നാട്ടിലെത്തിയപ്പോള്‍ കൊച്ചിക്ക് ഒന്നു പോകേണ്ടിവന്നു. ശകടമോടി പാലാരിവട്ടമെത്തിയപ്പോള്‍ ചങ്കൊന്നു പിടഞ്ഞു. അതിര്‍ത്തിയിലെ റോഡുകളിലൂടെ പോകുമ്പോള്‍ കുഴി ബോംബിനെ ഭയക്കാറുണ്ട് അതുപോലെയാ വൈറ്റിലയും പാലാരിവട്ടവും ഒക്കെ താണ്ടി ശകടമോടിച്ചപ്പോള്‍ തോന്നിയത്.. ഇബ്രാഹിം കുഞ്ഞിനേയും T.O സിറാജിനേയും ഒക്കെ സ്മരിച്ചു, നമ്പര്‍ വണ്‍ കേരളത്തില്‍ ജനിക്കാനായതില്‍ അതിയായ സംതൃപ്തി തോന്നിയ നിമിഷം. മഴക്കാലത്തും വേനല്‍ക്കാലത്തും വൈറ്റിലയിലെ റോഡുകള്‍ക്ക് ഒരേ സ്വഭാവമാണ്. ഏതു തരം വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടേയും നടുവൊടിക്കുക എന്ന കര്‍ത്തവ്യം ഈ റോഡുകള്‍ കൃത്യമായി നിര്‍വഹിക്കുന്നു.
പാലാരിവട്ടവും വൈറ്റിലയും പിന്നിട്ട് മരടില്‍ എത്തിയപ്പോഴാണ് അവിടുത്തെ മാതൃകാ മുനിസിപ്പാലിറ്റിയുടെ ഓഫീസ് കണ്ടത്. ഈ കെട്ടിടത്തിലാണത്രെ സകല അരുതായ്മകളും ഫയലുകള്‍ക്കുള്ളില്‍ സമ്മേളി്ച്ചിരിക്കുന്നത്. ഇവയെ ഇങ്ങിനെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍മാരും അതിനെ താലോലിക്കുന്ന ഭരണ സംവിധാനത്തിനും വാഗാ അതിര്‍ത്തിയില്‍ പാക് സൈന്യത്തിനു നേരെ കാലുയര്‍ത്തി നല്‍കുന്ന സല്യൂട്ടൊരെണ്ണം വെച്ചു കൊടുത്തു…
വണ്ടി മുപ്പതു കീലോമീറ്റര്‍ സ്പീഡില്‍ ഇഴയുകയാണ്. കുഴികളില്‍ വീണ് ഷോക് അബ്‌സര്‍ബറുകളുടെ നടുവൊടിയുന്ന ഒച്ച കേള്‍ക്കാം. ആലപ്പുഴക്കാരന്‍ സുധാകരന്റെ കവിത മനസില്‍ ഓടിവന്നു. കറുത്ത പൂച്ചയൊരെണ്ണം എന്റെ വണ്ടിയുടെ അടിയിലൂടെ ഓടി മറുകരയെത്തി. അത്ഭുതം… പൂച്ച ഇളിച്ചു കാണിക്കുന്നു. അറുപതു കിലോമീറ്റര്‍ സ്പീഡിലായിരുന്നു എന്റെ ശകടം ഓടിയിരുന്നതെങ്കില്‍ പൂച്ചയുടെ ഈ ചിരി റോഡില്‍ പറ്റിപ്പിടിച്ചിരുന്നേനെ..
