പന്തുരുളട്ടെ നെഞ്ചകങ്ങളിലൂടെ..

0

കാല്‍പ്പന്തിന്റെ ധ്രുതതാളപ്പെരുക്കങ്ങള്‍ക്ക് കാതോര്‍ത്ത്,  ഒരിക്കലും മായാത്ത മാസ്മരിക നിമിഷങ്ങളിലേക്ക് കണ്ണു പായിച്ച് … വിശ്വകായികലോകം മിടിക്കുന്ന നെഞ്ചുമായി തയ്യാറെടുത്തു കഴിഞ്ഞു,

നെഞ്ചേറ്റിയ മഹാരഥന്‍മാരുടെ ടീമുകള്‍ പോരാട്ടവീര്യവുമായി അണിനിരക്കുകയാണ് . യുദ്ധകാഹളം പോലെ വിസില്‍ മുഴങ്ങുമ്പോള്‍,  വിജയ ഭേരികളുമായി ആരാധക വൃന്ദം ആവശേത്തിന്റെ അലമാലകള്‍തീര്‍ത്ത് ഗാലറികളില്‍ നിറയുമ്പോള്‍ വിശ്വകപ്പിനായുള്ള അശ്വമേധം ആരംഭിക്കും, ഇനിയുള്ള രാവുകള്‍ ആരവങ്ങളാല്‍ മുഖരിതമായിരിക്കും. ആവേശസീല്‍ക്കാരങ്ങളുമായി കളിഭ്രാന്തന്‍മാര്‍ ത്രസിപ്പിക്കുന്ന യാമങ്ങള്‍ കയ്യടക്കും. മൈതാനങ്ങളില്‍ കൊമ്പുകോര്‍ക്കുന്ന വമ്പന്മാരിലേക്ക് അതീന്ദ്രിയ ബന്ധത്താല്‍ ആ ആവേശം അണമുറിയതെ പകരും.

ലോകപ്പട്ടം സ്വന്തമാക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ക്ക് മുന്നില്‍ ജയം മാത്രമാണുള്ളത്. കപ്പ് ആരു നേടുമെന്ന പ്രവചനങ്ങളാണ് എങ്ങും. തങ്ങളുടെ ഇഷ്ട ടീമിന്റെ പേരില്‍ വാതുവെയ്ക്കുന്നവര്‍ ആത്മവിശാവസത്തോടെ നെഞ്ചില്‍ തട്ടി പറയുമെങ്കിലും കളിയാണ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ഒരു സന്നിഗ്ദ്ധതയുടെ അംശം ഉണ്ടിവിടെ.. പല സ്വപ്‌നങ്ങളും തകരും അപ്രതീക്ഷതമായി ചില അട്ടിമറികള്‍ സംഭവിച്ചേക്കാം. വീരകേസരികള്‍ ആടിത്തിമിര്‍ത്ത് കപ്പുയര്‍ത്തിയേക്കാം. പ്രവചനാതീതം…അനിശ്ചിതത്വം. ഈ സസ്‌പെന്‍സാണല്ലോ ഫുട്‌ബോളിന്റെ ആത്മാവ്…

കഴിഞ്ഞ കാലവും നിലവിലെ ഫോമും എല്ലാം വിലയിരുത്തി അളന്നു തൂക്കിയാല്‍ സാദ്ധ്യത പട്ടിക തയ്യാറാക്കാം

ലോകകപ്പുയർത്താൻ സാധ്യതയുള്ള അഞ്ച് ടീമുകളാണ് മനസ്സിൽ തെളിയുന്നത്.

