പരശുരാമ ക്ഷേത്രത്തിലെ പുണ്യസ്ഥലങ്ങളിലൂടെ

മലയാളികൾ സ്ഥിരമായി സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രം. സാധാരണയായി മൂകാംബികയിൽ ദർശനത്തിന് വേണ്ടി വരുന്ന മലയാളികൾ ദർശനം കഴിഞ്ഞ് കൂടിപ്പോയാൽ ഉഡുപ്പി ശ്രീകൃഷ്ണ മഠവും കൂടി സന്ദർശിച്ച് തിരിച്ചു നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യാറുള്ളത്. ഒരുപാട് ക്ഷേത്രങ്ങളും ഐതിഹ്യങ്ങളും കൊണ്ട് സമ്പന്നമായ ഒരു പ്രദേശമാണ് ദക്ഷിണ കന്നഡ ജില്ല. പരശുരാമൻ മുതൽ ശ്രീ നാരായണ ഗുരു വരെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളും, കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാവുകളും മറ്റും ഒരുപാടുണ്ട് ഇവിടെ. ഈ ക്ഷേത്രങ്ങളിൽ മലയാളികൾ അധികവും പോകാറില്ല. അടുത്ത തവണ മൂകാംബികയ്ക്ക് പോകുമ്പോൾ, സമയം അനുവദിക്കുമെങ്കിൽ ദർശനം നടത്താവുന്ന ക്ഷേത്രങ്ങളെ കുറിച്ചുള്ള  ഒരു പരമ്പര ഇവിടെ തുടങ്ങുകയാണ്.

കാൽപ്പന്തുകളി ഉത്സവമാക്കിയ പൊളലി രാജരാജേശ്വരി

മംഗലാപുരം നഗരത്തിൽ നിന്നും ഏതാണ്ട്  20 കിലോമീറ്റർ ദൂരെ ഫാൽഗുനി (ഗുരുപുര) നദിയുടെ തീരത്തെ കരിയങ്കാല ഗ്രാമത്തിൽ, മനോഹരമായ കുന്നുകൾക്കും നെൽപ്പാടങ്ങൾക്കുമിടയിലാണ് പൊളലി രാജരാജേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഐതീഹ്യപ്രകാരം, രണ്ടാമത്തെ മനുവായിരുന്ന സ്വരോചിഷൻ്റെ മകനായ ചൈത്രൻ്റെ വംശാവലിയിൽ പിറന്ന സുരതൻ എന്ന മഹാരാജാവ് മലനാട് വാണിരുന്ന കാലം. വേട്ടക്കാരും ദൈവനിന്ദകരുമായ “കോലവിധ്വംസി”കളുടെ ശല്യം അക്കാലത്ത് രൂക്ഷമായിരുന്നത്രേ. അവർ നിരന്തരം മലനാടിനെ ആക്രമിച്ചു കൊണ്ടേയിരുന്നു. രാജാവിൻ്റെ അളവറ്റ സമ്പത്ത് മോഹിച്ച അദ്ദേഹത്തിൻ്റെ മന്ത്രിമാർ  കോലവിധ്വംസികളുടെ കൂടെ കൂടി അദ്ദേഹത്തെ ചതിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി. കൊട്ടാരത്തിൽ നിന്നും രക്ഷപെട്ടോടിയ സുരത മഹാരാജാവ് എങ്ങനെയോ കൊടും വനത്തിൽ എത്തപ്പെട്ടു. വനത്തിനുള്ളിൽ ഒരു പർണ്ണശാല കണ്ട അദ്ദേഹം അവിടെ ധ്യാനത്തിൽ മുഴുകിയിരുന്ന ഒരു മുനിയെ കണ്ടു. ധ്യാനം കഴിഞ്ഞ് കണ്ണു തുറന്ന മുനി കണ്ടത് തന്നെ വന്ദിച്ചു കൊണ്ട് നിൽക്കുന്ന മഹാരാജാവിനെയാണ്. മഹാരാജാവിൻ്റെ സങ്കടങ്ങൾ കേട്ട മുനി, താൻ  സുമേധ മഹർഷിയാണെന്നും രാജാവിൻ്റെ  ദുഃഖങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും തത്കാലം തൻ്റെ ആതിഥ്യം സ്വീകരിച്ചു കൊണ്ട് ആശ്രമത്തിൽ കഴിയണമെന്നും അഭ്യർത്ഥിച്ചു. അതു സമ്മതിച്ച മഹാരാജാവ് അവിടെ കഴിഞ്ഞു വരവേ, ഒരു ദിവസം ഒരു വ്യാപാരിയും അവിടെ വന്നു ചേർന്നു. വ്യാപാരി തൻ്റെ അത്യാഗ്രഹിയായ ഭാര്യയുടെയും ദുരാഗ്രഹികളായ മക്കളുടെയും മറ്റു ബന്ധുക്കളുടെയും ഉപദ്രവം സഹിക്കവയ്യാതെ വീട് വിട്ടോടി പോന്നതായിരുന്നു. തുല്യദുഃഖിതരായ മഹാരാജാവിനോടും വ്യാപാരിയോടും സുമേധ മഹർഷി ഭണ്ഡാസുരനെ നിഗ്രഹിച്ച ഭുവനേശ്വരി ദേവിയെ ഭജിക്കാൻ പറഞ്ഞു. നിഷ്ഠയോടെ ഭജിച്ചാൽ സർവ്വ പ്രശ്നങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ദേവി മുക്തി തരുമെന്നും പറഞ്ഞു.

