ഭാരതദേശത്തിന്റെ പൈതൃകം ആത്മീയത മാത്രമാണെന്ന് വിശ്വസിക്കുന്നവരാണധികവും. എന്നാൽ ആത്മീയതക്ക് അപ്പുറത്ത് വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും അമൂല്യമായ പൈതൃക സമ്പത്ത് നമുക്ക് സ്വന്തമായുണ്ട്. ഋഷി പരമ്പരകളിലൂടെ കൈമാറപ്പെട്ട അറിവുകൾ ഭാരതത്തെ മുന്നോട്ടു നയിച്ചപ്പോൾ ലോകത്തിനു ഈ രാഷ്‌ട്രം അറിവും സമ്പത്തും നേടാനുള്ള ലക്ഷ്യസ്ഥാനമായി മാറി. കാലത്തിന്റെ പ്രവാഹത്തിൽ നമ്മുടെ സമൂഹത്തിൽ എപ്പോഴൊക്കെ മൂല്യച്യുതികൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ മഹാ ഋഷിമാർ ജന്മമെടുത്ത് ധർമ്മത്തിന്റെ പാതയിലേക്ക് നമ്മെ മടക്കിക്കൊണ്ടു വന്നിട്ടുണ്ട്. കാലടിയിൽ പിറന്ന് കേരളദേശത്തെ പുണ്യഭൂമിയാക്കി മാറ്റിയ ആദിശങ്കരൻ ഇതിന്റെ ഉത്തമോദാഹരണമാണ്.
അങ്ങനെ ഉള്ള മഹാന്മാരുടെ പരമ്പരയിൽ നമ്മുടെ കാലഘട്ടത്തോട് ചേർന്ന് നിൽക്കുന്ന സമയത്ത് ജനിച്ച് ജീവിച്ച മഹർഷിയാണ് സ്വാമി വിവേകാനന്ദൻ. കേവലം ഒന്നര പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ പരിവ്രാജക ജീവിതത്തിൽ ധർമ്മ പുനഃസ്ഥാപനത്തിനായി അദ്ദേഹം നയിച്ച സാംസ്കാരിക പടയോട്ടം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. ഹൈന്ദവ മതത്തിലുണ്ടായ പുഴുക്കുത്തുകൾക്കെതിരെ പ്രവർത്തിച്ച് മതഭ്രാന്ത് ഇല്ലാതെയാക്കി പകരം ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയിലൂടെയുള്ള ആത്മീയ നവോത്ഥാനം കൊണ്ടുവരാനാണ് അദ്ദേഹം പരിശ്രമിച്ചത്. തന്റെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും വരും തലമുറകൾക്ക് വഴികാട്ടിയായി അടുത്ത സന്യാസിവര്യൻ വരുന്നത് വരെ അദ്ദേഹം നമ്മുടെ ഇടയിൽ തന്നെ ഉണ്ടാവും.
വെറും മതം മാത്രമായിരുന്നില്ല സ്വാമി വിവേകാനന്ദന് ആത്മീയത. ശാസ്ത്രത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും ആവശ്യകതയെപ്പറ്റി അദ്ദേഹം പൂർണ്ണ ബോധവാനായിരുന്നു. ഇന്ന് ഭാരതത്തിന്റെ അഭിമാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസെന്ന സ്ഥാപനം തുടങ്ങുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രചാരം ലഭിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്.
1893 സെപ്റ്റംബറിൽ അദ്ദേഹം ഷിക്കാഗോയിൽ ലോക മത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം വിശ്വവിഖ്യാതമാണ്. എന്നാൽ അതെ വർഷം മെയ് മാസത്തിൽ ജപ്പാനിൽ നിന്ന് ചിക്കാഗോയിലേക്കു അദ്ദേഹം നടത്തിയ യാത്രയിൽ ആണ് IISc എന്ന സ്ഥാപനത്തിന്റെ ആശയം പിറന്നതെന്നു ഏറെ പേർക്കുമറിയില്ല. സന്ദർഭവശാൽ അദ്ദേഹം യാത്ര ചെയ്ത “എമ്പ്രെസ്സ് ഓഫ് ഇന്ത്യ” എന്ന ആഡംബരക്കപ്പലിലെ സഹയാത്രികനായിരുന്നു ഭാരതീയ വ്യവസായത്തിന്റെ പിതാവെന്ന് കരുതപ്പെടുന്ന ശ്രീ ജംഷെത്ജി ടാറ്റ. ഗവേഷണത്തിനായി ഒരു സ്ഥാപനം ഭാരതത്തിൽ തുടങ്ങണം എന്ന ആഗ്രഹം അക്കാലത്ത് ടാറ്റ തന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു. ആ ആഗ്രഹത്തിന് ഒരു ദിശയും ലക്ഷ്യവും അദ്ദേഹത്തിന് ലഭിച്ചത് ആ കപ്പൽ യാത്രയിൽ സ്വാമിജിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആണ്.
