അങ്ങിനെ, ആ കടുവ ചത്തുമലച്ചു.. !

0

വക്കു പോയ കോടാലിക്ക് പൊടുന്നനെ ചുഴലി ദീനം. മരം വെട്ടുകാരന്റെ കൈയ്യില്‍ നിന്ന് പുഴയിലെ ചുഴിയിലേക്ക് അത് പണ്ടത്തെ പോലെ ആണ്ടുപോയി.. മരം വെട്ടുകാരന്റെ മുന്നില്‍ അയാളെ അമ്പരപ്പിച്ചു കൊണ്ട് പഴയ കഥയിലെ മത്സ്യകന്യക ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടു. നിന്റെ കോടാലി പുഴയില്‍ വീണോ ? മരംവെട്ടുകാരന്റെ മനസില്‍ ഒരു വലിയ ലഡ്ഡുപൊട്ടി.. സ്വര്‍ണ കോടാലി ! കളഞ്ഞു പോയത് കനകപ്പിടിയുള്ള കോടാലിയാണെന്ന് മരംവെട്ടുകാരന്‍ മത്സ്യ കന്യകയോട് ഇക്കുറി തറപ്പിച്ച് പറഞ്ഞു. പക്ഷേ, കന്യക മുങ്ങിയെടുത്ത് കൊണ്ടുവന്നത് വക്കു പോയ പഴയ ആ കോടാലി തന്നെയായിരുന്നു. വെള്ളം കാണുമ്പോള്‍ നിന്റെ കോടാലിക്ക് വരുന്ന ഈ ദീനം നിന്നെ നാശത്തിലെത്തിക്കുമെന്ന് മത്സ്യകന്യക മരം വെട്ടുകാരന് മുന്നറിയിപ്പ് നല്‍കി . . നാണം കെട്ട് മുഖം മഞ്ഞളിച്ച മരംവെട്ടുകാരന്‍, വല്ല പാഴ്മരവും വെട്ടി വൈകുന്നേരത്തെ കഞ്ഞീം, ചമ്മന്തീം മോന്തി പഴയ പോലെ ജീവിച്ചോളാമെന്ന് മത്സ്യ കന്യകയ്ക്ക് ഉറപ്പു നല്‍കി. തന്റെ ഇഷ്ടം എന്നു പറഞ്ഞ് കന്യക പുഴയിലേക്ക് ഊളിയിട്ടു മറഞ്ഞു.

സൂര്‍ത്തുക്കളെ… ! പട്ടാളക്കാരന്റെ ട്രേഡ് മാര്‍ക്കായ വെടിക്കഥയല്ലിത്..!! നടന്ന സംഭവം തന്നെ….!!!. എന്തിനാണ് ഇപ്പോള്‍ ഇത് ഇവിടെ എടുത്തിട്ട് അലക്കുന്നതെന്നോ… ഇനി മറ്റൊരു സംഭവ കഥ പറയാം. അപ്പോള്‍ നിങ്ങള്‍ക്ക് സംഗതി പിടികിട്ടിയേക്കും..

കാടിളക്കി നടന്ന ഒരു കടുവയും അതിനേയും കൊണ്ടുനടന്ന ഒരു നാടോടി സര്‍ക്കസ് ട്രൂപ്പും ചില ജോക്കര്‍മാരും ഒക്കയാണ് സംഭവ കഥയിലെ കഥാപാത്രങ്ങള്‍. . സ്വര്‍ണത്തില്‍ തീര്‍ത്ത കോടാലി കിട്ടുമെന്ന് പ്രതീക്ഷിച്ച മരംവെട്ടുകാരനെ പോലെയാണ് സര്‍ക്കസ് കമ്പനിയുടെ ഉടമസ്ഥരായ ഈ ജോക്കര്‍മാര്‍. നാട്ടുകാരെ കടുവയെക്കാട്ടി വിരട്ടി വിരാജിച്ചിരുന്ന ഇവരുടെ ആ കടുവ ചത്തുമലച്ചു.

കടുവയ്ക്ക് മൃഗരാജപ്പട്ടം നല്‍കാമെന്ന് ചിലര് പറഞ്ഞ് മോഹിപ്പിച്ചു. കടുവയ്ക്ക് സിംഹത്തിന്റെ തല വെച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച കോമാളിക്കൂട്ടം കടുവയുടെ തല അറുത്തു. പക്ഷേ, വാഗ്ദാനം ചെയ്ത പോലെ സിംഹത്തല ലഭിച്ചില്ല. കിട്ടിയത് പൂച്ചയുടെ തലയും. , അതിനിടെ സര്‍ജറിയും പരാജയപ്പെട്ടതോടെ കടുവയുടെ കഥയും കഴിഞ്ഞു. ….

