ലാറ്റിനമേരിക്കൻ ഫുട്ബോൾ വാഴ്ത്തുപാട്ടുകൾ : മിഥ്യയും യാഥാർഥ്യവും

3

നാല് കൊല്ലം കൂടുമ്പോള്‍ കേട്ടുവരുന്നതാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ ചാരുതയെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍.ഓരോ ലോകകപ്പും കേരളത്തില്‍ വരവേല്‍ക്കപ്പെടുന്നത് പ്രധാനമായും ലാറ്റിനമേരിക്കയിലെ രണ്ടു രാജ്യങ്ങളുടെ ആരാധകരിലെക്ക് കേന്ദ്രീകരിച്ചാണ്.ലാറ്റിനമേരിക്ക എന്നാല്‍ ഈ രണ്ടു രാജ്യങ്ങള്‍ മാത്രമല്ലെന്നും ഓര്‍ക്കാറില്ല. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ സ്പോര്‍ട്സ് പേജുകളും കുറച്ചു എഴുത്തുകാരും ചേര്‍ന്നാണ് ലാറ്റിനമേരിക്കന്‍ മിത്തിനെ ഇവിടെ പ്രതിഷ്ഠിച്ചത്.ഫുട്ബോള്‍ എന്നാല്‍ അര്‍ജന്റീന,ബ്രസീല്‍ എന്നീ രണ്ടു ടീമുകളും കേളീശൈലിയെന്നാല്‍ ലാറ്റിനമേരിക്കന്‍ ശൈലിയെന്നും കേരള മനസ്സുകളില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നവര്‍ രണ്ടേ രണ്ടു പേര്‍ ,പെലെയും ഡീഗോ മാറഡോണയും .യൊഹാന്‍ ക്രൈഫ്,മിഷല്‍ പ്ലാറ്റിനി ,ബെക്കന്‍ ബോവര്‍,പുഷ്കാസ് എന്നിവരെല്ലാം ഇവര്‍ക്ക് പുറകില്‍ മാത്രം നില്‍ക്കുന്നവരായി. നാല് കൊല്ലത്തിലൊരിക്കല്‍ വരുന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ മാത്രമാണ് ലോകോത്തര കളിക്കാര്‍ എന്നൊരു പൊതു ധാരണയും രൂപപ്പെടുത്തിയതില്‍ ഈ മാധ്യമങ്ങള്‍ക്കുള്ള പങ്ക് സ്തുത്യര്‍ഹമാണ്.ഫ്ലാംബോയന്റ്റ് സോക്കര്‍ കളിക്കുന്നു എന്നതും ലാറ്റിനമേരിക്കയോടുള്ള ആരാധനക്ക് കാരണമാണ്. ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായി വാഴ്ത്തപ്പെടുന്ന മാജിക്കല്‍ മഗ്യാര്‍സ് എന്നറിയപ്പെടുന്ന ഹംഗറി , എഴുപതുകളിലെ ഹോളണ്ടിന്റെ ഐതിഹാസിക ടീം , 70 കളിലെ തന്നെ ബെക്കന്‍ ബോവറും വോട്ട്സും മുള്ളറും അടങ്ങിയ ജര്‍മനിയുടെ ലോകോത്തര ടീം .ഇറ്റാലിയന്‍ ടീമുകള്‍ എന്നിവയെല്ലാം അവഗണിക്കപ്പെടുകയാണ്.