അതിനിടെ, കറുത്ത ഗൗണും അതിനുള്ളിലെ വെളുത്ത വസ്ത്രവും ചുറ്റികയും കണ്ണുമൂടിക്കെട്ടിയ ദേവതയുമൊക്കെ ചിന്തയില്‍ ചുവന്ന ബീക്കണിട്ട് വന്നു നിന്നു. മരടിലെ ഫ്‌ളാറ്റാണ് വിഷയം.. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്റേയും പിന്നീട് പദവി ഉയര്‍ച്ച കിട്ടി മുനിസിപ്പാലിറ്റിയായപ്പോള്‍ അന്നും …എല്ലാ അനുമതിയും വാങ്ങിച്ചെടുത്ത് വാനം തോണ്ടി കെട്ടിപ്പൊക്കിയ സൗധങ്ങള്‍.. നഗരത്തില്‍ ചേക്കാറേന്‍ കാല്‍ക്കോടിയുടെ കോണ്‍ക്രീറ്റ് കൂട് തേടിയെത്തിയവര്‍.. അവരില്‍ ചിലര്‍ വിയര്‍പ്പൊഴുക്കിയും ഒക്കെ നേടിയ കാശ്.. ഒറ്റപ്പെട്ട മറ്റു ചിലര്‍.. തീരദേശ പരിപാലന നിയമത്തിന്റെ വാള്‍ത്തല നെഞ്ചിലിറക്കിയ ശേഷം ചോരവാര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍…
ഇടിച്ചു നിരത്താന്‍ വിധിയെഴുതിയവരെയല്ല.. നിയമം എഴുതി വെയ്ക്കുകയും ഇതിനു കടക വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണ സംവിധാനത്തെപ്പറയണം.. പടിഞ്ഞാറു നീണ്ടു പരന്നു കിടക്കുന്ന കടലോരവും കിഴക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും ഇതിനിടയില്‍ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന 44 നദികളും നിരവധി ഉള്‍നാടന്‍ കൈത്തോടുകളും ജലാശയങ്ങളും … കേരളത്തില്‍ നിയമത്തെ മുട്ടാതെ, തട്ടാതെ ഒരു ബഹുനിലക്കെട്ടിടം പണിയാന്‍ ഇടമില്ല..
പ്രകൃതിക്കിണങ്ങിയ ഭൂട്ടാന്‍ ശൈലിയാകണം കേരളത്തിന്റെ വികസനം .ഈ ഹരിതാഭയും, മലകളും, നദികളും, കടലോരവും .. ഒക്കെയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ പച്ചപ്പ് പണയം വെച്ചുള്ള അന്നം തേടല്‍ വിത്ത് എടുത്ത് കുത്തുന്നതു പോലെയാണ്. പഞ്ചനക്ഷത്ര സൗകര്യം വള്ളിക്കുടിലിലും ഒരുക്കാം. അതിന് ആകാശം മുട്ടുന്ന സൗധങ്ങളുടെ ആവശ്യമില്ല.
നാട്ടിലെ ദേശീയ പാതപോലും ഇടവഴിയുടെ വീതിയിലാണ്. ജനസാന്ദ്രത അത്രമേല്‍, എട്ടുവരിപ്പാതയൊക്കെ സ്വപ്‌നങ്ങളില്‍. അപ്പോള്‍പ്പിന്നെ, കേരളത്തിനായി പ്രത്യേകം വികസന മാതൃക തയ്യാറാക്കണം.
ഇഷ്ടിക, പാറക്കല്ല്, വെട്ടുക്കല്ല്. പുഴയിലെ മണല്‍ ഇവയൊന്നുമില്ലാതെ ലോകം മുഴുവന്‍ ആകാശം മുട്ടെ ബഹുനില കെട്ടിടങ്ങള്‍ പണിയുന്നു.
പക്ഷേ, മലയാളി- പുഴയിലെ മണല്‍ കൊല്ലിവല വെച്ച് വാരി സിമന്റിന് പരുക്കനിടുന്നു. കടലിലെ വെള്ളം നീരാവിയായി പടിഞ്ഞാറന്‍ കാറ്റേറ്റ് കിഴക്കോട്ട് പായുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിക്കുന്ന മലകളെ ഇടിച്ചു നിരത്തി വലിയ കെട്ടിടങ്ങള്‍ക്ക് അടിത്തറ പണിയുന്നു ഇതിനു മേല്‍ നാലായിരം അടിയുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പാക്കുന്നു. ചുറ്റും വമ്പന്‍ മതിലുയര്‍ത്തുന്നു. മധ്യവര്‍ഗ-സമ്പന്ന മലയാളി ഇങ്ങിനെയാണ്.
