ലിംഗായത്ത് മതം: ‘മൈനോരിറ്റേറിയനിസ’ത്തിന്റെ വിഭജന വിത്തുകൾ മുളക്കാൻ തുടങ്ങുമ്പോൾ

0

ഇന്നത്തെ (08th April 2018) പ്രധാന വാർത്തകളിലൊന്നാണ് അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ അവിടുത്തെ ലിംഗായത്ത് സമുദായം ബിജെപിക്കെതിരെ, കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യും എന്നുള്ള പ്രഖ്യാപനം അല്ലെങ്കിൽ ഭീഷണി.

ഈ വർഷം മാർച്ച് 18ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു തീരുമാനമെടുത്തിരുന്നു. കർണാടകയിലെ ഹിന്ദുക്കളിലെ പ്രബല വിഭാഗമായ വീരശൈവ വിഭാഗത്തിൽ പെട്ട ലിംഗായത്തുകളെ ഹിന്ദുമതത്തിൽ നിന്ന് അടർത്തിമാറ്റി ‘ലിംഗായത്തിസം’ എന്ന പുതിയ ഒരു മതവിഭാഗമായി അംഗീകരിക്കാനും ആ മതവിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകാനും തീരുമാനിച്ച ക്യാബിനറ്റ് തീരുമാനമായിരുന്നു അത്.

അംഗീകാരത്തിനായി അത് കേന്ദ്രസർക്കാരിനയച്ചിരിക്കുകയാണ്. കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കുക എന്ന വെറും താൽകാലിക ലാഭത്തിന് വേണ്ടിയാണ് ജനങ്ങൾക്കിടയിൽ, എന്നെന്നേക്കുമായുള്ള ഈയൊരു വലിയ വിഭജനം എന്ന തികച്ചും നെഗറ്റീവ് ആയ രാഷ്ട്രീയം കളിക്കാൻ കോൺഗ്രസ് തയ്യാറാവുന്നത്. ഭാരതത്തിൽ നിലനിൽക്കുന്ന ജാതി വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപി, പ്രതീക്ഷിച്ച പോലെ തന്നെ വീരശൈവ-ലിംഗായത്ത് വിഭജനത്തെ അംഗീകരിക്കില്ല എന്ന നിലപാടെടുത്തു. ഏപ്രിൽ ആദ്യ വാരം വീരശൈവ സന്യാസിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചത്.

കോൺഗ്രസ് വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നീങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ലിംഗായത്തുകൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അത് പക്ഷെ ബിജെപിയെ പരാജയപ്പെടുത്താൻ പര്യാപ്‌തമായിരുന്നോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് പ്രവചിക്കുക ബുദ്ധിമുട്ടായിരിക്കും.
ഈ ലേഖനത്തിലൂടെ പക്ഷെ പറയാൻ ഉദ്ദേശിക്കുന്നത്, ബ്രിട്ടീഷ്കാരിൽ നിന്ന് സ്വായത്തമാക്കിയ, പിന്നീട് കോൺഗ്രസ് പാർട്ടിയുടെ ജീനിൽ അലിഞ്ഞ് ചേർന്ന, 1947 മുതൽ ഈ സംഭവം വരെ നീളുന്ന, വിഭജിച്ച് തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ ആ സ്വഭാവത്തെ കുറിച്ചല്ല. മറിച്ച് കോൺഗ്രസ് വർഷങ്ങൾ എടുത്ത് വിതച്ച വിഭജനത്തിന്റെ വിത്തുകളെ എത്രയും പെട്ടെന്ന് നിർവീര്യമാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ അവർ ഈ രാജ്യത്തിനോടും ഇവിടുത്തെ ജനങ്ങളോടും പ്രത്യേകിച്ച് ഹിന്ദു എന്ന ഭൂരിപക്ഷ വിഭാഗത്തിനോടും ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റായിരിക്കും അത് എന്നതാണ്.

ഇന്ന് ബിജെപി ഒരു പ്രൊ-ഹിന്ദു പാർട്ടിയാണെന്നതിൽ ഉറപ്പില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി മാത്രമായിരിക്കും. പ്രൊ-ഹിന്ദു എന്നാൽ സ്വാഭാവികമായി ആന്റി-മൈനോരിറ്റി ആണെന്ന ബോധപൂർവം സൃഷ്ടിക്കപ്പെട്ട തെറ്റായ പൊതു ബോധം ആണെന്ന് തോന്നുന്നു ബിജെപിയുടെ ഈ ഒരു ഉറപ്പില്ലായ്മക്ക് കാരണം.