ലഡാക്കിലൊക്കെ മഞ്ഞുകാലം തുടങ്ങി.. ഇവിടെ നല്ല തണുപ്പാണെങ്കില്‍ മഹാരാഷ്ട്രയില്‍ നല്ല ചൂടാണ് . രാഷ്ട്രീയച്ചൂട്. തണുപ്പു മാറട്ടെ എന്നു കരുതി ഞാന്‍ മഹാരാഷ്ട്രയിലെ ചൂടുപിടിച്ച രാഷ്ട്രീയം അത്താഴ ചര്‍ച്ചയ്ക്ക് എടുത്തിട്ടു. അപ്പോഴാണ് ഈ കഥകളൊക്കെ മനസില്‍ പൊന്തിവന്നതും ഞാന്‍ കഥാപ്രസംഗം അവതരിപ്പിച്ചതും. …കഥ ഇങ്ങിനെ ..

പൗരുഷവും രൗദ്രവും എല്ലാം മുഖത്ത് ഉറകൂടി ഗൗരവം കലര്‍ന്ന ഭാഷയില്‍ മാത്രം സംസാരിച്ചിരുന്ന ഒരു നേതാവ് പണ്ട് മഹാരാഷ്ട്ര ഭരിച്ചിരുന്നു. പേര് ബാല്‍താക്കറെ.. പാര്‍ട്ടി- ശിവസേന. മുംബൈ മഹാനഗരത്തിന്റെ സ്പന്ദനങ്ങളും ഗതിവിഗതികളും അളന്നിട്ടത് ആ നേതാവിന്റെ തലച്ചോറിലായിരുന്നു. തീവ്ര ആശയങ്ങള്‍ ഉദിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്ന കണിശക്കാരന്‍. ആ കാര്‍ക്കശ്യം ശിവസേനയുടെ നിലപാടുകളില്‍ പ്രത്യക്ഷമായിരുന്നു.

പക്ഷേ, കാലയവനികയ്ക്കുള്ളില്‍ ആ രാഷ്ട്രീയ സിംഹം കഥവശേഷനായി മറഞ്ഞപ്പോള്‍ മക്കള്‍ മഹാത്മ്യം ആട്ടക്കഥയിലൂടെ അരങ്ങത്തെത്തി ഒരു നേതാവ് .പേര് ഉദ്ദവ് . അമ്മാവന്‍ ബാല്‍താക്കറെയുടെ ഭാവഹാവാദികള്‍ ഡിഎന്‍എയുടെ കോപ്പിറൈറ്റില്‍ ലഭിച്ച മരുമകന്‍ രാജ് താക്കറെയെ പുറംതള്ളി കൊട്ടാര വിപ്ലവത്തിലൂടെ പാര്‍ട്ടിയെ അടുക്കളയിലോ അകത്തളത്തിലോ തളച്ചിട്ട മകന്‍- ഉദ്ദവ്.

ഒരു പഞ്ചായത്ത് പോലും ഇതിനു മുമ്പ് ഭരിച്ച പരിചയമില്ലാത്ത വ്യക്തി. രാഷ്ട്രീയത്തിലെ ചാണക്യ തന്ത്രമോ കുശാഗ്ര ബുദ്ധിയോ ഇല്ലാത്ത നേതാവ്. അമൂല്‍ ബേബിയെ പോലെ കൂടെ കൊണ്ടുനടക്കുന്ന ആദിത്യ താക്കറെയെന്ന ഇളമുറ തമ്പുരാന്‍. കുടുംബ ബിസിനസ് കൊണ്ടുനടക്കാനാണെങ്കിലും വേണം അല്പം മിടുക്കെന്ന് മറന്നു പോയവരാണ് ഇവരൊക്കെ.

ഉപദേശത്തിന് സന്‍ജയ് റൗവുത്ത്. നാക്കിന് വാക്കിന്റെ വയറിളക്കത്തിന്റെ അസുഖമുള്ള ഇദ്ദേഹവും കൂടെയായപ്പോള്‍ ശിവസേന എന്ന ഗര്‍ജ്ജിക്കുന്ന പഴയ കടുവ മ്യാവു എന്നു കരയുന്ന പൂച്ചയായി മാറി.

മഹാരാഷ്ട്ര ഒരിക്കല്‍ അടക്കി ഭരിച്ച ഛത്രപതി ശിവജിയുടെ പേരില്‍ ഊറ്റം കൊണ്ട് ആരംഭിച്ച സേനയുടെ പഴയ പ്രതാപകാലമൊക്കെ പോയ് മറഞ്ഞു. ഇന്ന് മുംബൈ നഗരത്തില്‍ ദാദര്‍ മുതല്‍ ബാന്ദ്ര വരെ നീളുന്ന ഇട്ടാ വട്ടത്തിലെ പൊട്ടക്കിണറ്റില്‍ കഴിയുന്ന മണ്ഡൂകശിരോമണി രൂപത്തിലാണ്.