ആത്മീയതയിൽ ഊന്നിയ അച്ചടക്കമുള്ള ഒരു തലമുറയ്ക്ക് ശാസ്ത്രീയ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനെ പറ്റിയുള്ള സ്വാമിജിയുടെ ആശയങ്ങളും ചിന്തകളും ടാറ്റയെ ഏറെ സ്വാധീനിച്ചു. അഞ്ചു വർഷങ്ങൾക്ക് ശേഷം 1898 ഇൽ തന്റെ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള പദ്ധതിക്ക് രൂപരേഖ ആയപ്പോൾ അത് നയിക്കാൻ ആര് വേണമെന്ന കാര്യത്തിൽ ശ്രീ ജംഷെത്ജി ടാറ്റക്ക് സംശയമേ ഉണ്ടായിരുന്നില്ല. അദ്ദേഹം അന്ന് സ്വാമിജിക്ക് എഴുതി, “ആത്മീയതയെ ശാസ്ത്രവുമായി യോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുവാനുള്ള ഈ ശ്രമത്തിനു രാജ്യത്തെയും, ശാസ്ത്രത്തെയും ആത്മീയതയെയും സഹായിക്കാനാകും. ഇതിനു ചുക്കാൻ പിടിക്കുവാനായി സ്വാമി വിവേകാനന്ദനെക്കാൾ മികച്ചൊരു സേനാധിപനെ എനിക്കറിയില്ല”. എന്നാൽ രാമകൃഷ്ണാ മിഷന്റെ കാര്യപരിപാടികളുമായുള്ള തിരക്കുകൾ മൂലം സ്വാമിജിക്ക് അതിനു കഴിയുമായിരുന്നില്ല. തനിക്കു പകരം ടാറ്റക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ അദ്ദേഹം ചുമതലപ്പെടുത്തിയത് സിസ്റ്റർ നിവേദിതയെയാണ്.
ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സഹകരണത്തിനു മേലെയും ടാറ്റ തന്റെ പദ്ധതിയുമായി മുന്നോട്ടു പോയത് ബ്രിട്ടനിൽ പദ്ധതിക്ക് അനുകൂലമായ സാഹചര്യം സിസ്റ്റർ നിവേദിതക്ക് സൃഷ്ടിക്കുവാനായത് മൂലം കൂടിയാണ്. സ്വാമിജിയെ ഏറെ പിന്തുണച്ചിട്ടുള്ള മൈസൂർ രാജവംശം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ആവശ്യമുള്ള 372 ഏക്കർ സ്ഥലം വിട്ടു കൊടുത്തത് കാര്യങ്ങൾ കൂടുതൽ സുഗമമാക്കി. 1902 ൽ സ്വാമിജിയും 1904 ൽ ടാറ്റയും വിട വാങ്ങിയെങ്കിലും അവർ തുടങ്ങി വച്ച പദ്ധതി 1909 ൽ വെളിച്ചം കണ്ടു. ബാംഗ്ലൂരിൽ 1909 ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നിലവിൽ വന്നു. 1911 ൽ സ്ഥാപനത്തിന്റെ പേര് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ശാസ്ത്രത്തിന്റെ വളർച്ചയിൽ ഭാരതം വഹിച്ചിട്ടുള്ള പങ്കിനെ കുറിച്ച് വാസ്തവവും അവാസ്തവവും ആയ കാര്യങ്ങൾ പ്രചരിക്കുന്ന ഇന്ന് രാജ്യത്തിൻറെ യശസ്സുർത്തുന്ന ഒരു സ്ഥാപനം നിലവിൽ വരുന്നതിനു പ്രചോദനം ആയതൊരു സന്യാസിവര്യൻ ആണെന്നത് നമ്മുടെ പൈതൃകത്തിന്റെ മഹത്വം സൂചിപ്പിക്കുന്നു. നമ്മുടെ പൈതൃകത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോഴും മുന്നോട്ടുള്ള പ്രയാണത്തിന് അത് വിഘാതമാക്കരുതെന്നു പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞത് നമ്മെ സ്വാമി വിവേകാനന്ദൻ പഠിപ്പിക്കുന്നു. ആ പാഠം ഉൾക്കൊണ്ടു മുന്നോട്ടു പോകുവാനുള്ള അനുഗ്രഹം ഭാരതദേശത്തിനും ദേശവാസികൾക്കും നമ്മുടെ പൂർവികരായ ഋഷീശ്വരന്മാർ നൽകുവാൻ പ്രാർത്ഥിക്കാം.
Reference:
https://www.tata.com/newsroom/jamsetji-tata-letter-to-swami-vivekananda