ജോര്‍ജ് ബസ്റ്റ് ആരാണെന്ന് സംശയിക്കുന്ന തലത്തില്‍ എത്തിച്ചു കൊണ്ടാണ് ഒരു തലമുറയിലേക്ക് പാതി വെന്ത ഫുട്ബോള്‍ ചരിത്രം ഫീഡ് ചെയ്യപ്പെട്ടത്. ജാക്ക് റൈനോള്‍ഡ്സ് രൂപപ്പെടുത്തി റിനസ് മിഷല്‍സ് വിജയകരമായി അപ് ഗ്രേഡ് ചെയ്ത് ഹോളണ്ടിലൂടെ ലോകഫുട്ബോളില്‍ പെയ്തിറങ്ങിയ ഓറഞ്ച് വസന്തം ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ മുന്നില്‍ തിളക്കം കുറഞ്ഞ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത് .ടോട്ടല്‍ ഫുട്ബോളിന്റെ സുന്ദരമായ മുഖം യൊഹാന്‍ ക്രൈഫ് എന്ന ഇതിഹാസ താരത്തിലൂടെ ആദ്യം അയാക്സിലും പിന്നീട് ദേശീയ ടീമിലും മിഷല്‍സ് അവതരിപ്പിച്ചതൊക്കെ വായിച്ചറിയാനുള്ള അവസരം ഇവിടത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നിഷേധിക്കപ്പെടുകയും ലാറ്റിനമേരിക്കന്‍ വീരഗാഥകള്‍ മാത്രമായി ഫുട്ബോള്‍ മാറുകയും ചെയ്തിരുന്നു.അയാക്സ് കളിച്ച ടോട്ടല്‍ ഫുട്ബോളും മിലാന്‍ ടീമുകളുടെ കറ്റനാഷ്യോയും തമ്മിലുള്ള ആവേശകരമായ പോരാട്ടങ്ങള്‍ ഇവിടെ വിവരിക്കപ്പെടുന്നുമില്ല.മറിച്ചു എത്ര പരാജയപ്പെടുമ്പോഴും ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഇവിടെ ആഘോഷിക്കപ്പെടുന്നുണ്ട് .ഓരോ ലോകകപ്പ് വരുമ്പോഴും സാധ്യതകള്‍ എത്ര കുറവായിരുന്നാലും കവിതകള്‍ രചിക്കപ്പെടുന്നത് ലാറ്റിനമേരിക്കക്ക് വേണ്ടിയാണ്.നമുക്ക് പൊതുവേ യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നകന്നു നില്‍ക്കാനുള്ള ഒരു പ്രവണത കൂടുതലുമാണ് എന്ന് തോന്നുന്നു. ഗാലറികളെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്ന ഫുട്ബോള്‍ എന്നതും ലാറ്റിനമേരിക്കന്‍ ആരാധനക്ക് ഒരു കാരണമായിട്ടുണ്ടെങ്കില്‍ അത്തരം ഫുട്ബോളും ഇന്ന് നമുക്കന്യമാണ് എന്ന് പറയാതെ വയ്യ.

ഹിഗ്വിറ്റ എന്ന ഗോളിയെ എടുക്കാം .ഗോള്‍ കീപ്പറുടെ ധര്‍മം ഗോള്‍വല കാക്കുക എന്നതാണെന്ന നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് ഡ്രിബിള്‍ ചെയ്യാനും അപകടകരമാം വിധം മുന്നോട്ടു കയറി കളിക്കാനുമുള്ള ത്വര അയാളില്‍ ഉണ്ടായിരുന്നു.സ്കോര്‍പിയന്‍ കിക്ക് ഒരു വ്യത്യസ്തമായ അനുഭവമായി അവശേഷിക്കുമ്പോഴും ബേസിക്കലി ഗോള്‍ കീപ്പറുടെ ഗുരുതരമായ ഒരു പിഴവ് മാത്രമാണെന്ന തിരിച്ചറിവ് ഏറെ വൈകിയാണ് പലര്‍ക്കും ഉണ്ടാകുന്നത്.സ്കോര്‍പിയന്‍ കിക്ക് ഒരു നിഷേധിയുടെ വിപ്ലവം എന്ന രീതിയില്‍ ബൂസ്റ്റ്‌ ചെയ്യപ്പെട്ടപ്പോഴും ആയൊരു നിമിഷത്തിലെ ആവേശത്തിനപ്പുറം സ്വന്തം ടീമിനെ പരാജയത്തിലേക്ക് തള്ളിയിടാന്‍ മാത്രം കെല്പുള്ള ഒരു തെറ്റാണതെന്നു വിലയിരുത്തുന്നവര്‍ കുറവാണ്. അയാളുടെ പിഴവുകള്‍ പല മത്സരങ്ങളും പരാജയപ്പെടാന്‍ കാരണമായതും മറക്കരുത്. ലാറ്റിനമേരിക്കന്‍ കളിക്കാരുടെ പിഴവുകള്‍ പോലും എങ്ങനെയായിരുന്നു ഇവിടത്തെ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടത് എന്നതിനൊരു ഉദാഹരണമാണ് ഹിഗ്വിറ്റ .86 ലെ ഡീഗോ മാറഡോണയുടെ കൈ കൊണ്ട് തട്ടിയിട്ടു നേടിയ ഗോളിനെ ദൈവത്തിന്‍റെ കൈ കൊണ്ട് നേടിയ ഗോള്‍ എന്ന നിലയില്‍ വീരോചിത പരിവേഷം നല്‍കിയാണ്‌ ഇവിടെ അവതരിപ്പിക്കപ്പെട്ടത്.ഫുട്ബോള്‍ നിയമങ്ങള്‍ പാടെ കാറ്റില്‍ പറത്തിക്കൊണ്ട് നേടിയ ആ ഗോളിന് ലഭിച്ച സ്വീകരണം പോസിറ്റീവ് ആയിരുന്നു .ഡീഗോ ലോകത്തൊരു കളിക്കാരനും കഴിയാത്ത രീതിയില്‍ മനോഹരമായ ഒരു ഗോള്‍ കൊണ്ട് ആ കളിയില്‍ തന്നെ അയാളെന്തായിരുന്നു എന്ന് കാട്ടിത്തന്നെങ്കിലും കൈ കൊണ്ട് നേടിയ ഗോള്‍ ഒരു വലിയ തെറ്റാണെന്നു പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടുമില്ല.