പ്രൊ-ഹിന്ദു എന്നാൽ ആന്റി-മൈനോരിറ്റി എന്ന് അർത്ഥമില്ല എന്നത് ചെറിയ രണ്ട് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം:

 1. മറ്റ് ന്യൂനപക്ഷ മതങ്ങൾക്ക് അവരവരുടെ ആരാധനാലയങ്ങൾ സ്വയം നോക്കി നടത്താനുള്ള അതേ അവകാശം ഭൂരിപക്ഷമായ ഹിന്ദുവിനും വേണം എന്ന് പറയുന്നതിൽ ആന്റി-മൈനോരിറ്റിസം അല്പം പോലുമില്ല എന്ന് ഏത് കോച്ച് കുട്ടിക്കും അറിയാം.
 2. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് പോലുള്ള ‘സെകുലർ’ കാര്യങ്ങളിൽ ന്യൂനക്ഷ മതങ്ങളിൽ പെട്ടവരുടെ സ്ഥാപനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും, ഭൂരിപക്ഷ മതത്തിൽ പെട്ടവരുടെ സ്ഥാപനങ്ങൾക്ക് കൂടുതൽ സർക്കാർ നിയന്ത്രങ്ങളും എന്ന നിലവിലുള്ള സമ്പ്രദായം നിർത്തണം എന്ന് പറയുന്നതിൽ ഒരു തരിമ്പ് പോലും ന്യൂനപക്ഷ വിരുദ്ധതയില്ലെന്നും മറിച്ച് അതാണ് യഥാർത്ഥ മതേതരത്വം എന്നതിലും മതേതര പാർട്ടികൾ എന്ന് സ്വയം വിളിക്കുന്ന ചിലർക്കല്ലാതെ മറ്റാർക്കും എതിരഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇവിടെയാണ് പ്രൊ-ഹിന്ദു എന്ന തങ്ങളുടെ അടിസ്ഥാന തത്വം ബിജെപി മറക്കാതിരിക്കേണ്ടത്. പ്രൊ-ഹിന്ദു എന്നത് ആന്റി-മൈനോരിറ്റിസം അല്ല മറിച്ച് മതേതരത്വത്തിന്റെ പേരിൽ ഹിന്ദുഭൂരിപക്ഷത്തിന് മേൽ കാലാകാലങ്ങളായി അടിച്ചേൽപ്പിച്ച പക്ഷപാതപരമായ കാര്യങ്ങൾ നീക്കം ചെയ്യുക എന്നത് മാത്രമാണെന്ന് തന്റേടത്തോടെ പറയാനും ആ പറഞ്ഞത് പ്രവർത്തിക്കാനും ബിജെപി തയ്യാറാവണം. അതിനുള്ള സുവർണ്ണാവസരമാണ് കർണാടകയിലെ കോൺഗ്രസ് തളികയിൽ വച്ച് നൽകിയിരിക്കുന്നത്. മേൽപറഞ്ഞ ഉദാഹരങ്ങൾക്ക് സമാനമായ ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഭരണഘടനവകുപ്പുകളും നിയമങ്ങളും നിർത്തലാക്കാനുള്ള സുവർണാവസരമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നത്. പ്രീണനവും പീഡനവും ഇല്ലാത്ത യഥാർത്ഥ മതേതരത്വം നടപ്പാക്കാൻ കൂടി വേണ്ടിയാണ് ഇങ്ങനെയൊരു കൂറ്റൻ മാൻഡേറ്റ് മോദിക്ക് ലഭിച്ചതെന്ന് ബിജെപി മറക്കരുത്.