ആ പട്ടികയിൽ ഒന്നാമത് അഞ്ചുതവണ ലോകകപ്പ് വിജയികളായ ബ്രസീൽ തന്നെ, തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ കഷ്ടിച്ച് കരകയറി വന്നു കപ്പടിച്ച രാജാക്കന്മാരാണവർ. സാംബ ഫുട്ബോൾ സൗന്ദര്യം ലോകത്തിനു നൽകിയ ഇതിഹാസങ്ങളുടെ പിൻ തലമുറക്കാർ. 2014 ലെ ബ്രസീൽ എഡിഷൻ സെമിഫൈനലിൽ ജർമനിക്കെതിരെ ഏറ്റ കനത്ത തോൽവിയിൽ ഒരു ജനതയുടെ ആവേശമെല്ലാം ചോർന്നൊലിച്ചു പോയി. എന്നാൽ പ്രതീക്ഷക്കു നിരാശജനകമായി ഏറ്റ തോൽവിയെ നേരിടാൻ ടൈറ്റ് കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്കു ടീമിനെ വാർത്തെടുത്തു. പരിക്കിൽനിന്നു പൂർണമായും മോചിതനായി നെയ്മർ തിരിച്ചെത്തിയത് ആരാധകർക്കിടയിൽ ലോകകപ്പ് പ്രതീക്ഷക്കു കൂടുതൽ പ്രചോദനമായി. മുൻനിരയിൽ മിസൈലുകളെക്കാൾ പ്രഹരശേഷിയുള്ള (വില്ലിയൻ, കൌട്ടീഞ്ഞോ, ജീസസ് , നെയ്മർ), പ്രതിരോധത്തിൽ വൻ മതിലിനു തുല്യമായ (കാസിമിറോ, ഫെർണാണ്ടിനൊ, മാർക്വിൻഹോസ്, മിറാൻഡ) തുടങ്ങി നിര വളരെ ശക്തമാണ്. അലൻസണിലും എഡേർസണിലും രണ്ട് മികച്ച ഗോൾ കീപ്പർമാരെ കൂട്ടിച്ചേർക്കുന്നതോടപ്പം അവരുടെ കളി നിയന്ത്രിക്കുന്നത് പറക്കുന്ന കാവലാളായ മാഴ്‌സെലോയിൽ നിന്നാണ്. ഇതെല്ലം ചേർത്ത് ബ്രസീൽ 1958 ലോകകപ്പിന്റെ ഒരു തനിയാവർത്തനം ലക്ഷ്യമിട്ടാണ് യൂറോപ്പ്യൻ മണ്ണിലേക്ക് വണ്ടി കയറിയത്.

ആ പട്ടികയിൽ രണ്ടാമത് ചാമ്പ്യൻമാരായ ജർമനി തന്നെയാണ്. മികച്ച ടീമും, കൊച് ജോച്ചിം ലോയിൽ കൂടെ ഒരുമിച്ചാൽ എന്തും നിഷ്പ്രയാസം സാധിക്കാമെന്നു തെളിയിച്ചവർ. റഷ്യയിൽ കഴിഞ്ഞ വർഷത്തെ കൺഫെഡറേഷൻ കപ്പ്  റിസർവ് ടീമിനൊപ്പം സ്വന്തമാക്കിയവർ, പക്ഷേ അതൊന്നും ലോകകപ്പ് ജയിക്കാൻ സഹായകമാകുന്നില്ല. ജർമ്മനിക്കുള്ള മറ്റൊരു നഷ്ടം ലക്ഷ്യ സ്ഥാനത്തേക്കെത്താൻ സഹായിച്ച മിറോസ്ലാവ് ക്ലോസെ പോലുള്ള വേട്ടക്കാർ ഇല്ല എന്നത് തന്നെയാണ്, മുന്നേ നടന്ന സൗഹൃദ മത്സരങ്ങളിൽ സ്പെയിനിനോട് സമനിലയും ബ്രസീൽ നോട് പരാജയപ്പെടുകയും ചെയ്തത് ആരാധകർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. എന്നാലും  മുൻനിര ടീമുകളിൽ ഒപ്പത്തിനൊപ്പം അതല്ലങ്കി തീർച്ചയായും ഒരു പടി മുകളിൽ നിൽക്കേണ്ടവർ.

സ്പെയിൻ ഇന്നലെയുടെ ചാമ്പ്യൻമാർ വിശേഷിപ്പിക്കാവുന്നവർ, പക്ഷെ നാളെ അവർ തന്നെയായിരിക്കുമോ? അവസാന നിമിഷം കോച്ചിന്റെ പിൻവാങ്ങൽ സ്പെയിൻ നിരയെ എങ്ങനെ ബാധിച്ചിട്ടുണ്ടാകാം എന്ന് കണ്ടറിയണം. സെർജിയോ റാമോസിന്റെ നേതൃത്വത്തിൽ അവർ വലിയ അനുഭവവും സാങ്കേതിക മികവും നിറഞ്ഞ കരുത്തറ്റ ടീമായിട്ടാണ് ഈ വട്ടം റഷ്യയിൽ എത്തിയിരിക്കുന്നത്. ഡേവിഡ് ഡി ഗേ, ഡേവിഡ് സിൽവ, ഇസ്കോ, റമോസ്, ജെറാർഡ് പിക്കെ, ജോർഡി അൽബ, ആൻഡ്രേ ഇനിയെസ്റ്റ, മുതലായ മികച്ച താരനിരയാൽ സമ്പുഷ്ടമായ സ്പെയിൻ നു കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