ഇതു കേട്ട മഹാരാജാവും വ്യാപാരിയും ആശ്രമത്തിനടുത്ത് തന്നെ ഫാൽഗുനി നദിക്കരയിൽ ഒരു താഴ്ന്ന പ്രദേശം കണ്ടു പിടിച്ച് അവിടെ നിന്നെടുത്ത കളിമണ്ണു കൊണ്ട് ഒരു ദേവീരൂപം ഉണ്ടാക്കി മനസ്സ്‌ അതിലർപ്പിച്ച് ദേവിയെ ഭജിക്കാൻ തുടങ്ങി. ആദ്യമൊക്കെ വ്രതം പാലിച്ച് ഭക്ഷണം കഴിച്ചും, പിന്നീട് ദിവസത്തിലൊരിക്കലും, പോകെ പോകെ ആഴ്ച്ചയിലൊരിക്കലും, അവസാനം ഭക്ഷണം തന്നെ ഉപേക്ഷിച്ചും ഇരുവരും തപസ്സ് തുടർന്നു. അങ്ങനെ പന്ത്രണ്ട് വർഷം കഴിഞ്ഞു പോയി. ഇവരുടെ തപസ്സിൻ്റെ കാഠിന്യം മൂലം ദേവി സംപ്രീതയായി പ്രത്യക്ഷയായി. ഇരുവർക്കും മോക്ഷം നൽകാമെന്നും അവരുടെ വ്യാകുലതകൾക്ക് കാരണമായവർ അവരുടെ കർമഫലം അനുഭവിക്കുമെന്നും ദേവി ഉറപ്പ് നൽകി. അവരുണ്ടാക്കിയ കളിമൺ വിഗ്രഹത്തിൽ താൻ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ത്രയങ്ങളുടെ ഐക്യമായ രാജരാജേശ്വരിയായി  വിലയം പ്രാപിക്കുമെന്നും, ഉത്തമ അരശനും ഉത്തമ വൈശ്യനുമായ അവരെയും തൻ്റെ  കൂടെ കൊണ്ടു പോകുമെന്നും പറഞ്ഞു.