കോൺഗ്രെസ് അവരുടെ അറുപതിലധികം വർഷങ്ങളുടെ ഭരണത്തിന്റെ സൗകര്യം ഉപയോഗിച്ച് ഊട്ടിവളർത്തിയ, ജീവിതത്തിന്റെ എല്ലാ മേഖലയിലും വേരിറങ്ങിയ ഒരു ‘എക്കോസിസ്റ്റം’ ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. ഇടത് മാദ്ധ്യമ-സാംസ്‌കാരിക-അക്കാദമിക്കൽ ബുദ്ധികേന്ദ്രങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്ന ഒന്നാണത്. ആ ‘മെക്കാനിസ’ത്തിന്റെ ശക്തിയായിരുന്നു അവാർഡ് വാപസി, ഇന്ടോളറൻസ്‌ ക്യാമ്പെയ്‌ൻ തുടങ്ങിയ പരിപാടികളിൽ കണ്ടത്. അവരുടെ പ്രൊപ്പഗാണ്ട പ്രകാരം നമ്മുടെ രാജ്യത്ത് ‘മജോരിറ്റേറിയനിസം’ ആണ് ഇപ്പോഴുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് വരെ നമ്മുടെ രാജ്യത്ത് പുലർന്ന് പോരുന്നത് ‘മൈനോരിറ്റേറിയനിസം’ ആണെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ‘മജോറിറ്റി’ ആയ ഹിന്ദുക്കളിലെ ലിംഗായത്ത് എന്ന വിഭാഗം ‘മൈനോരിറ്റി’ സ്റ്റാറ്റസിന് വേണ്ടി പോരാടുന്ന അവസ്ഥ. ‘അവാർഡ് വാപസി ഗാങ്’ പറഞ്ഞു പരത്തുന്നത് പോലെ ‘മജോരിറ്റേറിയനിസം’ ആയിരുന്നു ഇവിടെ നിലവിലുള്ളതെങ്കിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ട വിവിധ വിഭാഗങ്ങൾ ‘മജോറിറ്റി’ ആയ ഹിന്ദുവാവാൻ ക്യൂ നിൽക്കുമായിരുന്നു.

അങ്ങോട്ടും ഇങ്ങോട്ടും ക്യൂ നിൽക്കേണ്ട സാഹചര്യം ആണ് ഒഴിവാക്കപ്പെടേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ വിഴുങ്ങുന്ന അവസ്ഥയും ഉണ്ടാകരുത്, ന്യൂനപക്ഷത്തിന് പക്ഷപാതപരമായി എല്ലാവിധ ആനുകൂല്യങ്ങളും ഇളവുകളും കൊടുത്ത് ‘ഒരു ലെവൽ പ്ലെയിങ് ഫീൽഡ്’ തങ്ങൾക്ക് നിഷേധിക്കുന്നു എന്ന ചിന്ത ഭൂരിപക്ഷങ്ങളിൽ രൂഢമൂലമാവാനുള്ള അവസരവും ഉണ്ടാകരുത്. ഇന്ത്യൻ മതേതരത്വത്തിൽ പത്തറുപത് കൊല്ലംകൊണ്ടുണ്ടായ വളവുകൾ നേരെയാക്കി യഥാർത്ഥ മതേതരത്വം പുലരാനുള്ള നടപടികൾ ആണ് ബിജെപിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എങ്കിലേ ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തിന് അർത്ഥപൂർണ്ണത വരികയുള്ളു. അല്ലാതെ ‘ഇന്ത്യൻ ബ്രാൻഡ് സെക്കുലറിസ’ത്തിന്റെ വക്താക്കളാവാൻ ഇനി ബിജെപി എന്ന പുതിയൊരു അംഗത്തിന്റെ കൂടെ ആവശ്യവില്ല. ആ ക്ലബ് ഇപ്പോൾ തന്നെ ‘ഫുൾ’ ആണ്.

ബിജെപി ആ ഉത്തരവാദിത്വം നിർവഹിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ആ ശൂന്യത നികത്താൻ മറ്റൊരു ഹിന്ദു പാർട്ടി തീർച്ചയായും ഉടലെടുക്കും. അതൊരു പക്ഷെ യഥാർത്ഥ ഹിന്ദുവർഗീയ പാർട്ടിയാവാനും മതി. അത് രാജ്യത്തിൻറെ ആരോഗ്യത്തിന് തികച്ചും ഹാനികരമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പഴി മുഴുവൻ ചരിത്രത്തിൽ രേഖപ്പെടുത്തുക, വേണ്ടത് അവസരം കിട്ടിയിട്ടും വേണ്ടസമയത്ത് ചെയ്യാതിരുന്ന ബിജെപിയുടെ മേൽ ആയിരിക്കുമെന്നതിൽ യാതൊരു സംശയയവും വേണ്ട.

മൈനോരിറ്റേറിയനിസം.