യൂറോ 2016 ൽ ആറു ഗോളുകൾ നേടിയ ആന്റൈൻ ഗ്രീസ്മാൻ എന്ന മുൻനിര ഗോൾ വേട്ടക്കാരന്റെ പിൻബലത്തിലാണ് ഫ്രാൻസ് ഇക്കുറി വണ്ടികയറിയതു. മിഡ്ഫീൽഡിൽ എംബാപ്പെയുടെയും നൈലോഗോ കാന്റേയുടെയും ഊർജ്ജവും പ്രതിരോധത്തിൽ കരുത്തറ്റ ജോഡിയായ റഫേൽ വാരെനും സാമുവൽ ഉമ്മ്ടിതിയുമൊക്കെ മികച്ച തേരാളികൾ ആണ്. അതിൽ പ്രധാനം പോൾ പോഗ്ബ എന്ന വിസ്മയം തന്നെയായിരിക്കും ഫ്രാൻസിന്റെ കീ പ്ലയെർ എന്ന് വിശേഷിപ്പിക്കാം. മോശ ദിവസങ്ങൾ ആർക്കുമുണ്ടാകാം കഴിവും ചിട്ടയും ആവാഹിച്ചു അതിനെതിരെ പോരാടാനാകും ഫ്രാൻസ് ഈ കുറി എത്തിയിരിക്കുന്നത്.

കോച്ച് ജാർജ് സംബോളിക്ക് ടീമിനെ താൻ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് മാറ്റുവാൻ വേണ്ടത്ര സമയം ലഭിച്ചില്ലെങ്കിലും അതിശക്തമായ മുൻ നിരക്കാർ തന്നെയാണ് അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷ. സ്വയം തലയ്ക്കു തോക്കു ചൂണ്ടി ഒരു ജീവൻ മരണ പോരാട്ടമാകും മെസ്സി ഈ ലോകകപ്പിൽ പുറത്തെടുക്കുന്നതെന്നു പ്രതീക്ഷിക്കാം അത്രമേൽ സമ്മർദ്ദം ഉണ്ട് ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാളറിനു. അർജന്റീനയിൽ ഉന്നത നിലവാരത്തിലുള്ള മുൻ നിരക്കാർ തന്നെയാണ് ബലം. അത് ഡയബാല, അഗ്യൂറോ, ബനേഗാ, ഡി-മറിയ, എന്നിങ്ങനെ സമ്പുഷ്ടമാണ്. സ്പെയിനിനെതിരെ മെസ്സിയില്ലാതെ നടന്ന സന്നാഹ മത്സരത്തിലേറ്റ തോൽവി ടീമിനെ ചെറുതായി ഒന്നുലച്ചതല്ലാതെ പിന്നീട് നടന്ന സൗഹൃദ മത്സരത്തിൽ എല്ലാം മികച്ച പ്രകടനമാണ് ടീമിൽ നിന്ന് കണ്ടതും.

ലോക ഫുട്ബോളർ ക്രിസ്റ്റിയാനോ റൊണാൾഡോ ന്റെ പോർച്ചുഗൽ ടീം കഴിഞ്ഞ യൂറോപ്പ്യൻ ചാമ്പ്യന്മാരാണ് അതുപോലെ കെവിൻ ഡി ബ്രൂൺ, ഈഡൻ ഹസാർഡ് എന്നിവർ അടങ്ങിയ ബെൽജിയം ഈ വട്ടം കപ്പ് അടിക്കാൻ ഏറ്റവും സാധ്യതയുള്ളവരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. അതുപോലെ ഇംഗ്ളണ്ട് ഈ വട്ടം മികവുറ്റ ടീമുമായാണ് റഷ്യൻ മണ്ണിലേക്ക് എത്തിയിരിക്കുന്നത്. കൂടാതെ ഉറുഗ്വേ, മുഹമ്മദ് സലാഹ് യുടെ ഈജിപ്ത് എല്ലാം മികവിന്റെ പാത്രങ്ങളാണ്.

ഇനി മിനിറ്റുകൾ മാത്രം ജർമനി, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, അർജന്റീന … ആരു കരയും ആര് കരഘോഷം മുഴക്കുമൊന്ന് കണ്ടറിയാന്‍ കളിയാട്ടവേദിയിലേക്ക് നോക്കിയിരിക്കാം. കണ്ണിമ ചിമ്മാതെ.

LEAVE A REPLY

Please enter your comment!
Please enter your name here