Image result for higuita scorpion kick

ഇറ്റലിയെന്നാല്‍ വെറും പ്രതിരോധക്കോട്ടയുയര്‍ത്തി എതിരാളികളെ ഗോളടിപ്പിക്കാതെ തളച്ചിടുന്ന ടീമായി അവതരിപ്പിക്കപ്പെടുന്നു. .ഹൈലി ഓര്‍ഗനൈസ്ഡ് ആയ ഇറ്റലിയുടെ കറ്റനാഷ്യോ ശൈലി ഒരു ശൈലിയായി പോലും പ്രസന്റ് ചെയ്യപ്പെടുന്നില്ല. കാണികള്‍ക്ക് വിരസമായ മത്സരങ്ങള്‍ മാത്രം നല്‍കുന്ന ടീമിന്‍റെ കഥകളൊന്നും തന്നെ പറയാനുമില്ല. 4 ലോകകപ്പ് കിരീടങ്ങളും 2 തവണ റണ്ണേഴ്സ് അപ്പും 2 തവണ സെമിയിലും എത്തിയ ടീം വമ്പന്‍ ടൂര്‍ണമെന്റുകളില്‍ സ്ഥിരതയുടെ പര്യായമാണ് എന്നതൊക്കെ വായിക്കാന്‍ എന്ത് രസം ? മാന്‍ ടു മാന്‍ മാര്‍ക്കിംഗ് നടത്തുന്ന പ്രതിരോധ നിരക്കാരും അവര്‍ക്ക് പുറകിലായി ഒരു സ്വീപ്പറും അണിനിരക്കുന്ന ശൈലിയാണ് ഇറ്റാലിയന്‍ ടീമുകളുടെ പ്രതിരോധ നിരകളെ ഏറ്റവും കടുത്തതും ഇറ്റാലിയന്‍ ഡിഫന്‍ഡര്‍മാരെ മറികടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളവരുമാക്കിയത്. കറ്റനാഷ്യോയുടെ തകര്‍ച്ചയും ടോട്ടല്‍ ഫുട്ബോള്‍ അതിന്‍റെ പീക്കിലെക്ക് ഉയരുന്നതും ഒരേ സമയമാണ് സംഭവിക്കുന്നത് .ഔട്ട്‌ ഫീല്‍ഡ് കളിക്കാരെല്ലാം തന്നെ പൊസിഷന്‍ മാറുന്നതിന്നനുസരിച്ച് സമര്‍ത്ഥമായി ആ ഗ്യാപ്പുകള്‍ നിറക്കപ്പെടുകയും ഫുട്ബോള്‍ അസാദ്ധ്യമായ ഒഴുക്കോടെ അവതരിപ്പിക്കപ്പെടുകയും ചെയ്തു.ഗോള്‍കീപ്പര്‍ ഒഴികെയുള്ളവര്‍ എല്ലാം തന്നെ ഏതൊരു പൊസിഷനും കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരുന്നു.ടെക്നിക്കലി അസാധാരണമാം വിധം മികച്ചു നില്‍ക്കുന്ന ഒരു കൂട്ടം കളിക്കാരുടെ സംഗമം . ഈ സിംഫണി നിയന്ത്രിച്ചു കൊണ്ട് പ്ലേ മേക്കര്‍ യൊഹാന്‍ ക്രൈഫും . അയാക്സ് ഇന്റര്‍ മിലാനെയും എ.സി മിലാനെയും തകര്‍ത്തു കളയുന്നതോടെയാണ് കറ്റനാഷ്യോ തകര്‍ച്ച നേരിടുന്നത്.തിരമാലകളെ പോലെ ഇരമ്പി വരുന്ന ഒരു ഫ്ലൂയിഡ് സിസ്റ്റത്തെ തടഞ്ഞു നിര്‍ത്താന്‍ കറ്റനാഷ്യോക്ക് കഴിഞ്ഞില്ല.ക്രൈഫിന്റെ നേതൃത്വത്തില്‍ ഹോളണ്ട് ദേശീയ ടീമിലും വിജയകരമായി അവതരിപ്പിക്കപ്പെട്ടിരുന്നു ടോട്ടല്‍ ഫുട്ബോള്‍.74 ലെ ലോകകപ്പ് ഹോളണ്ടിന്‍റെ പടയോട്ടമായിരുന്നു.ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിനെ 2 ഗോളിനും അര്‍ജന്റീനയെ 4 ഗോളിനും തകര്‍ത്തു വിട്ട ഓറഞ്ച് പടയുടെ മികവ് നമ്മുടെ നാട്ടിലെ വാഴ്ത്തുപാട്ടുകളില്‍ ഉണ്ടായിരുന്നില്ല. 74 ലെ ലോകകപ്പ് ഫൈനല്‍ ടോട്ടല്‍ ഫുട്ബോളിന്‍റെയും ഓറഞ്ച് പടയുടെയും കിരീടധാരണമാകുമെന്നായിരുന്നു പ്രതീക്ഷകളെങ്കിലും ജര്‍മന്‍ പട ബര്‍ഗി വോട്സിനെ ഉപയോഗിച്ച് ക്രൈഫിനെ കടുത്ത മാന്‍ മാര്‍ക്കിംഗിന് വിധേയനാക്കി അയാളുടെ സ്വാധീനം പരിമിതപ്പെടുത്തുകയും ഒന്നിനെതിരെ രണ്ടു ഗോളിന് വിജയിക്കുകയും ചെയ്തു.കടുത്ത പ്രതിസന്ധികളെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ജര്‍മന്‍ ഫുട്ബോളിനു പിന്നീടെന്നും ലോക ഫുട്ബോളിന്റെ മുന്‍നിരയില്‍ തന്നെയാണ് സ്ഥാനം .
Image result for yohan crife