‘മൈനോരിറ്റേറിയനിസം’ ആണ് ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നത് എന്ന് പറഞ്ഞതിൽ സംശയമുള്ളവർക്കായി ലിംഗായത്ത് വിഭാഗത്തിന്റെ ഉദാഹരണം തന്നെ വിശകലനം ചെയ്യാം.

 • എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് ‘മൈനോറിറ്റി സ്റ്റാറ്റസ്’ എന്ന വാഗ്ദാനം നൽകാൻ സിദ്ധാരാമയ്യയുടെ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞത്?
 • എങ്ങിനെയാണ് ‘മൈനോറിറ്റി സ്റ്റാറ്റസ്’ എന്നത് ഇത്രയധികം കാന്തിക ശക്തിയുള്ള ഒരു പ്രലോഭനമാവുന്നത്?
 • എന്തുകൊണ്ടാണ് സ്വന്തം അസ്തിത്വം വരെ തള്ളിപറഞ്ഞ് ‘മൈനോറിറ്റി സ്റ്റാറ്റസ്’ എന്ന ‘ടാഗി’ന് വേണ്ടി പോരാടാൻ ‘മജോറിറ്റി’ വിഭാഗക്കാരായ ലിംഗായത്തുകൾ തയ്യാറാവുന്നത്?
‘മജോറിറ്റി’ അഥവാ ഹിന്ദു ആയി നിലനിന്നാൽ ലഭിക്കാത്ത എന്തോക്കെയോ ഗുണങ്ങൾ മൈനോറിറ്റി ആയാൽ ലഭിക്കും എന്നതാണ് ഈ ചോദ്യങ്ങൾക്കുത്തരം.

അപ്പോൾ ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുവിനെ പല കഷ്ണങ്ങളായി ചിതറിച്ച്, ദുർബലമാക്കി, ഇല്ലായ്മ ചെയ്യാനായി ആരോ ചെയ്തു വച്ച ഒരു ഗൂഢതന്ത്രം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ കർണാടകയിൽ കാണുന്നതെന്നതിൽ സംശയമില്ല എന്ന് പറയാം.

Right to Education Act (RTE)

ഹിന്ദുവല്ലാതായാൽ കിട്ടാൻ പോകുന്ന ആ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കാൻ ഒരു ശ്രമം നടത്താം.

മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് ആകർഷകമായി തോന്നത്തക്കവിധം, ഇതുവരെ ഇന്ത്യൻ ഭരണഘടന പ്രകാരം ആർക്കെങ്കിലും പ്രത്യേക പരിഗണന അല്ലെങ്കിൽ ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ അത് എസ്.സി/എസ്.ടി , ഒബിസി വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. അതാണ് വല്ലപ്പോഴുമൊക്കെ ചില വിഭാഗങ്ങൾ തങ്ങളെയും പിന്നോക്കക്കാരായി കാണണമെന്ന് പറഞ്ഞ് പ്രക്ഷോഭങ്ങൾ നടത്തിയ ചരിത്രമുള്ളത്.അംബേദ്‌കർ അടക്കമുള്ള ഇന്ത്യൻ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത ഭരണഘടന പ്രകാരം ഇതുവരെ ഒരു ന്യൂനപക്ഷ മതത്തിനും, ഒരു ഭൂരിപക്ഷ മതത്തിനും അങ്ങോട്ടും ഇങ്ങോട്ടും അസൂയയോടെയോ സ്പർദ്ധയോടെയോ നോക്കാൻ ഇടവരത്തക്ക യാതൊരു പ്രത്യേകതകളും, അവകാശങ്ങളും കൽപിച്ച് നൽകിയിരുന്നില്ല.

പിന്നെയെന്തായിരിക്കും പെട്ടെന്ന് ലിംഗായത്ത്കൾക്ക് ന്യൂനപക്ഷമതമാവണെമെന്ന് തോന്നാനുള്ള പ്രചോദനം?

2004 മുതൽ 2014വരെ യുള്ള കാലഘട്ടത്തിൽ സോണിയ ഗാന്ധി നയിച്ച യുപിഎ സർക്കാരുകൾ ഭരണഘടനയിൽ എഴുതിച്ചേർത്ത ചില വകുപ്പുകളും, കൊണ്ടുവന്ന ചില നിയമങ്ങളും ആണ് ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നതാണതിനുത്തരം.

അതെങ്ങിനെയെന്ന് നോക്കാം.