..ചേക്കിലെ എന്റെ വീട് വെറും നാലര സെന്റിലാണ്. ഓടിട്ട വീട്.. പുതുക്കി പണിയാന്‍ പലവട്ടം ആലോചിച്ചതാണ്. എന്നാലും ചെയ്തില്ല. പത്രാസ് കാണിക്കാന്‍ ഇല്ലാത്ത പണം വായ്പ എടുത്ത് പണിയാന്‍ എനിക്കു തോന്നിയില്ല. പാക്കിസ്ഥാന്റെ വെടിയുണ്ടയേറ്റ് വീരമൃത്യുവരിച്ചില്ലെങ്കില്‍ തെക്കെപ്പറമ്പിലോട്ട് എടുക്കും മുമ്പ് ഇവിടെത്തന്നെ ഓടിട്ട കൂരയ്ക്കു താഴെത്തന്നെ ജീവിക്കണമെന്നാണ് എന്റെ ഒരിത്.
പണ്ട് ഭൂട്ടാന്‍ സൈന്യത്തിനെ പരിശീലിപ്പിക്കാന്‍ പോയ ഗ്രൂപ്പില്‍ ഞാനുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഹരിതാഭമായ രാജ്യമാണ് ഭൂട്ടാന്‍. ഇവരുടെ ഭരണ ഘടനയുടെ നാലു തൂണുകളിലൊന്നാണത്ര പരിസ്ഥിതി. പോസ്റ്റര്‍ ബോയി ഓഫ് ഗ്രീന്‍ ലിംവിംഗ് എന്നാണ് ഞങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അന്നു ഭൂട്ടാനെ വിശേഷിപ്പിച്ചത്. കാര്‍ബണ്‍ നെഗറ്റീവ് ഉള്ള ലോകത്തിലെ ഏകരാജ്യം. അവര്‍ ശ്വസിക്കുന്നതിലും കൂടുതല്‍ ഓക്‌സിദന്‍ ലോകത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്നു. കാടുകള്‍കാര്‍ബണെ വലിച്ചെടുക്കുന്നു. പകരം പ്രാണവായു തിരി്ച്ചു നല്‍കുന്നു.
വയനാട് ജില്ലയേക്കാള്‍ കുറഞ്ഞ ജനസംഖ്യ മാത്രമുള്ള ഭൂട്ടാന്‍ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നില ആറു മാത്രം. ഏഷ്യന്‍ രാജ്യങ്ങള്‍ ജിഡിപിയുടെ ഗ്രാഫു നോക്കി ഇരുന്നപ്പോള്‍ ഭൂട്ടാന്‍ ഗ്രോസ് നാഷണല്‍ ഹാപ്പിനസിലാണ് കണ്ണുനട്ടത്. വിറകുവെട്ടുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയ രാജ്യം. വാഹനങ്ങള്‍ക്ക് ബന്ദിപ്പൂരുവഴി പോകാന്‍ നിരാഹാരം കിടക്കുന്ന മലയാളി ഭൂട്ടാനിലേക്ക് ചെല്ലണം. കാടുകള്‍ക്കിടയില്‍ മൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മാത്രമായി ഇടനാഴി ഒരുക്കിയി്ട്ടുണ്ട്. ഇവിടെ. സഹവര്‍ത്തിത്വം ഭൂമിയിലെ മറ്റുജീവികളുമായും വേണമെന്ന് ഇവിടെ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്നു.