വല്യേട്ടനായി വിലസിയിരുന്ന ശിവസേന മോദി പ്രഭാവത്തില്‍ സഖ്യത്തിലെ ഇള്ളക്കുട്ടിയായി തരംതാഴ്ന്നിരുന്നു. ലവ്- ഹേറ്റ് റിലേഷന്‍ഷിപ്പുമായി അഞ്ചു വര്‍ഷം കടിച്ചു തൂങ്ങിയ ശേഷം ഇക്കുറി സഖ്യത്തിന് ഒരുങ്ങി. തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബിജെപിക്ക് ലഭിച്ച സീറ്റിന്റെ പാതി മാത്രം ഉദ്ദവിന്റെ പാര്‍ട്ടിക്ക് ലഭി്ച്ചു. 288-ല്‍ 56 സീറ്റുമാത്രം ലഭിച്ച സേനയ്ക്ക് ഒരു ഉപമുഖ്യമന്ത്രിസ്ഥാനത്തിനു പോലും അര്‍ഹതയില്ലാത്ത അവസ്ഥ. പക്ഷേ, പണ്ടെങ്ങോ ആവശ്യപ്പെട്ട 50-50 ഷെയറിംഗും മുഖ്യമന്ത്രി പദം വീതം വെയ്ക്കലും ഇവര്‍ എടുത്തിട്ടു. ഈ ഒരാവശ്യം ഒരു ഘട്ടത്തിലും അംഗീകരിച്ചില്ലെന്ന് ബിജെപി വ്യക്തമാക്കിയെങ്കിലും വഴി തങ്ങള്‍ക്കറിയാമെന്നും 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും ഉദ്ദവ് ജി പറഞ്ഞാല്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി ഉണ്ടാകും എന്നെല്ലാം തിരഞ്ഞെടുപ്പ് ഫലം വന്ന് പതിനേഴ് ദിവസവും വക്താവ് റാവത്ത് പുരപ്പുറത്തിരുന്ന് അലറി വിളിച്ചു.

പക്ഷേ, പക്വതയോടെ പെരുമാറിയ ബിജെപി ഈ ബ്ലാക്‌മെയില്‍ നാടകങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. റിസോര്‍ട്ട് നാടകത്തിലൂടെ ബിജെപിയെ അവഹേളിക്കാനും തങ്ങളുടെ അംഗങ്ങളെ കോടികള്‍ കൊടുത്ത് ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നുമെല്ലാം ശിവസേനയും കോണ്‍ഗ്രസും ഒരു പോലെ നിലവിളിച്ചു. എന്നാല്‍ 54 അംഗങ്ങളുള്ള എന്‍സിപി തങ്ങളുടെ എംഎല്‍എമാരെ ഒരു റിസോര്‍ട്ടിലും പൂട്ടിയിട്ടില്ല. ബിജെപി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപികരണത്തിന് താല്‍പര്യമില്ലെന്ന് അറിയച്ചതോടെ ആരോപണമെല്ലാം കാറ്റുപോയ ബലൂണായി മാറി.

ഊഴം കിട്ടിയ ശിവസേന പിന്തുണയ്ക്കായി സോണിയയുടേയും പവാറിന്റേയും വീടുനിരങ്ങിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം പിന്തുണ നല്‍കാതെ കബളിപ്പിച്ചു. വിശ്വാസത്തിലെടുക്കണമെങ്കില്‍ എന്‍ഡിഎ വിട്ടുവരാന്‍ എന്‍സിപി നിര്‍ദ്ദേശിച്ചു. കേന്ദ്രമന്ത്രിസഭയിലെ ഏക പാര്‍ട്ടി പ്രതിനിധിയെ വിളിച്ച് രാജിവെയക്കാനും ഉദ്ദവ് പറഞ്ഞു. അങ്ങിനെ പുകഞ്ഞകൊള്ളി സ്വമേധയാ പുറത്തു ചാടി. പക്ഷേ, കഴുത്തില്‍ കുരുക്കിട്ട് ചാടിയ ശിവസേനയെ താഴെ നിന്ന പവാറും സോണിയയും പിടിച്ചില്ല. വിഡ്ഡികളായെന്നും ചതിക്കപ്പെട്ടെന്നും കണ്ട് പാര്‍ട്ടിയുടെ കണ്ണുതള്ളി…കൊരവള്ളി പൊട്ടി..