 1. 2004 മെയ് മാസത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ ആദ്യത്തെ പണികളിലൊന്ന് National Commission for Minority Educational Institutions (NCMEI) എന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് മാത്രമായുള്ള ഒരു ‘സൂപ്പർ ബോഡി’ എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനം സൃഷ്ടിക്കുക എന്നതായിരുന്നു. വെറും 145 അംഗങ്ങളുള്ള കോൺഗ്രസ് അധികാരത്തിൽ വന്ന് വെറും അഞ്ച് മാസത്തിനുള്ളിൽ 2004 നവംബർ മാസത്തിൽ ഒരു ഓർഡിനനൻസ് വഴി അത്യധികം തിടുക്കത്തിലാണ് ആ നിയമം പാസാക്കിയതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
  അതിന്റെ ചെയർമാനും, കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന മറ്റ് രണ്ട് അംഗങ്ങളിൽ ആരും തന്നെയും ഒരു ഹിന്ദു ആവാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്ന അത്യന്തം വർഗീയമായ ഒരു നിയമമായിരുന്നു അത്. ആ നിയമം പാസായതോടെ മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം NCMEI കവർന്നെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈനോരിറ്റി പദവി ലഭിക്കുന്നതിനുള്ള അവസാന വാക്ക്, ഹിന്ദുക്കൾക്ക് വിലക്കുള്ള NCMEIയുടേതായി.
 2. 2004ൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുൻപ് വരെ രാജ്യത്ത് നിലനിന്നിരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ കുറിച്ചുള്ള പ്രധാന ‘ഗൈഡ് ലൈനു’കളിൽ ഒന്ന് TMA Pai v/s State of Karnataka എന്ന കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയായിരുന്നു. അതുപ്രകാരം ഒരു സ്വകാര്യ വ്യക്തി യാതോരുവിധ സർക്കാർ സഹായവുമില്ലാതെ തുടങ്ങി, നടത്തികൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനവും റിസർവേഷനും അടക്കമുള്ള എല്ലാ കാര്യത്തിനും അയാൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. അത്തരം അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൈനോരിറ്റി – നോൺ മൈനോരിറ്റി എന്ന യാതൊരു വ്യത്യാസവും ഉണ്ടാവാൻ പാടില്ല എന്നും നിഷ്കർഷിക്കുന്നു.ഈ ഒരു നിയമത്തെ അട്ടിമറിക്കാനായിട്ടായിരുന്നു ആർട്ടിക്കിൾ 15 (5) എന്ന വകുപ്പ് ഭരണഘടനയിൽ എഴുതിച്ചേർക്കാനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി സോണിയ ഗാന്ധിയുടെ കൊണ്ഗ്രെസ്സ് സർക്കാർ 2005, അധികാരത്തിലെത്തി വെറും ഒരു കൊല്ലത്തിനുള്ളിൽ കൊണ്ടുവന്നത്. ഇത് പ്രകാരം മൈനോരിറ്റി ടാഗുള്ളതൊഴിച്ച് ഒഴിച്ച് ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിളിലും, അൺഎയ്ഡഡ് ആയാലും അല്ലെങ്കിലും സർക്കാരിന് ഇടപെടാം എന്ന് വന്നു.
  അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ഇങ്ങനെ ആന്റി-ഹിന്ദു – പ്രൊ-മൈനോരിറ്റി ആയ, ഹിന്ദുക്കൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം ദുഷ്കരമാക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി വച്ചതിലെ ദീർഘദർശിത്വം മനസ്സിലാവാൻ 2009 ൽ കോൺഗ്രസ് കൊണ്ടുവന്ന റൈറ്റ് ടു എഡ്യൂക്കേഷൻ RTE എന്ന നിയമം വരേണ്ടി വന്നു.
 3. 2009 മെയ് മാസത്തിൽ അധികാരത്തിലെത്തിയ രണ്ടാം സോണിയ ഗാന്ധി സർക്കാർ വെറും മൂന്ന് മാസത്തിനുള്ളിൽ അതായത് 19 August 2009ന് Right to Education Act (RTE) എന്ന നിയമം പാസാക്കി. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലാവുമായിരുന്നതാണ് ഈ നിയമം. ഇതിലെ സർവ പ്രധാനമായ വ്യവസ്ഥ എല്ലാ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 25% സീറ്റ് സർക്കാരിന് അവകാശപ്പെട്ടതും, SC/SCT, OBC പോലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി തുച്ഛമായ ഫീസിൽ സംവരണം ചെയ്യപ്പെട്ടതാണ് എന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട നിഷ്കർഷ നൂറു ശതമാനം സീറ്റിലും യാതൊരു വിധ സ്‌ക്രീനിങ്ങുകളും (ഇന്റർവ്യൂകൾ പോലുള്ള) നടത്താൻ പാടില്ല എന്നതാണ്. പിന്നെ ഇൻഫ്രാസ്ട്രക്ച്ചറിന്റെയും മറ്റും കാര്യത്തിലുള്ള കർശനമായ വ്യവസ്ഥകൾ. ഇത്രയും കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ സർക്കാരുകൾക്ക് കഴിയും എന്ന് ചുരുക്കം.