ഈ വിവരം സുമേധ മഹർഷിക്ക് സ്വപ്നദർശനത്തിലൂടെ താൻ അറിയിക്കുമെന്നും അദ്ദേഹം ഈ വിഗ്രഹം ഇവിടെ തന്നെ പ്രതിഷ്ഠിച്ച് പൂജ നടത്തണമെന്നും  ഈ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിടത്ത് പിൽക്കാലത്ത് ഒരു ക്ഷേത്രം ഉയരുമെന്നും എല്ലാ പന്ത്രണ്ട് വർഷവും അവിടെ പുനഃപ്രതിഷ്ഠ നടത്തണമെന്നും വിഗ്രഹം കളിമണ്ണു കൊണ്ടു തന്നെ വേണമെന്നും ദേവി പറഞ്ഞു. കാലാന്തരത്തിൽ തൻ്റെ സഹോദരങ്ങൾക്കും കാവൽ ദേവതകൾക്കും ഇവിടെ പ്രതിഷ്ഠകൾ നടക്കുമെന്നും അതോടെ ഈ ക്ഷേത്രത്തിൻ്റെ കീർത്തി എമ്പാടും വ്യാപിക്കുമെന്നും ഭരണകർത്താക്കൾക്കും വ്യാപാരികൾക്കും ഇവിടെ വന്ന് തന്നെ ഭജിച്ചാൽ സർവൈശ്വര്യവും ഉദ്ദിഷ്ഠകാര്യസിദ്ധിയും ഉണ്ടാകുമെന്നും അരുൾ ചെയ്ത് അവർ ഇരുവരോടും കൂടി ദേവി ആ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു.

സ്വപ്നത്തിൽ ഇതെല്ലാം ദർശിച്ച സുമേധ മഹർഷി ഉടൻ തന്നെ നദിക്കരയിലേക്ക് വരികയും വിഗ്രഹത്തിൽ അർച്ചന നടത്തി പൂജ കഴിക്കുകയും ചെയ്തു. അപ്പോൾ വിഗ്രഹത്തിന് പിറകിൽ നിന്നും നദി കുറച്ചു ദൂരം വഴി മാറി പോകുകയും വിഗ്രഹത്തിന് ചുറ്റുമുള്ള മണ്ണ് ഉയർന്നു വന്ന് ഒരു പീഠം പോലെയാവുകയും ചെയ്തു. അങ്ങനെ ആ സ്ഥലം ക്ഷേത്രം നിർമ്മിക്കാൻ അനുയോജ്യമായി തീർന്നു. നദി “പുരലി”യ (പുരൽ എന്നാൽ പ്രാചീന തുളുവിൽ ഗതിമാറുക, മറിയുക എന്നൊക്കെയാണ് അർത്ഥം) സ്ഥലമായതിനാൽ ആ സ്ഥലത്തെ “പുരലി” എന്നും കാലക്രമേണ “പുളലി” എന്നും പിന്നീട് “പൊളലി” എന്നും വിളിക്കാൻ തുടങ്ങി.

ചരിത്രം സൂചിപ്പിക്കുന്നത്, ഏതാണ്ട് മൂവായിരത്തോളം വർഷമായി പൊളലിയിൽ ആരാധനയും നിത്യപൂജയും നടക്കുന്നുണ്ട് എന്നാണ്. കദംബ, ചാലൂക്യ, അലുപ കാലത്തെ ശിലാ ലിഖിതങ്ങളും താമ്രപത്രങ്ങളും നോക്കിയാൽ കുറഞ്ഞത് എട്ടാം നൂറ്റാണ്ടിലെങ്കിലും ഇന്നത്തെ രീതിയിൽ പ്രതിഷ്ഠകളുമുണ്ട്, പൂജകൾ നടന്നു വരുന്നുമുണ്ട്. എട്ടാം നൂറ്റാണ്ടിൽ തുളുനാട് ഭരിച്ചിരുന്ന അലുപ വംശവും തുടർന്ന് വന്ന വിജയനഗര സാമ്രാജ്യവും നിത്യപൂജയ്ക്കയും ക്ഷേത്രത്തിലെ നിർമ്മാണ പ്രവൃത്തികൾക്കായും ശമ്പളം നൽകുന്നതിനായും കണക്ക് വകയിരുത്തിയ രേഖകൾ ഇന്നും കർണാടക സർക്കാരിൻ്റെ ആർക്കൈവ്സിൽ ഭദ്രമായി ഇരിപ്പുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ കെളദി രാജ്യത്തെ റാണി ചെന്നമ്മയാണ് ഇന്ന് നമ്മൾ ക്ഷേത്രത്തിൽ കാണുന്ന ഉത്സവരഥം നിർമ്മിച്ചു നൽകിയത്. ചണ്ഡികാസ്വരൂപിണിയായ  രാജരാജേശ്വരിയുടെ ഭക്തനായിരുന്ന മൈസൂരു മഹാരാജാവ് കൃഷ്ണരാജ ഒഡെയരുടെ കാലത്താണ്, അതിന് മുൻപ് ടിപ്പുവിൻ്റെ ആക്രമണങ്ങളിൽ കുറെയേറെ നശിച്ച ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. ഇന്നത്തെ വിഗ്രഹത്തിൽ കാണുന്ന മാണിക്യക്കല്ലുകളും വെള്ളി കൊണ്ടുള്ള പുറം കവചവും അദ്ദേഹം സമർപ്പിച്ചത് തന്നെ. കാവൽ ദൈവങ്ങളുടെ പ്രതിഷ്ഠ ഇന്നു കാണുന്ന നിലയിൽ പ്രധാന ക്ഷേത്രത്തിന് വടക്കു-കിഴക്കായി മാറ്റി സ്ഥാപിച്ചത് ശ്രീകണ്ഠദത്തനരസിംഹരാജ ഒഡെയർ ആണ്.