ചാണക്യനാകാന്‍ നോക്കിയ സന്‍ജയ് റാവത്ത് വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ എന്ന പോലെ നെഞ്ചു വേദനയുമായി ആശുപത്രിയിലുമായി. പിന്നീട് ശിവസേനയുടെ ശബ്ദം ആരും കേട്ടതേയില്ല. അടുത്തകാലത്തൊന്നും രാജ്യത്ത് ഒരു പാര്‍ട്ടിയും ഇത്തരത്തില്‍ രാഷ്ട്രീയ ആത്മഹത്യ നടത്തിയിട്ടില്ല. ആന്ധ്രയിലെ നായിഡു കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയി ഒടുവില്‍ വഴിയാധാരമായി മാറിയ അനുഭവം ഉണ്ടെങ്കിലും നായിഡുവിന് വേണ്ടി ചിലപ്പോള്‍ തറവാട്ട് വാതില്‍ ഇനിയും തുറന്നു കൊടുത്തേക്കാനുള്ള അവസരവും അവശേഷിക്കുന്നുണ്ട്. എന്നാല്‍, ശിവസേന ഈ സാധ്യതയെല്ലാം സ്വയം ഇല്ലാതാക്കി. മഹാരാഷ്ട്രയില്‍ 2020-ല്‍ തിരഞ്ഞെടുപ്പ് വരും. അയോദ്ധ്യ വിധിയുടേയും മറ്റും പശ്ചാത്തലത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ സംസ്ഥാനം ഭരിക്കാനും അവസരം ഉരുത്തിരിയുന്ന ലക്ഷണമാണുള്ളത്. ശിവസേനയ്ക്ക് കോര്‍പറേഷന്‍ ഭരിച്ച് ശിഷ്ടകാലം കഴിച്ചു കൂട്ടാനുമായേക്കും.

ബിജെപി ബാന്ധവം ഉപേക്ഷിച്ച ശിവസേനയെ രണ്ട് ദിവസം കൊണ്ട് മതേതരമാക്കാന്‍ മാധ്യമങ്ങള്‍ വലിയ ശ്രമമാണ് നടത്തിയത്. പഴയ കോണ്‍ഗ്രസ് സഖ്യവും മുസ്ലീം ലീഗുമായി വേദി പങ്കിട്ടതുമെല്ലാം മലയാള മാധ്യമങ്ങള്‍ വലിച്ചെഴുതി . വര്‍ഗീയ, -തീവ്ര പ്രാദേശിക പാര്‍ട്ടിയെന്ന പദവിയില്‍ നിന്ന് മതേതര ജനാധിപത്യ പാര്‍ട്ടിയായി ശിവസേനയ്ക്ക് മാധ്യമങ്ങള്‍ സ്ഥാനക്കയറ്റം നല്‍കി .

ഇതിനിടെ വന്ന അയോദ്ധ്യാവിധിയെ കുറിച്ച് ഒരു വാക്കു പോലും ഉരിയാടാതിരിക്കാന്‍ ഉദ്ദവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പണ്ട്. രാമജന്‍മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത ബാലാ സാഹേബിന്റെ മകന്‍ ഇപ്പോള്‍ മതേതര ഇട്ടിക്കണ്ടപ്പരായാവായി അഭിനയിച്ച് ജനങ്ങളുടെ മുന്നില്‍ വിഡ്ഡിവേഷം കെട്ടുന്നത് കണ്ട് പലരും മൂക്കത്തു വിരല്‍ വെച്ചു. അഷ്ടിക്ക് അന്നം നല്‍കിയ കടുവ ചത്തുമലച്ചതോടെ കോമാളി സംഘം കഷ്ടത്തിലായി. പൂച്ചയുടെ ട്രിക്കുകള്‍ കാണിച്ച് ജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മ്യാവുശ്രീയിലെ കുടുംബം ഇപ്പോഴുള്ളത്. ഇവര്‍ക്ക് നല്ലത് വരുത്തണമെന്ന് ജഗദീശ്വരനോട് നമുക്ക് പ്രാര്‍ത്ഥിക്കാം..

മറാഠികളുടെ മാനം കളഞ്ഞ ശിവസേനയെ ക്യാമ്പിലെ മഹാരാഷ്ട്രക്കാരായ സൈനികര്‍ പഴി പറഞ്ഞു. ഇവര്‍ ഛത്രപതി ശിവജിയുടെ അനുയായികളല്ല… വടക്കന്‍പാട്ടിലെ ചതിയന്‍ ചന്തുവിന്റെ കുടുംബക്കാരാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. പക്ഷേ, അതോടെ ഞാന്‍ പെട്ടു. ചന്തുവിന്റെ കഥ പറയണമെന്നായി അവര്‍. ഞാന്‍ താളമിട്ടു. അടുത്ത കഥയിലേക്ക് കടന്നു .പണ്ട് പാണന്‍മാര്‍ നന്തുണികൊട്ടി പാടിയ ആ പാട്ടൊഴുകി. അര്‍ത്ഥമറിയാതെ അവരും എന്തക്കെയൊ ഏറ്റുപാടി.

LEAVE A REPLY

Please enter your comment!
Please enter your name here