സൌത്ത് അമേരിക്കന്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ ഒട്ടനവധി നയിച്ച സൈമണ്‍ ബൊളിവര്‍ ഇവിടെ എത്ര കണ്ടു പരിചിതനായിരുന്നു എന്നറിയില്ല ,പക്ഷെ ചെഗുവേര, ഫിദല്‍ കാസ്ട്രോ എന്നീ വിപ്ലവങ്ങള്‍ ഒരുപാട് നയിച്ച നാമങ്ങള്‍ക്ക് ആഗോള തലത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ തന്ത്രപൂര്‍വ്വം കൂട്ടിയിണക്കിയ ഇവിടത്തെ മാധ്യമങ്ങള്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവരുടെ ഫുട്ബോള്‍ ആണെന്ന പൊതുധാരണ രൂപപ്പെടുത്തിയോ എന്ന സംശയമുണ്ട്.ശക്തമായ ബിംബങ്ങളെ മുന്നോട്ടു വക്കാതെ ഇവിടെ ഒന്നിനും വളര്‍ച്ചയില്ല എന്ന അവസ്ഥയില്‍ ലാറ്റിനമേരിക്കന്‍ കളിക്കാര്‍ വ്യക്തിഗത മികവ് കൊണ്ട് പൊതുവേ അംഗീകരിക്കപ്പെടുന്നവരായതും നമ്മുടെ ചായ് വിനു ആക്കം കൂട്ടിക്കാണണം.ആക്രമണമാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ മുഖമുദ്ര .അസാധാരണ പ്രതിഭയുള്ള ലാറ്റിനമേരിക്കന്‍ കളിക്കാരുടെ ഡ്രിബ്ലിംഗ് മികവും ഗോളുകളുടെ ഭംഗിയും കേരളത്തിലെ പാണന്മാരുടെ പാട്ടുകളില്‍ സ്ഥിര സാന്നിധ്യമാകുകയും ചെയ്തു.യൂറോപ്യന്‍ ഫുട്ബോള്‍ എല്ലാ കാലത്തും ടീം എന്ന കോണ്‍സപറ്റിലാണ് വിശ്വസിച്ചിരുന്നത്.ലാറ്റിനമേരിക്കന്‍ ശൈലി എന്നൊരു ശൈലി തന്നെ ഉണ്ടോ എന്ന സംശയം നിലനില്‍ക്കെ യൂറോപ്പ് പാസ്സിംഗ് ,പൊസഷന്‍ ,പ്രതിരോധം എന്നിവയെ എല്ലാം ബേസ് ചെയ്തു ആകര്‍ഷകമായ കേളീശൈലികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആധിപത്യം ഒരു കാലഘട്ടത്തിനു ശേഷം അവസാനിച്ചത് പോലെ ഫുട്ബോള്‍ രണ്ടായിരാമാണ്ടിലേക്ക് പ്രവേശിച്ചപ്പോള്‍ യൂറോപ്പ് ആധിപത്യം സ്ഥാപിക്കുന്നത് വ്യക്തമായിരുന്നു.ഇതിനു ശേഷം നടന്ന 4 ലോകകപ്പുകളില്‍ മൂന്നിലും യൂറോപ്യന്‍ ടീമുകളായിരുന്നു വിജയിച്ചത്.2002 ലെ ബ്രസീല്‍ മാത്രമാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിനു ചെറുതായി ജീവനുണ്ട് എന്നെങ്കിലും തെളിയിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തിന്നിടെ ലാറ്റിനമേരിക്കയുടെ സാന്നിദ്ധ്യം അപകടകരമായ രീതിയില്‍ അറിയിച്ചിട്ടുള്ള ഒരേയൊരു ടീമും ബ്രസീലാണ് .

ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ വീഴ്ചക്കുള്ള പ്രധാന കാരണങ്ങള്‍ തേടി അധികം അലയേണ്ടതില്ല .ഗോള്‍കീപ്പര്‍,പ്രതിരോധം,മധ്യനിര എന്നീ 3 വിഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഒരു വേള്‍ഡ് ക്ലാസ് ഗോള്‍ കീപ്പറും വേള്‍ഡ് ക്ലാസ് ഡിഫന്‍ഡറും പൊതുവേ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് സ്വപ്നം മാത്രമാണ്. റിക്വെല്‍മെക്ക് ശേഷം ഒരു ക്ലാസ് മിഡ് ഫീല്‍ഡര്‍ അര്‍ജന്റീനക്ക് ഉണ്ടായിട്ടില്ല . ബ്രസീലില്‍ നിന്നും റിവാള്‍ഡോ,റൊണാള്‍ഡീന്ഹോ ,കക്ക എന്നിവര്‍ക്ക് ശേഷം ഒരു ലോകോത്തര മിഡ് ഫീല്‍ഡറോ കഫുവിനു ശേഷം ഒരു മികച്ച ഡിഫന്‍ഡറോ വന്നിട്ടുമില്ല.മുന്നേറ്റനിരയില്‍ പക്ഷെ ലയണല്‍ മെസ്സിയും നെയ്മര്‍ ജൂനിയറും പ്രതിഭാസങ്ങള്‍ എന്ന് വിശേഷിപ്പിച്ചു മാറ്റി നിര്‍ത്തി നോക്കിയാലും സെര്‍ജിയോ അഗ്യുരോ ,കാര്‍ലോസ് ടെവസ് ,എഡിസന്‍ കവാനി ,ഡീഗോ ഫോര്‍ലാന്‍ എന്നിങ്ങനെ മുന്നേറ്റം നയിക്കാന്‍ കെല്‍പുള്ള പ്രതിഭകളെ കാണാവുന്നതാണ്.അസാധാരണമാം രീതിയില്‍ വ്യക്തിഗത മികവുള്ള കളിക്കാര്‍ മുന്നേറ്റ മധ്യനിരകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് ബ്രസീലിനോ അര്‍ജന്റീനക്കൊ ഗോള്‍ കീപ്പറോ ,പ്രതിരോധ നിരയോ ലോകോത്തരമാകണം എന്നുണ്ടായിരുന്നില്ല. യൂറോപ്യന്‍ ടീമുകള്‍ സിസ്റ്റമാറ്റിക് ആയി ഫുട്ബോള്‍ വളര്‍ത്തിയെടുത്തതോടെയാണ്‌ ലാറ്റിനമേരിക്ക എക്സ്പോസ്ഡ് ആകുന്നത്. യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്കെല്ലാം തന്നെ മികച്ച യൂത്ത് അക്കാഡമികളുണ്ട് .യൂറോപ്പിലെ ഇന്നത്തെ ലോകോത്തര ഫുട്ബോളര്‍മാരില്‍ പലരും വളര്‍ന്നു വന്നത് ഇത്തരം അക്കാദമികളിലൂടെയാണ്.ബാര്‍സയുടെ ലാ മാസിയ,റയലിന്റെ ലാ ഫാബ്രിക്ക ,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാഡമി , അയാക്സ് എന്നിവയിലൂടെയെല്ലാം യുവ ഫുട്ബോളര്‍മാര്‍ വളര്‍ന്നു വരികയാണ്.ഇവിടെ ലാറ്റിനമേരിക്ക ഒരു താരതമ്യം പോലുമല്ല. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അതിന്റെ തനതായ ശൈലിയില്‍ ആവിഷ്കരിക്കാന്‍ ഇനി സാധ്യമല്ല എന്നതാണ് സത്യം.കൊട്ടിഘോഷിക്കുന്ന ഈ ലാറ്റിനമേരിക്കയില്‍ ഒരിടത്തെയും ദേശീയ ലീഗ് യൂറോപ്യന്‍ ലീഗുകളോടു താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും കരുത്തുറ്റതുമല്ല .ലാറ്റിനമേരിക്കയിലെ പ്രമുഖ ടീമുകളില്‍ കളിക്കുന്നവരില്‍ ഏറെയും യൂറോപ്പിലെ ക്ലബ്ബുകളില്‍ പയറ്റിത്തെളിഞ്ഞവരാണ്. യൂറോപ്യന്‍ ശൈലി പകര്‍ത്താനുള്ള ശ്രമത്തില്‍ പൂര്‍ണമായും വിജയിക്കാതെ നില്‍ക്കുകയാണ് ഇന്ന് ലാറ്റിനമേരിക്ക.ഡിഫന്‍സില്‍ നിന്നും അറ്റാക്കിലേക്കുള്ള ട്രാന്‍സിഷന്‍ വളരെ പതുക്കെയാണ്.ക്രിയേറ്റീവ് മിഡ് ഫീല്‍ഡര്‍മാരുടെ അഭാവവും കൂടെയാകുമ്പോള്‍ യൂറോപ്യന്‍ ശൈലി പൂര്‍ണമായി അഡാപ്റ്റ് ചെയ്യാന്‍ കഴിയുന്നുമില്ല,തനതായ ശൈലി നഷ്ടപ്പെടുകയും ചെയ്തു.

