കുന്ന വേളയിൽ അദ്ദേഹം പറഞ്ഞു. പിന്നീട് ഇത് നിയമമായി.
ഇന്ന് രണ്ട് സഭകളിലേയും ടെലിവിഷൻ ലൈവ് കാണുന്നതിന് ഫിറോസ്ഗാന്ധിയോട് മാദ്ധ്യമ ലോകം കടപ്പെട്ടിരിക്കുന്നു. അക്കാലത്ത് പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി നിലയുറപ്പിച്ച ഒരു രാഷ്ട്രിയക്കാരൻ ! അതായിരുന്നു ഫിറോസ് ഗാന്ധി .

സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ വിഷമതകൾ നേരിട്ടതുകൊണ്ട് മാനസിക പിരിമുറുക്കത്തോടെ ജീവിച്ച ഒരാളായിരുന്നു. വലിയ ഒരു കുടംബത്തിൽ നിന്ന് വിവാഹം കഴിക്കേണ്ടി വന്നതിൽ സ്വന്തം ജീവിതം തുലച്ചുകളഞ്ഞയാളാണ് ഫിറോസ് എന്ന് അദ്ദേഹത്തിനടുപ്പമുണ്ടായിരുന്ന ഒരു പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. തന്റെ പത്രപ്രവർത്തക സുഹൃത്തായ സി.പി.രാമചന്ദ്രനോട് ഒരിക്കൽ ഫിറോസ് പറഞ്ഞു.’You made a big mistake marrying a business man’s daughter!’ നെഹറു കുടംബത്തിലുള്ളവർ ഒരിക്കലും അദ്ദേഹത്തിനെ വകവെച്ചിരുന്നില്ല എന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളും മൂലം
മാനസിക പിരിമുറുക്കം അദ്ദേഹത്തെ ഹൃദ്‌രോഗിയാക്കി.
1960 സെപ്റ്റംബർ 8 ന് , തന്റെ നാൽപ്പത്തിയെട്ടാം ജന്മദിനത്തിന് നാലു ദിവസം മുൻപ് , ഡൽഹിയിലെ വെല്ലിംങ്ങ്‌ടൺ ആശുപത്രിയിൽ വെച്ച് മൂന്നാം തവണ കടന്ന് വന്ന ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു.
അലഹാബാദിലെ പാഴ്സി ശ്‌മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു.

സ്നേഹ സ്മരണക്കായ്
ഫിറോസ് ജഹാംഗീർ ഗാന്ധി
ജനനം 12-9-1912
മരണം 8-9-1960

‘നിന്റെ ഉദാത്തമായ മനസ്സ് ഉന്നതങ്ങളിലേക്ക് ഉയർത്തിയ അവൻ മരിച്ചിട്ടില്ല.
ശേഷിപ്പിച്ചു പോകുന്നവരുടെ ഹൃദയങ്ങളിൽ ജീവിക്കുമ്പോൾ നാം മരിക്കുന്നില്ല!’

LEAVE A REPLY

Please enter your comment!
Please enter your name here