എത്ര പുരോഗമനപരമായ, വിപ്ലവകരമായ, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമം. അല്ലെ?

പക്ഷെ ഈ നിയമം പാസായി തൊട്ട് പിന്നാലെ ഒരു സുപ്രീം കോടതി വിധി വന്നു. ഈ പറഞ്ഞ മനോഹരമായ, വിപ്ലവകരമായ വ്യവസ്ഥകളും RTE എന്ന നിയമം തന്നെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല എന്നതായിരിന്നു ആ വിധി! ഭരണഘടന പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുവിധ സർക്കാർ ഇടപെടലും ബാധകമല്ലത്രെ, അതുകൊണ്ട് സർക്കാർ കൊണ്ട് വന്ന RTE യും അവർക്ക് ബാധകമല്ലത്രെ, അത് കൊണ്ടുതന്നെ RTE നിഷ്കർഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഹിന്ദു മാനേജ്മെന്റുകളുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മാത്രമത്രേ ബാധകം.

ഭരണഘടന പ്രകാരം എന്ന് പറയുമ്പോൾ ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം എന്ന് ചോദിക്കണം. സോണിയാഗാന്ധിയും കൂട്ടരും അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ വളരെയധികം ധൃതിപ്പെട്ട് ചുട്ടെടുത്ത ആർട്ടിക്കിൾ 15 (5) എന്ന ഭരണഘടനാ വകുപ്പ് പ്രകാരം!

എങ്ങിനെയുണ്ട്!

ഇപ്പോൾ ഊഹിക്കാൻ പറ്റുന്നുണ്ടോ അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് അധികാരത്തിലെത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും ഉള്ളിൽ ഇതിനു വേണ്ടി നിലമൊരുക്കിയ സോണിയാഗാന്ധിയുടെയും അവരുടെ പുറകിലുള്ള ശക്തികളുടെയും ദീർഘ ദർശിത്വം.

പിണറായിയുടെയും മമത ബാനർജിയുടെയും പോലുള്ള മതേതരത്വത്തിൽ സെർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചില സർക്കാരുകൾ ചില മാനേജ്മെന്റുകളുടെ സ്കൂളുകളെ പൂട്ടിക്കും പൂട്ടിക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നത് ഈ നിയമത്തിന്റെ ബലത്തിലാണ്.

ഇനി പറയൂ കർണാടകയിൽ ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രബല വിഭാഗങ്ങളിൽ ഒന്നായ ലിംഗായത്തുകൾ ന്യൂനപക്ഷ പദവിക്ക് വേണ്ടി പോരാടാൻ തയാറായതിലെ ‘ഗുട്ടൻസ്’ എന്താണെന്നതിൽ ഇനിയും സംശയമുണ്ടോ.
Breaking India

സോണിയ ഗാന്ധിയുടെ കാർമികത്വത്തിൽ കൊണ്ട് വന്ന, പരസ്പരം കണ്ണിചേർന്നിരിക്കുന്ന മേൽപറഞ്ഞ മൂന്ന് നിയമങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിനെ തമ്മിലടിപ്പിച്ച്, ചിതറിച്ച്, ഇല്ലായ്മ ചെയ്യാനായി വിതറിയിരിക്കുന്ന വൈറസ് ആണ്. അത് രോഗമായി പുറത്ത് വന്ന ആദ്യ സംഭവമാണ് കർണാടക ലിംഗായത്ത് വിഷയം.

നാളെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഹിന്ദുക്കളിലെ പ്രബല വിഭാഗങ്ങൾ ആയ SNDP, NSS എന്നിവർ ഈഴവരെയും നായന്മാരെയും പുതിയ ന്യൂനപക്ഷ മതമായി അംഗീകരിക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങാം. അപ്പോൾ ഇവിടുത്തെ പ്രമുഖ പാർട്ടികളായ LDFഓ UDFഓ അത് ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനവും കൊടുക്കാം. ഇവിടെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ‘ലിംഗായത്ത് പ്രത്യേക മതം. ബിജെപി വെട്ടിൽ’ എന്ന് തലക്കെട്ട് കൊടുത്ത് നമ്മുടെ കണ്ണിൽ പൊടിയിടാൻ നോക്കിയ ബിജെപി വിരുദ്ധരെന്ന് നടിക്കുന്നവരുടെ തന്ത്രം ഇവിടെയാണ് മറനീക്കി പുറത്ത് വരുന്നത്.

ഈ വെട്ട് കൊണ്ടിരിക്കുന്നത് ബിജെപിക്കല്ല. അവരുടെയൊക്കെ ആക്രമണം ബിജെപിക്കും ആർ.എസ.എസ്സിനും എതിരെ എന്ന വ്യാജേന യഥാർത്ഥത്തിൽ ഹിന്ദുവിനെതിരെയുള്ളതാണെന്ന് കേരളത്തിൽ വരാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ നിന്ന് മനസ്സലാക്കാവുന്നതേയുള്ളൂ.

ഭാരതത്തിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിനാണ്, ഐക്യം എന്ന അവന്റെ നിലനിൽപിന്റെ ചുവട്ടിൽ ആണ് ആ വെട്ട് വീണിരിക്കുന്നത്. ഈ വെട്ട് ഫലപ്രാപ്തിയിലെത്തുകയാണെങ്കിൽ ഇതിന്റെ ആത്യന്തികമായ ഗുണഫലം ലഭിക്കാൻ പോകുന്നത് ഈ പറഞ്ഞ മതേതര പാർട്ടികൾക്കൊന്നുമല്ല. ഇന്ത്യ എന്ന വമ്പൻ മത മാർക്കറ്റിനെ വിഴുങ്ങാൻ കച്ചകെട്ടി നിൽക്കുന്ന ആ രണ്ട് ആഗോള കോർപറേറ്റ് മത ഭീമന്മാരാണ് ഇതെല്ലാം കണ്ട് ‘ചിറി നുണഞ്ഞ്’ നിൽക്കുന്നത്.

ഇസ്ലാം, ക്രിസ്റ്റ്യാനിറ്റി എന്നീ രണ്ട് ഗ്ലോബൽ ഭീമന്മാർ പഠിച്ച പണി പതിനെട്ടെടുത്തിട്ടും ഇന്നും അവർക്ക് പൂർണമായി വഴങ്ങാതെ സ്വന്തം സ്വത്വം നിലനിർത്തുന്ന ഏറ്റവും പഴക്കമേറിയ സംസ്കാരവും മതവുമാണ് ഹിന്ദുമതം. അതിനെ ഇപ്പോഴത്തെ അവസ്ഥയിൽ വിഴുങ്ങാൻ പറ്റാതെ വരുമ്പോൾ ചെറു ചെറു കഷ്ണങ്ങൾ ആക്കി വിഴുങ്ങാനുള്ള നടപടികൾ ആണ് ഇപ്പോൾ നമ്മുടെ കൺമുന്നിൽ നടക്കുന്നത്.

ഭൂവിസ്തൃതിയും കൊയ്യാനുള്ള ആത്മാവുകളുടെ എണ്ണവും നോക്കുമ്പോൾ ഇന്ത്യ, ചൈന എന്നീ രണ്ട് വമ്പൻ മാർക്കറ്റുകൾ ആണ് ഈ ‘ആഗോള കുത്തക മത ഭീമന്മാരുടെ’ മുന്നിൽ ബാക്കിയുള്ളത്. (ഇസ്രായേൽ തുലോം ചെറു പ്രദേശമാണ്. പിന്നെ മതത്തിന്റെ മാർക്കടമുഷ്‌ടിയിൽ ഇവർ രണ്ട് പേരേക്കാൾ ഒരു പടി മുന്നിലെ നിൽക്കൂ ജൂതന്മാർ.)