അര്‍ദ്ധസത്യങ്ങളും വാഴ്ത്തു പാട്ടുകള്‍ക്കുമിടയില്‍ അവഗണിക്കപ്പെടുന്ന ഫുട്ബോളിന്റെ യഥാര്‍ത്ഥ മുഖം കേരളത്തിലെ ആരാധകര്‍ ദര്‍ശിച്ചു തുടങ്ങുന്നത് വൈകിയാണ്. യൂറോപ്യന്‍ ലീഗുകളുടെ ലൈവ് ടെലികാസ്റ്റ് നമ്മുടെ കേരളത്തില്‍ ലഭ്യമായി തുടങ്ങുന്നതോടെ മാറ്റങ്ങള്‍ ആരംഭിക്കുകയാണ്.പ്രീമിയര്‍ ലീഗും ലാ ലിഗയും ബുണ്ടെഴ്സ് ലിഗയും തുറന്നു വച്ച സാധ്യതകള്‍ വിവിധ ലീഗുകളിലെ വ്യത്യസ്തമാര്‍ന്ന കേളീശൈലികളെ ഇവിടത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി വ്യക്തിഗത മികവ് ഒരു ഫുട്ബോളറെ വിലയിരുത്തുന്നതിലെ അവസാന വാക്കല്ലെന്നും ഓര്‍ഗനൈസ്ഡ് ആയ യൂറോപ്യന്‍ ടീമുകളുടെ മുന്നില്‍ ലാറ്റിനമേരിക്കയുടെ വ്യക്തിഗത മികവുകളില്‍ ഊന്നിയുള്ള പോരാട്ടങ്ങള്‍ക്ക് അധികകാലം നിലനില്‍പുണ്ടാകില്ലെന്നുമുള്ള നഗ്ന സത്യം തുറന്നു വക്കപ്പെട്ടു.ഫോര്‍മെഷനുകള്‍ ,പാസ്സിംഗ് എന്നിവയിലൂന്നി രൂപപ്പെട്ട ടിക്കി ടാക്ക പോലുള്ള കേളീശൈലികള്‍ കൊണ്ട് യൂറോപ്പ് വിസ്മയിപ്പിക്കുന്നത് അനുഭവവേദ്യമായി.പുതിയ തലമുറകളിലെ ആരാധകര്‍ യൂറോപ്പിലെ വ്യത്യസ്ത കേളീ ശൈലികളുമായി പരിചയപ്പെട്ടു.ഇന്റര്‍ നെറ്റ് പ്രചാരവും കൂടിയതോടെ പല തെറ്റിദ്ധാരണകളും മാറുകയാണ്.യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ക്ക് ഇന്നിവിടെ ശക്തമായ ആരാധക വ്ര്യന്ദങ്ങളുണ്ട്.നാല് കൊല്ലത്തിലൊരിക്കല്‍ എന്ന പതിവിനു പകരമായി സീസണ്‍ മുഴുവന്‍ ഫുട്ബോള്‍ ഫോളോ ചെയ്യുന്നവരാണ് ഇന്ന് കൂടുതല്‍.ഇന്നിവിടെ പാതി വെന്ത സത്യങ്ങളോ തെറ്റായ ധാരണകളോ ആരിലും അടിച്ചേല്‍പിക്കാന്‍ കഴിയില്ല. എല്ലാവരും ഓടുമ്പോള്‍ കൂടെയോടാന്‍ ശ്രമിക്കുന്നവരെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം.വിമര്‍ശകര്‍ ആരോപിക്കുന്നത് പോലെ കേരളത്തിലെ ഫ്ലക്സ് വ്യവസായത്തിനു മുന്തിയ സംഭാവനകള്‍ നല്‍കാന്‍ അന്ധമായ ലാറ്റിനമേരിക്കന്‍ പ്രണയം ഉപകരിച്ചിട്ടുണ്ട്.