തനി കേരളീയ – തുളുനാടൻ മാതൃകയിൽ, കിഴക്ക് ദർശനമായി നിർമിക്കപ്പെട്ട ക്ഷേത്രത്തിൽ ദർശന ക്രമങ്ങളെല്ലാം കേരളീയ രീതിയിൽ തന്നെയാണ്. തടി കൊണ്ടുണ്ടാക്കിയ മുഖമണ്ഡപത്തിൽ അനേകം കൊത്തുപണികളുണ്ട്. ദേവി അരുൾ ചെയ്തുവെന്ന് പറയപ്പെടുന്നത് പോലെ തന്നെ ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും പത്തടി ഉയരമുള്ള  കളിമൺ വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തും. പഴയ വിഗ്രഹം നദിയിൽ ഒഴുക്കി കളയും. പുതിയ വിഗ്രഹമുണ്ടാക്കാനുള്ള തൂവെള്ള കളിമണ്ണ് കൃത്യമായി ആ സമയത്ത് നദിക്കരയിൽ ഉണ്ടായിട്ടുണ്ടാകും. മണ്ണെടുത്ത് വിഗ്രഹമുണ്ടാക്കി “ലേപാഷ്ട ഗന്ധ” എന്ന ചടങ്ങിൽ ഔഷധമൂല്യമുള്ള അഷ്ടഗന്ധക്കൂട്ട് തടവി കവചം കൊണ്ടു മൂടും. രാജരാജേശ്വരിക്ക് പുറമേ, പൊളലിയിൽ മഹാഗണപതി, സുബ്രഹ്മണ്യൻ, നാഗരാജാവ്, ദുർഗ്ഗാദേവി, ശ്രീദേവി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്. പ്രധാന ക്ഷേത്രത്തിനകത്ത് തന്നെ മലരായ, കൊഡമണിത്തായ എന്നീ ഭൂത ദേവതകളും, കാവൽ ദൈവങ്ങളുടെ കളരിയിൽ ഉള്ളാളത്തി, കല്ലുരുട്ടി, മഗ്രന്ദായ, പഞ്ചുർളി, ഗുളികൻ എന്നീ ദേവതകളും കുടി കൊള്ളുന്നു.       

മധ്വ ബ്രാഹ്മണരാണ് ക്ഷേത്രത്തിലെ പൂജാരിമാർ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെയും വൈകുന്നേരം നാല് മുതൽ ഒൻപത് വരെയുമാണ് ദർശന സമയം. ഇടയ്ക്കുള്ള പൂജകൾക്ക് നട  അടച്ചിടുന്നതായിരിക്കും. നവരാത്രി, ദീപാവലി, സുബ്രഹ്മണ്യ ഷഷ്ഠി, കാർത്തിക ദീപം, ഉഗാദി, വിഷു (സൗരമാന ഉഗാദി) എന്നിവ പ്രധാന ഉത്സവങ്ങളാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം മീനമാസത്തിലെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവം തന്നെയാണ്. ഉത്സവ കാലത്ത് പൂർണ അലങ്കാരത്തോടെ രാജരാജേശ്വരിയെ സിംഹാസനത്തിൽ ഇരുത്തിയാണ് പൂജിക്കുന്നത്.