അതിൽ ചൈനയിൽ മതവിരോധികൾ ആയ ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടി എന്ന ഏകാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം കാര്യമായ കൊയ്ത്ത് അവിടുന്ന് പ്രതീക്ഷിക്കാൻ പറ്റില്ല. പിന്നെ ബാക്കിയുള്ള ഒരേയൊരു കൂറ്റൻ മാർക്കറ്റ് ഇന്ത്യയാണ്. അതിനെ കീഴടക്കാനുള്ള Clash Of Civilizations ആണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിന് വേണ്ടിയുള്ള global സംവിധാനങ്ങളെ ഒന്നിച്ച് സൂചിപ്പിക്കുന്നതാണ് Breaking India forces എന്നത്.ഈ Breaking India എന്ന പദ്ധതിയിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ലിംഗായത്ത്, ഈഴവ, രജപുത്ര, കർണിസേന  എന്നിങ്ങനെ തുണ്ടം തുണ്ടമാക്കി ഹിന്ദുമതത്തെ ഇല്ലായ്മ ചെയ്യുക എന്നത്.

ഇതിനൊപ്പം നടക്കുന്ന മറ്റൊരു ഘട്ടമാണ് ദ്രാവിഡ സൗത്ത്, ആര്യൻ നോർത്ത്, ദ്രാവിഡസ്ഥാൻ, ഖാലിസ്ഥാൻ, മാപ്പിളസ്ഥാൻ, ക്രിസ്ത്യൻ നോർത്ത്-ഈസ്റ്റ് എന്നിങ്ങനെ രാജ്യത്തെ geographically തുണ്ടം തുണ്ടം തുണ്ടമാക്കുക എന്നത്.

ഓർക്കുന്നില്ലേ JNUൽ മുഴങ്ങിയ ആ മുദ്രാവാഖ്യം: “ഭാരത് തെരെ ട്യൂകടെ ഹോംഗേ ഇൻശാ അള്ളാ ഇൻശാ അള്ളാ, കാശ്മീർ മാംഗേ ആസാദി കേരൾ മാംഗേ ആസാദി…”. ആ മുദ്രാവാക്യം ആണ് ഫലപ്രാപ്തിയിലേക്കടുക്കുന്നത്.

ചുരുക്കി പറഞ്ഞാൽ ബിജെപി അവരുടെ അസ്തിത്വം പൊടിതട്ടിയെടുത്ത്, ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിൽ രാജ്യത്ത് വിതക്കപ്പെട്ടിട്ടുള്ള വിഭജനത്തിന്റെ വിത്തുകൾ നിർവീര്യമാക്കുക എന്ന തങ്ങളിൽ അർപ്പിതമായ കർത്തവ്യം നിർവഹിച്ചില്ലെങ്കിൽ, ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ, പരസ്പരം വെട്ടിക്കീറാൻ നിൽക്കുന്ന അനേകം ജാതി ഗ്രൂപ്പുകളുടെ ഒരു നാടായി മാറും 2019 ന് ശേഷമുള്ള രാജ്യം.

ഇപ്രാവശ്യം ഒരു പക്ഷെ അമിത് ഷായുടെയും മോദിയുടെയും പുകഴ്‌പെറ്റ തിരഞ്ഞെടുപ്പ് തന്ത്രജ്ഞതയിൽ കർണാടകയിൽ അവർക്ക് സിദ്ദരാമയ്യയുടെ ഈ ‘ട്രാപ്പിനെ’ മറികടന്ന് വിജയിക്കാൻ പറ്റുമായിരുക്കും. പക്ഷെ ഇപ്പോൾ കർണാടകയിൽ തലപൊക്കിയിരിക്കുന്ന മുകളിൽ സൂചിപ്പിച്ച ഈ വൈറസ് നാളെ ഇന്ത്യ മുഴുവൻ വ്യാപിക്കാൻ തക്ക scalability ഉള്ളതാണെന്ന് ബിജെപി മറക്കരുത്. ആരുടെയും കയ്യിൽ നിന്നു എന്ന് വരില്ല. ഹിന്ദുവില്ലാത്ത ഇന്ത്യയിൽ പിന്നെ രാമക്ഷേത്രം എന്ന ക്യാരറ്റിന് വലിയ വിപണി മൂല്യം ഉണ്ടാവില്ല എന്ന് ബിജെപി എത്രയും പെട്ടെന്ന് മനസിലാക്കിയാൽ അത്രയും നല്ലത്, അവർക്കും രാജ്യത്തിനും.

LEAVE A REPLY

Please enter your comment!
Please enter your name here