Related image

സീസണല്‍ ഫുട്ബോള്‍ പ്രേമികള്‍ ,അതായത് ലോകകപ്പ് സമയത്ത് ആവേശഭരിതരായി ഇറങ്ങുന്നവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലും നാട്ടിലും ലോകകപ്പ് ആവേശം പടര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് .ഗെയിം റീഡ് ചെയ്യുന്നതിനേക്കാള്‍ മത്സരഫലങ്ങളാണ് ഇവരെ സ്വാധീനിക്കുന്നതും. എഫ്.ബി യില്‍ അല്‍പമൊരു സെലിബ്രിറ്റി സ്റ്റാറ്റസ് വന്നു കഴിഞ്ഞാലുടനെ ലാറ്റിനമേരിക്കന്‍ മനോഹാരിതയുടെ പാട്ടുകളുമായി ഇറങ്ങുന്നത് സത്യത്തില്‍ ഒരസുഖമാണ് .”ചിന്താ” ശേഷി ഉണ്ടെന്നു പലരും കരുതുന്നവര്‍ക്ക് വിപ്ലവങ്ങളുടെ ഭൂമികയായ ലാറ്റിനമേരിക്കയിലെ വിപ്ലവസിംഹമായ ചെഗുവേര ജനിച്ച നാട് എന്ന കേട്ടുകേള്‍വി വച്ചൊക്കെയാണ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ ചാരുതയാര്‍ന്ന ഫുട്ബോളെന്നൊക്കെ തട്ടിവിടാന്‍ തോന്നിപ്പിക്കുന്നത്.ചെഗുവേര ജനിച്ചതും റൊസാരിയോയില്‍ ആണെന്ന കാര്യം അറിഞ്ഞിരിക്കാന്‍ ഇടയില്ല,ഉണ്ടെങ്കില്‍ ലയണല്‍ മെസ്സി ചെഗുവേരയുടെ പിന്മുറക്കാരനാണെന്ന മറ്റൊരു മുത്തശ്ശിയുടെ വാഴ്ത്തുപാട്ടുകള്‍ കൂടെ ഇറങ്ങിയേനെ .ഒക്ടോബര്‍ വിപ്ലവം നടന്ന റഷ്യന്‍ മണ്ണ്,ചെയുടെ പേര് പച്ച കുത്തല്‍ ,ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം അര്‍ജന്റീന .ആര്‍ യൂ സീരിയസ് ?