 ഉത്സവകാലത്ത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു ആചാരം ഇവിടെ നിലവിലുണ്ട്. അതാണ് “ചെണ്ടു ജാത്രെ” എന്ന കാൽപ്പന്തു കളി. ഐതിഹ്യ പ്രകാരം ഏതാണ്ട് എണ്ണൂറു വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ നാടുവാഴിയായിരുന്ന മലളി ബല്ലാളിന് ദേവി സ്വപ്നദർശനം നൽകുകയും താൻ ഭണ്ഡാസുരനെ നിഗ്രഹിച്ചത് കാലു കൊണ്ട് ചവിട്ടിയാണെന്നും ശേഷം അവൻ്റെ തല കാലു കൊണ്ട് തട്ടി കളിക്കുകയും ചെയ്തുവെന്നും അതിൻ്റെ ഓർമ്മയ്ക്കായി ഭക്തർ “ചെണ്ടു” (കാൽപ്പന്ത്) കളിക്കണമെന്നും പറഞ്ഞു. വർഷാവർഷം മീനമാസത്തിലെ ഉത്സവം നടക്കുമ്പോൾ ഈ ചടങ്ങ് അഞ്ചു ദിവസത്തേക്ക് ക്ഷേത്രത്തിനടുത്തുള്ള കണ്ടത്തിൽ നടത്തണമെന്നും ഇതൊരു വഴിപാടായി കണക്കാക്കണമെന്നും ഇതിനായുള്ള പന്ത് ബല്ലാളിൻ്റെ ചിലവിൽ മിജാർ ഗ്രാമത്തിലെ ചെരുപ്പുകുത്തിയെ കൊണ്ട് ഉണ്ടാക്കിക്കണമെന്നും അവിടെ നിന്ന് പന്ത് കൊണ്ടുവരാനുള്ള ചുമതല കടപ്പു കരിയയിലെ ചക്കാട്ടി കുടുംബത്തിലെ ഇളമുറക്കാരന് നൽകണമെന്നും ദേവി പറഞ്ഞതായി ബല്ലാൾ കണ്ടു. അങ്ങനെ തുടങ്ങിയതാണ് ഈ ചെണ്ടുകളി. ഇന്നും ഈ മൂന്ന് കുടുംബങ്ങൾ ചേർന്നാണ് ഈ ആചാരം നടത്തുന്നത്. സമീപപ്രദേശത്തു നിന്നും, മംഗളൂരു നഗരത്തിൽ നിന്നും, എന്തിന് കേരളത്തിൽ നിന്നും വരെ യുവാക്കൾ  ഉത്സവകാലത്ത് അവിടെ ചെന്ന് ചെണ്ടു കളിക്കാറുണ്ട് ! അങ്ങനെ കളിച്ചാൽ ദേവി സന്തുഷ്ടയാകുമെന്നും പങ്കെടുത്തവർക്ക് എല്ലാ സുഖങ്ങളും നൽകുമെന്നാണ് വിശ്വാസം.

പൊളലി ക്ഷേത്രത്തിൽ എത്താൻ മംഗലാപുരത്തു നിന്നും റോഡ് മാർഗ്ഗം വാമഞ്ചൂർ – കൈകമ്പ വഴിയോ ബണ്ട്വാൾ വഴിയോ പോകാം.   വഴി നീളെ  ബോർഡുകളുണ്ട്.  .ആരോട് ചോദിച്ചാലും പറഞ്ഞു  തരികയും ചെയ്യും.

3 COMMENTS

  1. 먹튀검증커뮤니티에 참여하여 안전한 온라인 놀이터 정보를 공유하고 받아보세요! 다른 사용자들의 경험과 후기를 통해 사기 피해를 예방하고 안전하게 게임을 즐길 수 있습니다.

LEAVE A REPLY

Please enter your comment!
Please enter your name here