ഹോട്ടലുകളില്‍ ഭക്ഷണം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ആറു മണിക്കൂര്‍ മുമ്പ് ബുക്കു ചെയ്യണം. ആഹാരം പാഴാക്കാന്‍ ഇവര്‍ക്കാകില്ല. സിഗററ്റ് പൂര്‍ണമായും നിരോധിച്ച രാജ്യവുമാണ് ഭൂട്ടാന്‍.. ടൂറിസ്റ്റുകളായി എത്തുന്ന വിദേശികള്‍ക്ക് മാത്രം ലഭിക്കും .
ഒരു കുടുംബത്തിന് ഒരു കാര്‍ എന്ന നയമാണ് ഭൂട്ടാന്‍ നടപ്പിലാക്കിയത്. രാജ്യത്തിന്റെ അമ്പതു ശതമാനം ഭൂമിയും സ്ഥായിയായ സംരക്ഷിത വനവല്‍ക്കരണത്തിന്റെ ഭാദമാണ്. എണ്‍പതുശതമാനം ഭൂമിയും ഇത്തരത്തിലാക്കാനാണ് ശ്രമം. കാര്‍ബണ്‍ ന്യൂട്രല്‍ കാര്‍ബണ്‍ നെഗറ്റീവ് എന്നൊന്നും പറഞ്ഞാല്‍ കേരളത്തിന്റെ ഭരണകര്‍ത്താക്കള്‍ക്ക് അറിയില്ലായിരിക്കാം. പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനങ്ങളെല്ലാം നിരുത്തരവാദപരമായ മനോഭാവം മൂലം പാഴാക്കികളയുന്ന തലമുറകളെയാണ് മലയാളി നാടിന് സംഭാവന ചെയ്തത്.
നാട്ടുകാര്‍ക്ക് ഇല്ലാത്ത ഗ്രീന്‍ മൈന്‍ഡ്‌സെറ്റ് രാഷ്ടീയ നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിക്കു വയ്യ. കാര്‍ബണ്‍ ബഹിര്‍ഗമനമല്ല കാര്‍ബണ്‍ ആഗിരണ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ എത്ര കാലം ഇനിയും കാത്തിരിക്കേണ്ടിവരും. മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പോലെ ആയിരത്തിലധികം അനധികൃത കെട്ടിടങ്ങള്‍ കൊച്ചു കേരളത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്നത് പ്രകൃതി വിരുദ്ധമായാണ്. മൂന്നാറിലെ കൈയ്യേറ്റങളുടെ കഥയും ക്ലൈമാക്‌സും ഏവര്‍ക്കുമറിയാവുന്നതാണ്.
അനധികൃതമായി ഫ്‌ളാറ്റു കെട്ടിപ്പൊക്കിയ ശേഷം പിന്നീട് നിയമ വിരുദ്ധമെന്ന് വിധിച്ച് നഷ്ടപരിഹാരം നല്‍കി പൊളിച്ചു കളയുന്ന ഏര്‍പ്പാട് ഈ നാട്ടിലെ നടക്കു. നികുതി കൊടുക്കുന്നവന്റെ കീശയില്‍ നിന്ന് പ്രളയ ദുരന്തത്തിന്റെ പേരിലും സെസ് പിരിക്കുന്ന ഭരണകൂടമാണ് ഉദ്യോഗസ്ഥരുടെ പിഴകള്‍ക്കും അരുതായ്മകള്‍ക്കും ശിക്ഷ പൊതുജനത്തിന് വിധിക്കുന്നത്.
കടലില്‍ നിന്നും പൊങ്ങിവന്ന കേരളം താമസിയാതെ പ്രളയജലത്താല്‍ കടലെടുത്തു ഒരു തരി കരയില്ലാതെ പോയാലും ആരും കരയരുത്. മഴുവാണ് കേരളത്തെ സൃഷ്ടിച്ചതെങ്കില്‍ അതേ മഴുതന്നെ കഥയും അവസാനിപ്പിച്ചേക്കും. നിയമ പുസ്തകങ്ങള്‍ക്ക് അലമാരയിലെ തടവറയില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണ് നല്ലത്. ഇരട്ടവാലനും ചിതലുകള്‍ക്കും തീറ്റ വേണമല്ലോ …