ഒരു അര്‍ജന്റീനിയന്‍ ആരാധകന്‍ എന്ന നിലയില്‍ എനിക്കും ഇതൊരു പുനര്‍വിചിന്തനത്തിനുള്ള സമയമാണ്.ലാറ്റിനമേരിക്ക എന്നാണു അവസാനമായി സൌന്ദര്യാത്മക ഫുട്ബോള്‍ കളിച്ചത് ? ഓരോ പ്രധാന ടൂര്‍ണമെന്റുകള്‍ വരുമ്പോഴും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ ചാരുത,സാംബ താളം എന്നൊക്കെ വിലപിക്കുന്നവര്‍ക്ക് അറിയാത്ത അല്ലെങ്കില്‍ അവര്‍ മനപൂര്‍വം വിസ്മരിക്കുന്ന ഒരു കാര്യമാണ് ഭംഗിയുള്ള അറ്റാക്കിംഗ് ഫുട്ബോള്‍ ലാറ്റിനമേരിക്ക ഉപേക്ഷിച്ചിട്ട് നാള് കുറെ ആയെന്ന കാര്യം.ഇപ്പോള്‍ അവര്‍ കളിക്കുന്നത് നിലനില്‍പിനു വേണ്ടിയുള്ള ഫുട്ബോളാണ്.സൌന്ദര്യത്തിനു അവിടെ സ്ഥാനമില്ല.സീക്കോയും സോക്രട്ടീസും തകര്‍ത്തു കളിച്ച 1982 ലെ ലോകകപ്പിന് ശേഷം ബ്രസീല്‍ തങ്ങളുടെ സാംബ താളത്തില്‍ നിറഞ്ഞു കളിച്ചിട്ടില്ല.ജോഗോ ബോനിറ്റോ അവസാനമായി മഞ്ഞ ജേഴ്സിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് ആ ലോകകപ്പിലായിരുന്നു. അര്‍ജന്റീനയുടെ കളിയില്‍ കുറെ നാളുകളായി ഏതെങ്കിലും രീതിയില്‍ സൌന്ദര്യം ആരോപിക്കാനും തോന്നുന്നില്ല. പിന്നെ പഴയ ഓര്‍മ്മകള്‍ വച്ച് മാധ്യമങ്ങളും ആരാധകരും ഈ 2 ടീമുകളും കളിക്കുമ്പോള്‍ ലാറ്റിനമെരിക്കന്‍ സൌന്ദര്യം ,സാംബ താളം എന്നൊക്കെ മുറവിളി കൂട്ടും എന്ന് മാത്രം.ഫുട്ബോളില്‍ താല്പര്യമുള്ളവര്‍ ലോകകപ്പിനായി കാത്തിരിക്കുന്നത് വ്യത്യസ്ത ശൈലികളുടെ പ്രകടനങ്ങള്‍ കാണാനാണ്.ലോകഫുട്ബോളില്‍ വമ്പന്മാരും ചെറു മത്സ്യങ്ങളും തമ്മിലുണ്ടായിരുന്ന വലിയ അന്തരം അലിഞ്ഞില്ലാതാകുന്നത് കണ്ടിരിക്കുന്നതൊരു സുഖമാണ്.ആര്‍ക്കും ആരെയും തോല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ മൈതാനത്ത് അരങ്ങേറുന്ന കളികളാണ് ഫുട്ബോളിന്റെ സൌന്ദര്യം.

എഴുതിയത് : സംഗീത് ശേഖർ

3 COMMENTS

  1. എന്താണ് നിങ്ങൾക്ക് ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ശൈലിയോട് എന്തെങ്കിലും വിരോധമുണ്ടോ, നിങ്ങൾ ഈ പറയുന്ന ടോട്ടൽ ഫുട്‌ബോളിന്റെ മറ്റൊരു രൂപമാണ് ടിക്കി ടാക്ക… ഈ ടിക്കി ടാക്ക പൊളിച്ചാണ് 2013ൽ കോണ്ഫെഡറേഷൻ കപ്പ് നേടാൻ ബ്രസീലിന് കഴിഞ്ഞത്, നിങ്ങൾ ഈ പറയുന്ന ടോട്ടൽ ഫുട്‌ബോൾ ഉണ്ടായിട്ടും ഹോളണ്ടിനും ഇറ്റലിക്കും 2018 ലോക കപ്പിൽ യോഗ്യത പോലും നേടാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here